ന്യൂദല്‍ഹി- കേന്ദ്ര ബജറ്റില്‍ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയെന്ന പേരില്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍നിന്ന് പശ്ചിമ ബംഗാള്‍ പിന്മാറി. 10 കോടി പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമെന്ന് പറയപ്പെടുന്ന മോഡി കെയര്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്ന ആദ്യ സംസ്ഥാനമാണ് ബംഗാള്‍. സംസ്ഥാനം അധ്വാനിച്ച് നേടിയ വരുമാനം ഈ കേന്ദ്ര പദ്ധതിക്കുവേണ്ടി പാഴാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
കേന്ദ്രം അവതരിപ്പിച്ച പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ 40 ശതമാനം ചെലവ് വഹിക്കണം. സംസ്ഥാനത്തിന് സ്വന്തമായി മറ്റൊരു പദ്ധതി ഉണ്ടായിരിക്കെ ഈ കേന്ദ്ര പദ്ധതിക്ക് വേണ്ടി എന്തിനു ഫണ്ട് പാഴാക്കണം? വിഭവങ്ങള്‍ ഉണ്ടെങ്കില്‍ സംസ്ഥാനത്തിന് സ്വന്തമായി തന്നെ ഇതൊക്കെ ചെയ്യാം- മമത പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വാസ്ഥ്യ സാഥി പദ്ധതി പ്രകാരം 50 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ സൗജന്യ ആശുപത്രി ചികിത്സയും മരുന്നും നല്‍കുന്നുണ്ടെന്നും മമത വ്യക്തമാക്കി. സി.പി.എം സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച വായ്പാ ബാധ്യതയിലേക്ക് ഒരു വര്‍ഷം 48,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തുനിന്ന് കൊണ്ടുപോയതിനു പുറമെയാണ് ഇതൊക്കെ ചെയ്യുന്നതെന്നും മമത അവകാശപ്പെട്ടു.