Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

ഓർമകൾ തിരികെയെത്തുമ്പോൾ

നിരന്തരം വേട്ടയാടപ്പെടുന്ന ഓർമകളുടെ തടവറയിൽ ജീവിതകാലം മുഴുവനും അസ്വസ്ഥമായി ചെലവഴിക്കുന്ന ചിലരുണ്ട്. എന്തൊക്കെ പുതിയ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും സ്വയം മാറാനും നവീകരിക്കാനുമുള്ള അവസരങ്ങൾ എത്ര തന്നെ മുന്നിൽ തുറന്നു കിട്ടിയാലും അവരുടെ വർത്തമാന ജീവിതം ഭൂതകാലത്തിലെ ചില ഇഷ്ട സംഭവങ്ങളുമായോ അനിഷ്ട സംഭവങ്ങളുമായോ കൂട്ടിപ്പിണഞ്ഞ് കിടക്കും. പ്രസിദ്ധ നാടക കൃത്തായ സാമുവൽ ബക്കറ്റ് താൻ കൂട്ടിലിട്ടു വളർത്തിയ  മുള്ളൻ പന്നി ചത്തു പോയതിന്റെ അസ്വസ്ഥമായ ഓർമ നിരന്തരം പേറിയിരുന്നതായി അദ്ദേഹത്തിന്റെ ജീവിതം വായിച്ചവർക്കറിയാം. ഇഷ്ടപ്പെട്ടവരുടെ വിയോഗവും പ്രിയപ്പെട്ടരുമായുള്ള അപ്രതീക്ഷിത അകൽച്ചയും കച്ചവടത്തിലെ ഭീമമായ നഷ്ടവും ദുരിത പൂരിതമായ അപകടങ്ങളും തുടർന്നുള്ള കെടുതികളും ഇങ്ങനെ  ചിലരെ വിടാതെ പിന്തുടരുന്നു.


നമുക്കെങ്ങാനും ഓർമകളിലേക്ക് പിൻ നടത്തം നടക്കാൻ കഴിഞ്ഞെങ്കിൽ നാം കാണുന്ന കാഴ്ചകൾ എന്തൊക്കെയായിരിക്കും. കേൾക്കുന്ന ശബ്ദങ്ങൾ, ഉപയോഗിച്ച വാക്കുകൾ, തൊടുത്തു വിട്ട നോക്കുകൾ,  ചെന്നെത്തിയ  സ്ഥലങ്ങൾ, കണ്ടുമുട്ടിയ  മുഖങ്ങൾ,  വീണ്ടും ചേർത്തു കെട്ടപ്പെടുന്ന ബന്ധങ്ങൾ, തിരികെ രൂപപ്പെടുന്ന തകർന്ന കെട്ടിടങ്ങൾ സൗഹൃദങ്ങൾ, ഭാവങ്ങൾ എത്രമാത്രം വിസ്മയിപ്പിക്കുന്നതായിരിക്കും.
നാം മണ്ണിൽ അടക്കം ചെയ്ത  മരിച്ചു പിരിഞ്ഞു പോയവരൊക്കെ തിരികെ എഴുന്നേറ്റ് വന്ന് ജീവിതത്തിലേക്കവർ നടത്തുന്ന പിൻനടത്തം കൂടി ഒന്ന് സങ്കൽപിച്ചു നോക്കൂ. അവർ നമ്മോടൊപ്പം അനുഭവിച്ച യാതനകളും വേദനകളും സുഖദുഃഖങ്ങളും എല്ലാം നാം വീണ്ടും നേരിൽ കാണുന്ന അനുഭവം  എത്ര വിചിത്രമായിരിക്കും. നമ്മുടെ ഓർമകൾ  തിരികെ യാതാർത്ഥ്യങ്ങളായി വീണ്ടും സംഭവിക്കുന്നത്  പ്രമേയമാക്കി ഇൻസപ്ഷൻ എന്ന ഒരു  ഫിലിം കണ്ടതോർമ വരുന്നു.  വിഖ്യാതമായ ടൈറ്റാനിക് എന്ന പടത്തിലെ നായകനായ ലിയാനാർഡോ ദികാപ്രിയോ ആണതിലെ മുഖ്യ വേഷം ചെയ്തത്. ഒരു അത്യപൂർവ മോഷ്ടാവാണദ്ദേഹം. അദ്ദേഹം മോഷ്ടിക്കുന്നതാവട്ടെ മറ്റുള്ളവരുടെ സ്വപ്നങ്ങൾ. ഉപബോധ മനസ്സിൽ അടുക്കിവെച്ചിരിക്കുന്ന ഓർമകളുടെ  കലവറയിൽ നിന്നാണ് അദ്ദേഹം രഹസ്യങ്ങൾ ചോർത്തുന്നത്. അസംഭവ്യമെന്ന് തോന്നുന്ന ഈ പ്രമേയം ചിരിച്ചു തള്ളിക്കളയാനാവില്ല. സോഷ്യൽ മീഡിയയുടെ കാലത്ത് വർഷങ്ങൾക്ക് മുമ്പത്തെ  നമ്മുടെ ഓർമകളെ, അന്ന് നാം പോസ്റ്റ് ചെയ്ത കുറിപ്പുകളായും ചിത്രങ്ങളായും വീഡിയോകളായും സെൽഫികളായും ഇടക്കിടെ കുത്തിപ്പൊക്കി നമ്മെ ആനന്ദിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്ന സംവിധാനം ഇന്ന് നിലവിലുണ്ട്. ചിലതൊക്കെ വീണ്ടും കാണുമ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് നമുക്ക് തോന്നിയേക്കാം. കോടിക്കണക്കിന് മനുഷ്യരുടെ ഓർമകളും രഹസ്യങ്ങളും  രേഖപ്പെട്ടു കിടക്കുന്നതിന്റെ സർവ ഭാരവും  വഹിക്കുന്ന ഇന്റർനെറ്റ് സംവിധാനത്തിലെ സർവറുകൾക്ക് ഒരു പക്ഷേ നമ്മേക്കാൾ, നമ്മുടെ  ഉറവരേക്കാൾ നമ്മെ കുറിച്ചറിയാം.


