Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ യു ടേണും വീഗാലാന്റിലെ ഹലാലും 

ടെലിവിഷൻ ചാനലുകളിലെ ചർച്ചകളെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ടിവി ചർച്ചകൾ മറ്റാരെക്കാളും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ പ്രസ്താവനകളെ സന്ദർഭങ്ങളിൽനിന്ന് അടർത്തിയെടുത്താണ് അവർ ഉപയോഗിക്കുന്നത്. ഓരോരുത്തർക്കും അവരുടേതായ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൽഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ. ദൽഹിയിലെ വായു മലിനീകരണത്തിന് കർഷകർ വൈക്കോൽവിളകളുടെ അവശിഷ്ടം കത്തിക്കുന്നത് എത്രത്തോളം കാരണമാകുന്നു എന്നതു സംബന്ധിച്ച വിവാദ പ്രസ്താവനകളെയും ചർച്ചകളെയും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തുന്നതെന്നും സുപ്രീം കോടതി വിമർശിച്ചു. കർഷകർ വൈക്കോൽവിളകളുടെ അവശിഷ്ടം കത്തിക്കുന്നത് ദൽഹിയിലെ വായു മലിനീകരണത്തിന് പ്രധാന കാരണമല്ലെന്ന കാര്യം കോടതിയിൽ പറഞ്ഞിട്ടും ഒരു വിഭാഗം മാധ്യമങ്ങളിൽനിന്ന് മോശം വാക്കുകൾ കേൾക്കേണ്ടിവന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വൈക്കോൽ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പേരിൽ നിരുത്തരവാദപരവും മോശവുമായ പരാമർശങ്ങളാണ് തനിക്കെതിരെ ടിവി ചർച്ചകളിൽ കേട്ടതെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഏതായാലും ഈ നിരീക്ഷണം പുറത്തുവന്ന് രണ്ടു ദിനങ്ങൾക്കകം വിവാദ തീരുമാനത്തിൽ നിന്ന് മോഡി സർക്കാർ പുറകോട്ടു പോയി. ഇത് ഇന്ത്യയിലെ കർഷകരുടെ വിജയമാണെന്നതിൽ തർക്കമില്ല.  കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ മോഡി സർക്കാരിന്റെ  യു ടേൺ എന്നാണ് ബിബിസി വിശേഷിപ്പിച്ചത്. 
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ വിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. കേന്ദ്ര സർക്കാറിന്റെ നിലപാടിൽ സങ്കടമുണ്ടെന്നും നാണക്കേടായിപ്പോയെന്നുമായിരുന്നു ട്വിറ്ററിലൂടെയുള്ള കങ്കണയുടെ പ്രതികരണം. അസാധുവാക്കലിനെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് കങ്കണ എഴുതി, 'ദുഃഖം, ലജ്ജാകരമാണ്, തികച്ചും അന്യായം.
പാർലമെന്റിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല, തെരുവിലിറങ്ങുന്ന ആളുകൾ നിയമങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ ഇതൊരു ജിഹാദി രാഷ്ട്രമാവും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ' എന്നായിരുന്നു കങ്കണ റണാവത്ത് ട്വിറ്ററിൽ കുറിച്ചത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു കങ്കണ റണാവത്തിന്റെ രണ്ടാമത്തെ ട്വീറ്റ്. 'രാജ്യത്തിന്റെ മനസ്സാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോൾ, ലാത്തി മാത്രമാണ് പരിഹാരം, ഏകാധിപത്യം മാത്രമാണ് ഏറ്റവും നല്ല പരിഹാരം. ജന്മദിനാശംസകൾ പ്രധാനമന്ത്രി മാഡം,' എന്നും കങ്കണ കുറിച്ചു. ഒടുവിൽ കങ്കുവും കൈവിടുകയാണോ? 

