Sorry, you need to enable JavaScript to visit this website.

വെള്ളിത്തിരയിലെ വില്യംസ്

ഡെമി സിംഗിൾടൺ, സെറീന വില്യംസ്, വിൽ സ്മിത്ത്, വീനസ് വില്യംസ്, സാനിയ സിഡ്‌നി, ജോൺ ബേൺതാൽ തുടങ്ങിയവർ 'കിംഗ് റിച്ചാഡി'ന്റെ പ്രീമിയർ കാണാനെത്തുന്നു.

വീനസ്, സെറീന സഹോദരിമാരുടെ പിതാവ് റിച്ചാഡ് വില്യംസിനെക്കുറിച്ച സിനിമ 'കിംഗ് റിച്ചാഡ്' ഈയാഴ്ച അമേരിക്കൻ തിയേറ്ററുകളിൽ  

ബിയോൺസിയുടെ കാതടപ്പിക്കുന്ന സംഗീതത്തോടെ അമേരിക്കൻ തിയേറ്ററുകളിലും മാക്‌സ് എച്ച്.ബി.ഒയിലും ഈയാഴ്ച പ്രദർശനത്തിനെത്തുകയാണ് 'കിംഗ് റിച്ചാഡ്'.  റിച്ചാർഡ് വില്യംസിന്റെ അസാധാരണ കഥ റെയ്‌നാൾഡൊ മാർക്കസ് ഗ്രീനാണ് വെള്ളിത്തിരയിലെത്തിക്കുന്നത്. വീനസിനെയും  സെറീനയെയുമറിയാത്തവർ ഇന്ന് അമേരിക്കയിലെങ്കിലും അപൂർവമായിരിക്കും. കറുത്ത വർഗക്കാരുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിന്റെ പ്രതീകങ്ങളാണ് അവർ. ലോസ്ആഞ്ചലസിലെ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് കായിക പ്രശസ്തിയിലേക്കുള്ള അവരുടെ പ്രയാണത്തിന് പിന്നിലെ അറിയപ്പെടാത്ത കഥ അനാവരണം ചെയ്യുകയാണ് 'കിംഗ് റിച്ചാഡ്'. റിച്ചാഡ് വില്യംസ് ഇപ്പോൾ അസുഖക്കിടക്കയിലാണ്. സെറീനയുടെയും വീനസിന്റെയും മൂന്ന് അർധ സഹോദരിമാരിലൊരാളായ ഈഷ പ്രൈസാണ് ആദ്യ കാല ഓർമകൾ പങ്കുവെച്ച് സംവിധായകനെ സഹായിച്ചത്. 


ഇരുവരും ജനിക്കും മുമ്പ് അവരുടെ ഭാവി കുറിച്ചുവെച്ച ദാർശനികനാണ് റിച്ചാഡ് വില്യംസ്. അവർക്ക് റാക്കറ്റെടുക്കാനുള്ള പ്രായമാവുമ്പോഴേക്കും ഭാവിയിലേക്കുള്ള വഴിയുടെ രൂപരേഖ അദ്ദേഹം തയാറാക്കിയിരുന്നു. വീനസും സെറീനയും ജനിക്കും മുമ്പെ അവർ എങ്ങനെ ടെന്നിസ് ലോകം കീഴടക്കുമെന്നതിനെക്കുറിച്ച 80 പേജോളമുള്ള കുറിപ്പ് റിച്ചാഡ് എഴുതിയിരുന്നു. സിനിമയിൽ റിച്ചാഡിന്റെ വേഷമിടുന്നത് വിൽ സ്മിത്താണ്. 
തൊണ്ണൂറുകളുടെ തുടക്കത്തിൽ ശോച്യാവസ്ഥയിലായ പബ്ലിക് കോർടുകളിലാണ് മക്കളെ റിച്ചാഡ് ടെന്നിസ് പഠിപ്പിക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിയപ്പെട്ട പന്തുകളാണ് അവർ ഉപയോഗിച്ചിരുന്നത്. തന്റെ മക്കൾ വലിയ ടെന്നിസ് കളിക്കാരാവും എന്ന് റിച്ചാഡ് ആവർത്തിക്കുമ്പോൾ പരിഹസിച്ചു ചിരിക്കുകയായിരുന്നു പരിസരവാസികൾ. 


