Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

അന്നം നൽകിയ ജിദ്ദയിലെ കമ്പനിയുടെ ഹരിതാഭമായ ഓർമകളുമായി മുൻ പ്രവാസികൾ

അൽ ഹലീസ് മുൻ ജീവനക്കാരുടെ കുടുംബ സംഗമത്തിൽ കോ-ഓഡിനേറ്റർ നൗഷാദ് നെയ്യൻ സംസാരിക്കുന്നു.
കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

മലപ്പുറം ജില്ലയിലെ കാടപ്പടിയിൽ നൂറിലേറെ മലയാളികൾ ഒത്തുചേർന്നത്്് കാൺകെ സൗദിയിലെ പ്രമുഖ ബിസിനസുകാരനായ സമീർ യൂസഫ് അൽ ഹലീസിനത്് കൗതുകമായി. വേങ്ങരക്കടുത്ത് കാടപ്പടിയിലെ സോഫിയ ലോഞ്ചിൽ നടന്ന ആ കുടുംബ സംഗമം സമീർ യൂസഫിന്റെ കമ്പനിയോട് ഒരു പറ്റം മലയാളികൾ നടത്തിയ നന്ദിപ്രകടനമായിരുന്നു. അവരുടെ സന്തോഷത്തിൽ പങ്കെടുക്കാൻ അദ്ദേഹവും ഓൺലൈനിലൂടെ ആ കൂട്ടായ്മയിൽ പങ്കാളിയായി.


മണലാരണ്യത്തിൽ ജീവിതം കെട്ടിപ്പടുത്ത പ്രവാസികളിൽ ഏറെ പേരും പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കുമ്പോഴും അന്നത്തിന് വക നൽകിയ ഗൾഫ് നാടിനെ നന്ദിയോടെ സ്മരിക്കുന്നവരാണ്. മനസ്സിൽ താലോലിക്കുന്ന ഭൂതകാലാനുഭവമാണവർക്ക് ആ സ്മരണ. സൗദിയിലെ അൽ ഹലീസ് ഗ്രൂപ്പ് ട്രേഡിംഗ് കമ്പനിയിൽ പല തലമുറകളിലായി ജോലി ചെയ്ത് തിരിച്ചെത്തിയവർ ഒരു പടികൂടി കടന്ന് ആ സ്മരണയെ ഒരു സ്‌നേഹ സംഗമമാക്കി മാറ്റി. കാടപ്പടിയിൽ ഒത്തുചേർന്നത് വിവിധ തലമുറകളിലെ ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ്. വിദേശത്തെ ഒരു കമ്പനിയിൽ വിവിധ കാലങ്ങളിൽ ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തി അവർ വീണ്ടും ഒത്തുചേരുന്നത് അപൂർവമായ കാര്യമാണ്. വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് അവർ കോർത്തിണക്കപ്പെട്ടത്.
1980 കളുടെ തുടക്കം മുതൽ അൽ ഹലീസ് കമ്പനിയുടെ സൗദിയിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്തവർ സംഗമത്തിനെത്തിയിരുന്നു. 35 വർഷത്തിലേറെ ജോലി ചെയ്തവർ മുതൽ ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കേ അവധിയിൽ നാട്ടിലെത്തിയവർ വരെ സ്‌നേഹം പുതുക്കാൻ എത്തി. റിയാദ്, ജിദ്ദ കിലോ മൂന്നിലെ അൽ-ഹലീസ് ഹെഡ് ഓഫീസ്, ബാബ് മക്ക, ജനൂബിയ, മക്ക, മദീന തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തവരായിരുന്നു അവർ. ഓഫീസ് ബോയിയുടെ തസ്തികയിൽ കയറി ബ്രാഞ്ച് മാനേജർ പദവിയിൽ വരെ എത്തിയവർ.


മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിൽ നിന്നുള്ള 60 പേർ കുടുംബസമേതമാണ് എത്തിയത്. കൂടുതലും മലപ്പുറം ജില്ലയിൽ നിന്നുള്ളവരായിരുന്നു.
അൽ ഹലീസിൽ ജോലി ചെയ്തിരുന്ന വേങ്ങര പെരുവള്ളൂർ സ്വദേശി നെയ്യാൻ നൗഷാദിന്റെ മനസ്സിലാണ് മാസങ്ങൾക്ക് മുമ്പ് സംഗമത്തെ കുറിച്ച് ആശയമുദിച്ചത്. തുടർന്ന് നാട്ടിലുള്ളവരെ ഉൾപ്പെടുത്തി ആദ്യം വാട്‌സ്ആപപ്പ് കൂട്ടായ്്മയുണ്ടാക്കി. തുടർന്ന് വിവിധ ജില്ലകളിലുള്ളവരെ കണ്ടെത്തി കൂട്ടായ്മ വിപുലപ്പെടുത്തി. മാസങ്ങൾക്ക് ശേഷമാണ് ആദ്യത്തെ സംഗമം കഴിഞ്ഞയാഴ്ച സംഘടിപ്പിച്ചത്. സംഘാടകരുടെ ക്ഷണം സ്വീകരിച്ച് അൽ-ഹലീസ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടർ സമീർ യൂസഫ് അൽ ഹലീസ് ഓൺലൈനിലൂടെ പങ്കെടുത്ത് തന്റെ സന്തോഷവും ആംശസകളും പങ്കുവെച്ചു. മുതിർന്ന പ്രവാസികൾ പ്രവാസ കാല അനുഭവങ്ങൾ ഓർത്തെടുത്തു. മുഹമ്മദ് എന്ന ബിച്ചാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എം. ഷരീഫ് പെരുവള്ളൂർ, മുഹമ്മദലി എന്ന കുഞ്ഞാൻ തുടങ്ങിയവർ സംസാരിച്ചു.


മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ, കരോക്കെ ഗാനമേള, അറബ് വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണം എന്നിവയൊക്കെയായി മണിക്കൂറുകൾ ചെലവിട്ടാണ് അപൂർവമായ ആ സംഗമം സമാപിച്ചത്. അൽ-ഹലീസിലെ ഓർമകളുമായി വീണ്ടും കാണാമെന്ന പ്രതീക്ഷകളോടെയാണ് അവർ മടങ്ങിയത്.

 

Latest News