***          ***              ***

 
മലയാളികളുടെ സാമൂഹിക മാധ്യമ ചർച്ച ഹലാൽ ഭക്ഷണം സംബന്ധിച്ചാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഇതിന് തുടക്കമിട്ടത്. കോവിഡ് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം സാവകാശം പൂർവ സ്ഥിതി പ്രാപിച്ചു വരുന്ന കേരളത്തിലെ ഹോട്ടൽ വ്യവസായത്തിന് പാര പണിതത് മാത്രം മെച്ചം. മീഡിയ വൺ ചാനലിന്റെ വസ്തുതാന്വേഷണ സംഘം ഇതു സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് നൽകിയിട്ടുണ്ട്. സുരേന്ദ്രൻ രണ്ടക്ക വോട്ടുകളുടെ വ്യത്യാസത്തിന് മഞ്ചേശ്വരത്ത് പരാജയപ്പെട്ട ഇതിന് മുമ്പത്തെ തെരഞ്ഞെടുപ്പു കാലത്ത് അദ്ദേഹം ഒരു ദർഗയിൽ തലപ്പാവുമണിഞ്ഞ് നിന്ന് പ്രാർഥിക്കുന്ന ചിത്രം മിക്കവരും കണ്ടിട്ടുണ്ടാവും. അതേ സ്ഥലത്ത് ഈ വർഷം ബിരിയാണി തയാറാക്കുന്ന ചിത്രമാണ് സുരേന്ദ്രൻ ഷെയർ ചെയ്തത്. ഇത് വിതരണത്തിന്  മുമ്പ് ഉസ്താദ് മന്ത്രിക്കുന്നതാണ് തുപ്പൽ ബിരിയാണി എന്ന പേരിൽ മനുഷ്യരെ തമ്മിലകറ്റാൻ മാത്രം ഷെയർ ചെയ്തത്. നോർത്ത് ഇന്ത്യയിൽ ഇത് ഗുണം ചെയ്‌തേക്കാം. ഉള്ള ഒരു എം.എൽ.എ സ്ഥാനവും പോയി നിൽക്കുമ്പോഴാണ് ഈ ജാതി അഭ്യാസം. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചിയ്ക്കടുത്ത വീഗാലാന്റിലെ ഭോജനശാലയിലാണ് മലയാള നാട്ടിൽ ആദ്യമായി ഹലാൽ ബോർഡ് കാണുന്നത്. ഇവിടെ ഹലാൽ ഭക്ഷണം മാത്രമേ സെർവ് ചെയ്യാറുള്ളുവെന്നായിരുന്നു ബോർഡ്. അമ്യൂസ്മെന്റ്  പാർക്കിന്റെ കാർ പാർക്കിംഗ് ഏരിയയിൽ കെഎൽ 10 രജിസ്‌ട്രേഷൻ വാഹനങ്ങൾ കൂടുതലായി കണ്ടപ്പോൾ സംഗതിയുടെ രഹസ്യം മനസ്സിലായി. ഹലാൽ വിദ്വേഷ കാമ്പയിൻ പൊടിപൊടിക്കുന്നതിനിടെയാണ് ശബരിമലയിലെ ഹലാൽ അരവണ പായസം വീണു കിട്ടിയത്. എന്തിന് ഹലാൽ ശർക്കര ഉപയോഗിക്കണം, മുഖ്യമന്ത്രി സമാധാനം പറയണമെന്നെല്ലാം ആവശ്യപ്പെട്ടു വരുമ്പോഴേക്ക് സംഗതിയുടെ ആന്റി ക്ലൈമാക്‌സ്. മഹാരാഷ്ട്രയിലെ ശിവസേന നേതാവാണ് ഹലാൽ ശർക്കര നിർമിക്കുന്നത്. ദൽഹിയിലെ ബി.ജെ.പി നേതാവ് ഗോമാംസം ഗൾഫിലേക്ക് കയറ്റി അയക്കുമ്പോൾ അടിക്കുന്നത് പോലൊരു ഹലാൽ മുദ്ര വെക്കുകയേ ആ സാധുവും ചെയ്തുള്ളു. അതിനാണ് ഈ കോലാഹലമത്രയും.

