Sorry, you need to enable JavaScript to visit this website.

ഒരേ ലക്ഷ്യം, രണ്ടു വഴി

ഉറച്ച വിശ്വാസം.... കഴിഞ്ഞ ജൂലൈയിൽ ലിയണൽ മെസ്സിയുടെ നേതൃത്വത്തിൽ കോപ അമേരിക്ക നേടിയ കളിക്കാരാണ് ടീമിന്റെ നട്ടെല്ല്. 
റഫീഞ്ഞ-റിച്ചാർലിസനു പകരം ബ്രസീൽ ടീമിൽ സ്ഥാനമുറപ്പിക്കുന്ന കളിക്കാരനാണ് വിംഗർ റഫീഞ്ഞ

നിരവധി കളിക്കാരെയാണ് ഓരോ പൊസിഷനിലേക്കും ബ്രസീൽ പരീക്ഷിച്ചത്. ലോകകപ്പിനായി ഒരു കൂട്ടം കളിക്കാരെ ഒരുക്കിയെടുക്കാനാണ് അർജന്റീനാ കോച്ച് ലിയണൽ സ്‌കാലോണി ശ്രമിച്ചത്. ബ്രസീലിന്റെ സമീപനമാണോ അർജന്റീനയുടെ സമീപനമാണോ അന്തിമമായി വിജയിക്കുക?

ലാറ്റിനമേരിക്കയിലെ യോഗ്യതാ റൗണ്ടിൽ നിന്ന് വമ്പന്മാരായ ബ്രസീലും അർജന്റീനയും ഇത്തവണ നേരത്തെ ലോകകപ്പിൽ സ്ഥാനം നേടി. അവസാന നിമിഷത്തെ ആശങ്കയും പിരിമുറുക്കവുമൊന്നും വേണ്ടിവന്നില്ല. രണ്ടു വഴികളിലൂടെയാണ് അവർ ലക്ഷ്യത്തിലെത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിരവധി കളിക്കാരെയാണ് ഓരോ പൊസിഷനിലേക്കും ബ്രസീൽ പരീക്ഷിച്ചത്. നെയ്മാറിന്റേതുൾപ്പെടെ സ്ഥാനങ്ങളിൽ പല കളിക്കാർ ഇറങ്ങി. തുടർന്നുള്ള കളികളിലും കോച്ച് ടിറ്റെ ഈ പരീക്ഷണം തുടരും. എന്നിട്ടും രണ്ടെണ്ണമൊഴികെ എല്ലാ മത്സരങ്ങളും ജയിച്ചുവെന്നതാണ് ബ്രസീലിന്റെ നേട്ടം. അർജന്റീനക്കും കൊളംബിയക്കുമെതിരായ കളിയിൽ ആധിപത്യം നേടിയെങ്കിലും സമനില സമ്മതിക്കേണ്ടി വന്നു. 
കളിക്കാരെ മാത്രമല്ല ബ്രസീൽ പരീക്ഷിച്ചത്. വ്യത്യസ്ത ശൈലികളിലും അവർ കളിച്ചു നോക്കി. കഴിഞ്ഞ ലോകകപ്പിൽ പലരും ഉന്നയിച്ച ആരോപണമാവാം ഇതിന്  കാരണം. അന്ന്  ഒരേ  ശൈലിയിൽ കളിച്ച ബ്രസീലിനെ ക്വാർട്ടർ ഫൈനലിൽ ബെൽജിയം മുട്ടുകുത്തിച്ചു. 


അതേസമയം ലോകകപ്പിനായി ഒരു കൂട്ടം കളിക്കാരെ ഒരുക്കിയെടുക്കാനാണ് അർജന്റീനാ കോച്ച് ലിയണൽ സ്‌കാലോണി ശ്രമിച്ചത്. കഴിഞ്ഞ ജൂലൈയിൽ ലിയണൽ മെസ്സിയുടെ നേതൃത്വത്തിൽ കോപ അമേരിക്ക നേടിയ കളിക്കാരാണ് ടീമിന്റെ നട്ടെല്ല്. മെസ്സിക്ക് പിന്തുണ നൽകാൻ റോഡ്രിഗൊ പോൾ, ലിയാൻദ്രൊ പരേദേസ്, ജിയോവാനി ലോസെൽസൊ തുടങ്ങിയ കളിക്കാർക്ക് സാധിക്കുമെന്നും ടീം ലോകകപ്പ് തിരിച്ചുപിടിക്കുമെന്നും സ്‌കാലോണി സ്വപ്‌നം കാണുന്നു. 
രണ്ട് സമീപനങ്ങളും വിജയിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. യോഗ്യതാ റൗണ്ട് പാതിവഴി പിന്നിട്ടപ്പോൾ തന്നെ ഇരു ടീമുകളും ഫൈനൽ റൗണ്ട് ഉറപ്പാക്കിയിരുന്നു. 