കുട്ടികളെ  പരിശീലിപ്പിക്കാനായി റിച്ചാഡ് ആദ്യം ചുമതലപ്പെടുത്തിയ കോച്ചായിരുന്നു പോൾ കോഹൻ. സിനിമയിൽ പോൾ കോഹനാവുന്നത് ടോണി ഗോൾഡ്‌വിനാണ്. കോഹന്റെ പരിശീലന രീതികളെ നിരന്തരം ചോദ്യം ചെയ്യുമായിരുന്നു റിച്ചാഡ്. താൻ അത് നല്ല രീതിയിലാണ് സ്വീകരിച്ചിരുന്നതെന്നും ആത്മാർഥതയുടെ ലക്ഷണമാണ് അതെന്നും തന്നോട് കോഹൻ പറഞ്ഞതായി ടോണി ഗോൾഡ്‌വിൻ വെളിപ്പെടുത്തി. 
സിനിമ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്ന് വീനസ് പറഞ്ഞു. 'കുടുംബവുമൊത്തുള്ള കുട്ടിക്കാലവും അച്ഛനും മക്കളും തമ്മിലുള്ള നിമിഷങ്ങളും..ഓ..ഹ്'. 


കളിക്കാരായി സിനിമയിൽ വരുന്ന പലരും യഥാർഥ ടെന്നിസ് താരങ്ങൾ തന്നെയാണ്. സെറീനയായി ഡെമി സിംഗിൾടണും വീനസായി സാനിയ സിഡ്‌നിയും വേഷമിടുന്നു. വീനസിന്റെയും സെറീനയുടെയും കിടിലൻ സെർവുകളും പവർ ടെന്നിസും അനുകരിക്കാൻ ഇരുവർക്കും മാസങ്ങൾ നീണ്ട കഠിന പരിശീലനം വേണ്ടിവന്നു. തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് രണ്ടു പേരോടും സംസാരിച്ചതായി സാനിയ സിഡ്‌നി പറഞ്ഞു. പ്രധാനമായും ആ കാലത്തെ ചിന്തകളും സ്വപ്‌നങ്ങളും അവർ പങ്കുവെച്ചു, ടെന്നിസ് പ്രൊഫഷനൽ വഴിയായി സ്വീകരിച്ചപ്പോൾ കുടുംബവുമായുള്ള അടുപ്പം ഇഴ തെറ്റാതെ സൂക്ഷിച്ചതെങ്ങനെയെന്ന് പറഞ്ഞു തന്നു -സാനിയ വിശദീകരിച്ചു. ഓസ്‌കറിന് എല്ലാ സാധ്യതയുമുണ്ടെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 


റിച്ചാഡ് വിവാദ വ്യക്തിത്വമാണ്. അദ്ദേഹത്തെ അങ്ങനെ തന്നെ കൈകാര്യം ചെയ്യുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. അദ്ദേഹത്തിന്റെ നിരവധി ബിസിനസ് പ്ലാനുകൾ പരാജയപ്പെട്ടിരുന്നു. എന്നാൽ മക്കളെ ടെന്നിസ് സൂപ്പർ സ്റ്റാറുകളാക്കുക എന്ന പദ്ധതി എങ്ങനെയോ വിജയം കണ്ടു. തിരസ്‌കാരങ്ങളുടെ പതിനെട്ടാം പടി കടന്നാണ് അദ്ദേഹം വിജയത്തിലെത്തുന്നത്. അച്ഛന്റെ വഴികളിൽ പലപ്പോഴും എതിർപ്പുണ്ടെങ്കിലും സഹോദരിമാർ അദ്ദേഹത്തോട് എപ്പോഴും സ്‌നേഹം കാത്തുസൂക്ഷിക്കുന്നു.
സാക് ബെയ്‌ലിനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റിച്ചാഡിന്റെ ഭാര്യ ബ്രാൻഡിയായി വരുന്നത് ഓൻജന്യൂ എലിസാണ്. സ്‌പോർട്‌സിനൊപ്പം വില്യംസിന്റെ കുടുംബ കഥ കൂടി സന്തുലനം ചെയ്താണ് സിനിമ മുന്നോട്ടു പോവുന്നത്. 148 മിനിറ്റ് ദൈർഘ്യമുണ്ട് സിനിമക്ക്. 


 

Latest News