***          ***              ***

ആർട്ട്  ഓഫ് ലിവിംഗ് ഫൗണ്ടേഷൻ സ്ഥാപകൻ  ശ്രീ ശ്രീ രവിശങ്കറിനുനേരെ ട്രോളന്മാർ. രവിശങ്കർ ശിഷ്യന്മാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ഒരു വീഡിയോ സൈബറിടങ്ങളിൽ വൈറലാകുന്നുണ്ട്. ഈ വീഡിയോയിൽ ഒരു ശിഷ്യന്റെ ചോദ്യത്തിന് ഉത്തരമായി രവിശങ്കർ പറയുന്നത് പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് ആസ്‌ത്രേലിയ എന്നാണ്. ഇതോടെ ട്രോളന്മാർ രവിശങ്കറിനെ എയറിൽ കയറ്റി. രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പാണ്ഡവർ തങ്ങളുടെ ശക്തിയേറിയ അസ്ത്രങ്ങളായ ബ്രഹ്മാസ്ത്രവും പശുപതാസ്ത്രവുമൊക്കെ എവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത് എന്നതായിരുന്നു ശ്രീ ശ്രീ രവിശങ്കറിനോടുളള ഒരു ശിഷ്യന്റെ ചോദ്യം. രവിശങ്കർ പറഞ്ഞ മറുപടി ഇങ്ങനെയാണ്: ഓസ്‌ട്രേലിയ എന്നുളള രാജ്യത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ. എങ്ങനെയാണ് ആ രാജ്യത്തിന് ആ പേര് ലഭിച്ചത്? മഹാഭാരതത്തിൽ പറയുന്ന അസ്ത്രാലയം ആണ് ആസ്‌ട്രേലിയ ആയി മാറിയത്. ശക്തിയേറിയ എല്ലാ ആയുധങ്ങളും അവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഓസ്‌ട്രേലിയയുടെ മധ്യഭാഗത്ത് മരുഭൂമിയായിരിക്കുന്നത്. ശാസ്ത്രജ്ഞർ പറയുന്നത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവിടെ ഒരു ആണവ സ്‌ഫോടനം നടന്നിരിക്കാം എന്നാണ്. അവിടെ മരങ്ങളോ ജീവജാലങ്ങളോ ഇല്ല.
ശ്രീ ശ്രീ രവിശങ്കറിന്റെ വാക്കുകൾ വൈറലായതിന് പിന്നാലെ ഓരോ നാടിന്റെ പേരിന്റെ പിന്നാലെയാണ് ട്രോളന്മാർ. വാട്‌സ്ആപ്പിലടക്കം പ്രചരിക്കുന്ന രസകരമായ ഒരു കുറിപ്പ് ഇങ്ങനെ:  പാണ്ഡവരും രാമനും ഒക്കെ വനവാസത്തിന് പോയ നാട്, 'പോ ലാൻഡ്', അഥവാ പോളണ്ട്. അക്ഷയപാത്രം കിട്ടുന്നതിന് മുന്നേ പാണ്ഡവർ വിശന്നു വലഞ്ഞ നാട്, 'ഹൻഗ്രി', ഹങ്കറി. പാണ്ഡവർ വില്ലുണ്ടാക്കാൻ ഈറ്റ വെട്ടിയിരുന്ന കാട്, 'ഈറ്റലി'. അർജുനൻ സുഭദ്രയ്ക്ക് ലവ് ലെറ്റർ എഴുതാൻ മഷി വാങ്ങാൻ പോയ നാട്, 'ഇങ്ക് ലാൻഡ്', ഇംഗ്ലണ്ട്. യുധിഷ്ഠിരന്റെ പിതാജി യമരാജന്റെ വീട് യെമൻ. ഇരട്ട സഹോദരന്മാരായ നകുല സഹദേവന്മാരുടെ വീട്, 'ദോ ഭായ്', ദുബായ്. പാഞ്ചാലിയുടെ ഫ്രണ്ട് സൗദാമിനിയുടെ പറമ്പ്  സൗദി. പാണ്ഡവർ ഒരുപാട് കടുവകളെ പിടിച്ച നാട്, 'ഷേർ മെനി', ജർമനി. ഓസ്‌ട്രേലിയ നിറഞ്ഞപ്പോ ബാക്കി അസ്ത്രം വച്ചത്, ആസ്ത്രിയ, ഓസ്ട്രിയ. പകിട കളിയിൽ ശകുനി ചെക്ക് പറഞ്ഞ സ്ഥലം ചെക്ക് റിപ്പബ്ലിക്ക്. യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാർ സ്ലോ മോഷനിൽ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം സ്ലോവാക്കിയ. പാണ്ഡവരുടെ കാലത്തെ മിത്രങ്ങൾ ആദ്യമായി ബൂട്ട് കണ്ട നാട്  'ബൂട്ട് ആനനം', ഭൂട്ടാൻ. പാണ്ഡവരുടെ കാലത്ത് ഹാൻസും മുറുക്കാനും ഒക്കെ കിട്ടിയിരുന്നത് പാക്കിസ്ഥാനിൽ. ഭാവനാ സമ്പന്നർ ഏറെയും സോഷ്യൽ മീഡിയയിലാണ്. 