ഫേസ്ബുക്ക്, വാട്ട്‌സാപ്, യൂട്യൂബ് തുടങ്ങിയവയുടെ മായാതെ കിടക്കുന്ന സർവർ ഹിസ്റ്ററിയിലൂടെ   മാത്രം ഒരു പിൻനടത്തം നടന്നാൽ നമുക്കിത് ബോധ്യമാവും.
നാം നിരന്തരം ഉപയോഗിക്കുന്ന വാക്കുകൾ, നാം ഇടപെടുന്ന വ്യക്തികൾ, നമ്മുടെ സവിശേഷ താൽപര്യങ്ങൾ തുടങ്ങി  ഡിജിറ്റൽ ലഭ്യതയുടെ കാലത്തെ  നമ്മുടെ സർവതല സംബന്ധിയായ  ഭൂതകാലം സുവ്യക്തമായി ഇതൾ വിടർത്തുന്നത്  അവിടെ നേരിൽ കാണാം. മയങ്ങുന്ന അവസ്ഥയിൽ ഒരാളുടെ ഉപബോധ മനസ്സിൽ മാറ്റം വരുത്താനുള്ള ഹിപ്‌നോസിസ് രീതി വിദഗ്ധമായി ഉപയോഗപ്പെടുത്തുന്ന ഒരു സംവിധാനമായി സോഷ്യൽ മീഡിയ മാറുന്നുണ്ട്. ജനമനസ്സുകളെ അനായസേന സ്വാധീനിക്കാവുന്ന ഈ  മാർക്കറ്റിംഗ് തന്ത്രങ്ങൾ അവർ ഭംഗിയായി കൗശലപൂർവം പ്രയോഗിക്കുന്നുണ്ട്. എളുപ്പത്തിൽ നാമറിയാതെ ആ മയക്കുവിദ്യയിൽ ബഹുഭൂരിപക്ഷവും  അടിപ്പെടാറുമുണ്ട്.

 

ജനഹിതത്തെ സ്വാധീനിക്കാനും അജണ്ടകൾ നിർണയിക്കാനും സോഷ്യൽ മീഡിയയുടെ ഈ  സ്വാധീന ശേഷിയെ  അധികാര കേന്ദ്രങ്ങൾ  നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. രഹസ്യവും പരസ്യവുമായി നാം ചെയ്തുകൂട്ടിയ നന്മകളും തിന്മകളും രേഖപ്പെട്ടു കിടക്കുന്ന ഗ്രന്ഥം അന്ത്യനാളിൽ  നമ്മുടെ കൈകളിലെത്തും എന്ന വേദവാക്യ പൊരുളിനെ അവിശ്വസിക്കുന്നവരുടെയും പരലോക ജീവിതത്തെ പരിഹസിച്ച് തള്ളിക്കളയുന്നവരുടെയും കണ്ണ് തുറപ്പിക്കാനുതകുന്ന തരത്തിലാണ്  ആധുനിക സാങ്കേതിക വിദ്യകളുടെ  വികാസം. അധിക ഓർമകളും നമ്മുടെ ജീവിതത്തെ പുനഃപരിശോധിക്കാനും പശ്ചാത്താപത്തിന്റെ സോഫ്റ്റ്‌വെയറിലൂടെ എഡിറ്റ് ചെയ്യാനും നമുക്ക് അവസരം നൽകുന്നുണ്ട് എന്ന കാര്യം നിസ്സാരമല്ല എന്നോർക്കുന്നത് നന്നാവും.