Sorry, you need to enable JavaScript to visit this website.

ഇന്ധന ചാർജിന് ആശ്വാസം പകർന്ന് ക്രെഡിറ്റ് കാർഡുകൾ

എണ്ണക്കമ്പനികളുമായി സഹകരിച്ച് വിവിധ ബാങ്കുകൾ ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ഇത് ഇടപാടുകാർക്ക് ഇന്ധനച്ചെലവിൽ ആശ്വാസം പകരും. നിരക്കിൽ ഇളവും മറ്റു ചില ആനുകൂല്യങ്ങളും ഇത്തരം കാർഡുടമകൾക്കു ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്കുകളാണ് ഫ്യുവൽ ക്രെഡിറ്റ് കാർഡ് സേവനം ലഭ്യമാക്കിയിട്ടുള്ളത്. 
എസ്.ബി.ഐ ബി.പി.സി.എല്ലുമായി ചേർന്ന് രണ്ട് ക്രെഡിറ്റ് കാർഡുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ബി.പി.സി.എൽ പമ്പുകളിൽ 4000 രൂപ വരെയുള്ള ഇടപാടുകൾക്ക് 3.25 ശതമാനം റിവാർഡ് പോയന്റും ഇന്ധന സർചാർജിൽ ഒരു ശതമാനം ഇളവും ലഭിക്കും. ഗ്രോസറികൾക്കായി ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും 5 റിവാർഡ് പോയന്റുകളും കിട്ടും. 499 രൂപയാണ് കാർഡിന്റെ വാർഷിക ഫീസ്.


എസ്.ബി.ഐ ഒക്ടെയിൻ ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 7.25 ശതമാനം വാല്യൂബാക്ക് ബി.പി.സി.എൽ പമ്പുകളിൽനിന്നു ലഭിക്കും. നാലായിരം രൂപക്കു വരെയുള്ള ഇടപാടുകൾക്ക് 6.25 ശതമാനം റിവാർഡ് പോയന്റായും ഒരു ശതമാനം ഇന്ധന സർചാർജിൽ കിഴിവായും ലഭിക്കും. ബി.പി.സി.എൽ ഫ്യുവൽ, ലൂബ്രിക്കന്റ്, ഭാരത് ഗ്യാസ് എന്നിവിടങ്ങളിൽ ചെലവഴിക്കുന്ന ഓരോ 100 രൂപക്കും 25 റിവാർഡ് പോയന്റുകളുമുണ്ടാകും. ഡൈനിംഗ്, ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറുകൾ, ഗ്രോസറി, സിനിമാ ടിക്കറ്റ് എന്നിവക്ക് 10 റിവാർഡ് പോയന്റും നൽകും. 1,499 രൂപയാണ് വാർഷിക നിരക്ക്.


എച്ച്.ഡി.എഫ്.സിയുടെ ഭാരത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇന്ധന ചെലവിൽ പ്രതിമാസം 5 ശതമാനത്തിന്റെ ഇളവ് ലഭിക്കും. ഒരു ശതമാനം ഇന്ധന സർചാർജിലും കുറവുണ്ടാകും. ഐ.ആർ.ടി.സി ടിക്കറ്റ് ബുക്കിംഗിനും ഗ്രോസറി ഷോപ്പിംഗിലും 5 ശതമാനം കാഷ് ബാക്കുണ്ട്. 500 രൂപയാണ് വാർഷിക നിരക്ക്.
ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ 100 രൂപക്കും ഇന്ധനം നിറയ്ക്കുമ്പോൾ സർചാർജിൽ ഒരു ശതമാനം കുറവും 20 റിവാർഡ് പോയന്റുമാണ് ഐസിസി ബാങ്ക് വാഗ്ദാനം. ഷോപ്പിംഗ് സമയത്ത് 100 രൂപക്ക് 5 പോയന്റ് വീതം റിവാർഡുമുണ്ട്. 500 രൂപയാണ് കാർഡിന്റെ വാർഷിക ഫീസ്. പ്രതിവർഷം 50,000 രൂപക്ക് മുകളിൽ ചെലവഴിക്കുന്നവരാണെങ്കിൽ വാർഷിക ഫീസ് നൽകേണ്ടതില്ല. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഇടപാടുകാർക്ക് ആശ്വാസമാണ്. 

Latest News