ടിറ്റെയുടെ ബ്രസീൽ കോപ അമേരിക്ക ഫൈനലിൽ റിയോഡി ജനീറോയിലെ  മാരക്കാനാ സ്‌റ്റേഡിയത്തിൽ  അർജന്റീനയോട് തോൽക്കുകയായിരുന്നു. ടീമിന്റെ ഘടനയിൽ മാറ്റം വരണമെന്ന് കോച്ച് ചിന്തിച്ചു തുടങ്ങിയത് അതോടെയാണ്. കോപ അമേരിക്ക വിജയം അർജന്റീന ഗംഭീരമായി ആഘോഷിച്ചു. എന്നാൽ ബ്രസീൽ പരമ്പരാഗതമായി കോപ അമേരിക്കയെ കാര്യമായി എടുക്കാറില്ല. ടീം ഫൈനലിൽ  തോറ്റത് അവർക്ക് വലിയ ദുരന്തമായും തോന്നിയില്ല. പക്ഷേ പല കളിക്കാരുടെയും ഭാവി അതോടെ ചോദ്യചിഹ്നമായി. പ്രത്യേകിച്ചും ലെഫ്റ്റ്ബാക്ക് റെനാൻ ലോദി, ഡിഫൻസിവ് മിഡ്ഫീൽഡർ ഡഗ്ലസ് ലൂയിസ്, സ്‌ട്രൈക്കർ എവർടൺ എന്നിവരുടെ. സെപ്റ്റംബർ മുതൽ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ഈ സ്ഥാനങ്ങളിലൊക്കെ പകരക്കാരെ ബ്രസീൽ കണ്ടെത്തി. റിസർവ് ബെഞ്ചിലേക്ക് മറ്റു നിരവധി പേരെയും. റിച്ചാർലിസനു പകരം വിംഗർ റഫീഞ്ഞയും തിയാഗൊ സിൽവക്കു പകരം ഡിഫന്റർ എഡർ മിലിറ്റാവോയും പ്രാധാന്യം നേടി. കസിമീരോക്ക്  പുറത്തിരിക്കേണ്ടി വന്നപ്പോഴൊക്കെ മിഡ്ഫീൽഡർ ഫാബിഞ്ഞൊ അവസരത്തിനൊത്തുയർന്നു. നെയ്മാറിന്റെ ചാരുത പ്രകടിപ്പിക്കാൻ പലപ്പോഴും വിനിസിയൂസ് ജൂനിയറിനും സാധിച്ചു. ആന്റണി, മാത്യൂസ് കുഞ്ഞ എന്നിവരെ അവസരം കിട്ടിയപ്പോഴൊക്കെ കോച്ച് ഉപയോഗിച്ചു. 


റിച്ചാർലിസൻ ബ്രസീൽ സ്വർണം നേടിയ ടോക്കിയൊ ഒളിംപിക്‌സിലെ ടോപ്‌സ്‌കോററായിരുന്നു. റോബർടൊ ഫിർമിനൊ അടുത്ത  കാലം വരെ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിരം സാന്നിധ്യവും. രണ്ടു പേരും മറ്റൊരവസരത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ. റിസർവ്  ബെഞ്ചിലേക്കു  പോയ ഗബ്രിയേൽ ജെസൂസും തിരിച്ചുവന്നിട്ടില്ല. 
2018 ൽ ലോകകപ്പിന് യോഗ്യത നേടുന്നതിനാണ് പ്രഥമ പരിഗണന കൊടുത്തതെന്ന് ടിറ്റെ പറയുന്നു. അതിനിടയിൽ വലിയ പരീക്ഷണങ്ങളൊന്നും സാധ്യമായില്ല. ഇത്തവണ ആദ്യ മത്സരങ്ങളെല്ലാം ജയിക്കാനായത് കൂടുതൽ സാധ്യതകൾ തേടാൻ സഹായിച്ചുവെന്നും കോച്ച് പറഞ്ഞു. അർജന്റീനക്കെതിരായ കളിയിൽ പോലും അദ്ദേഹം പരീക്ഷണത്തിൽ നിന്ന്  പിന്മാറിയില്ല. 


