കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍- കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച എഡ്വിനെ ചോദ്യം ചെയ്യലിനായി തൃശൂര്‍ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റതായാണ് ബന്ധുക്കള്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ എഡ്വിന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് എഡ്വിന്‍ ഡോക്ടര്‍ക്കും പോലീസിനും മൊഴി നല്‍കി.
ഇന്നലെ രാവിലെ അവശനിലയില്‍ മുറിയില്‍ കിടക്കുകയായിരുന്നു എഡ്വിന്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഡ്വിന്‍ ഐസിയൂവില്‍ ആയിരുന്നു. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമല്ല.സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ഒരുസംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കേസില്‍ 22 പ്രതികളും 216 സാക്ഷികളുമാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേസില്‍ ഏഴാം സാക്ഷിയാണ്. കേസില്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ സാക്ഷികളാണ്.
 

Latest News