***          ***              ***


പാവം സിനിമ-സീരിയൽ നടികൾ. മീൻ പൊരിച്ചതിന്റെ കണക്ക് പറയാൻ ആളേറെ. സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ മോഷണത്തിൽ  നഷ്ടപ്പെട്ടത് 15 പവൻ സ്വർണം. ഭർത്താവിനോടൊപ്പം ബ്രിട്ടനിൽ കഴിഞ്ഞ സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. തിരികെ നാട്ടിയെത്തിയതിന് ശേഷമാണ് വീടിന്റെ പിൻവാതിൽ തല്ലിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.  നാട്ടിൽ വന്നിട്ട് നാളുകളായിട്ടും ശ്രീകലയും കുടുംബവും മോഷണം നടന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. പരാതി നൽകിയതിന് ശേഷം പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.  വ്യവസായികൾ പണം തട്ടിയെടുത്തെന്ന പരാതിയുമായി തെന്നിന്ത്യൻ താരം സ്‌നേഹ രംഗത്ത്. രണ്ടു വ്യവസായികൾക്കെതിരെയാണ് സ്‌നേഹ പരാതി നൽകിയിരിക്കുന്നത്.ഇവർ നടിയുടെ കയ്യിൽ നിന്നും 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചാണ് രണ്ട് വ്യവസായികൾക്കെതിരെ ചെന്നൈ കാനാരൂർ പോലീസ് സ്‌റ്റേഷനിൽ സ്‌നേഹ പരാതി നൽകിയിരിക്കുന്നത്. എക്‌സ്‌പോർട്ട് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്നുള്ള വാഗ്ദാനം നൽകി ഇവരെ കബളിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 

***          ***              ***

ഒരാഴ്ച മുമ്പ് കിലോഗ്രാം തക്കാളിയ്ക്ക് വില 25 രൂപ. ഇപ്പോൾ 75 രൂപ. എല്ലാറ്റിനും വില കൂടി. കേരളത്തിൽ ബസ്, വൈദ്യുതി നിരക്കും കൂടും. 
ഇതിനിടയ്ക്ക് റിപ്പോർട്ടർ ചാനൽ രണ്ടു ദിവസം മുമ്പ് സീരിയസായി ചർച്ച ചെയ്തത് കേരളം ലജ്ജിച്ചതും അനുപമയ്ക്ക് കുട്ടിയെ കിട്ടുന്നതുമാണ്. ജനം ടിവിയിൽ ശനിയാഴ്ച ഉച്ചയ്ക്ക്  സുരേഷ് ഗോപി എം.പിയുടെ പത്രസമ്മേളനം കണ്ടു. ജനങ്ങൾക്ക് ഒരുപകാരവുമില്ലാത്ത തികച്ചും ദ്രോഹമായി  മാറുന്ന സിൽവർ റെയിലിനെതിരെ പ്രതിപക്ഷ നേതാവിനും പാർട്ടി സംസ്ഥാന പ്രസിഡന്റിനുമൊപ്പം നിലയുറപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 


 

Latest News