സ്‌കാലോണി ആദ്യമായാണ്  ലോകകപ്പിൽ പരിശീലകനായി പോവുക. കിരീടം നേടാനാവുമെന്ന വിശ്വാസം അർജന്റീനക്കാരിൽ സൃഷ്ടിക്കാൻ സാധിച്ചുവെന്നതാണ് സ്‌കാലോണിയുടെ നേട്ടം. ലിയണൽ മെസ്സിയുടെ സാന്നിധ്യം മാത്രമല്ല ഇതിനു കാരണം. ഡി പോളും പരേദേസും ലോസെൽസോയുമൊക്കെ ഗോളടിക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും മത്സരിക്കുന്നു. അർജന്റീന അവസാനം തോറ്റത് 2019 ലെ കോപ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോടാണ്. പിറ്റേ വർഷം മാരക്കാനായിൽ ബ്രസീലിനെ തോൽപിച്ച് അവർ കോപ വീണ്ടെടുത്തു.  28 വർഷത്തെ ഇടവേളക്കു ശേഷം. ലോകകപ്പ് യോഗ്യതാ റൗണ്ടിലും സുഗമമായിരുന്നു മുന്നേറ്റം. 
ചില കളിക്കാരെ സ്‌കാലോണി സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാറ് പോലുമില്ല. അത്  ടീമിന് സ്ഥിരത സമ്മാനിച്ചു. ബോക്‌സിൽ നിന്ന് ബോക്‌സിലേക്ക് കുതിക്കുന്ന കളിക്കാരനാണ് ഡി പോൾ. അവശ്യഘട്ടങ്ങളിൽ ആ വഴിയും സ്വീകരിക്കാൻ അത് ടീമിന് അവസരം നൽകുന്നു. യോഗ്യതാ റൗണ്ടിലെ ഓരോ കളിയിലും ലോസെൽസൊ ശരാശരി അഞ്ച് തുറന്ന അവസരങ്ങളെങ്കിലും സൃഷ്ടിക്കുന്നു. മെസ്സിക്കു പോലും നാലെണ്ണമേ സാധിക്കുന്നുള്ളൂ. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന മെസ്സിയുടെ റോൾ സ്‌ട്രൈക്കർ ലൗതാരൊ മാർടിനേസും പങ്കുവെക്കുന്നു. ലൗതാരൊ അഞ്ച് ഗോളടിക്കുകയും മൂന്ന് ഗോളിൽ പങ്കാളിയാവുകയും ചെയ്തു. 


പ്രതിരോധത്തിൽ ഏതാനും പുതിയ കളിക്കാരെ സ്‌കാലോണി കണ്ടെത്തി. ഈ വർഷമാദ്യം സ്‌കാലോണി ടീമിലേക്ക് വിളിപ്പിക്കുമ്പോൾ ഗോൾകീപ്പർ എമിലിയാനൊ മാർടിനേസിനെ അർജന്റീനയിൽ അധികമാർക്കും അറിയില്ലായിരുന്നു. പെനാൽട്ടി രക്ഷിക്കുകയും പ്രകോപനത്തിന്റെ പാത സ്വീകരിക്കുകയും ചെയ്യുന്ന എമിലിയാനൊ ഇപ്പോൾ അർജന്റീനക്ക്  ഹീറോയാണ്. അധികമറിയപ്പെടാതിരുന്ന ഡിഫന്റർ ക്രിസ്റ്റ്യൻ റോമിറോയും ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്. 
സ്‌കാലോണിയുടെ തത്വശാസ്ത്രം ടിറ്റെയിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. എതിർ ടീം ഏതായാലും അർജന്റീന ഒരേ രീതിയിൽ കളിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വെനിസ്വേലക്കെതിരെ ഒരു ശൈലിയും ബ്രസീലിനെതിരെ മറ്റൊരു ശൈലിയുമെന്നത് സ്‌കാലോണിയുടെ പുസ്തകത്തിലില്ല. 
ബ്രസീലിന്റെ സമീപനമാണോ അർജന്റീനയുടെ സമീപനമാണോ അന്തിമമായി വിജയിക്കുക. അതറിയാൻ ലോകകപ്പ് കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും. 

 


 

Latest News