Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

അരങ്ങിലും അണിയറയിലും മിന്നും താരം

അരുൺ പിളള പ്രവീൺ

സ്‌നേഹോഷ്മളമായ പെരുമാറ്റത്തിലൂടെ ആരെയും കൈയിലെടുക്കാൻ കഴിയുന്ന അരുൺ സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും കൂട്ടായ്മയുടേതോ കമ്പനിയുടേതോ ആയ പരിപാടി അവതരിപ്പിക്കാൻ ഒരിക്കൽ അവസരം ലഭിച്ചാൽ മിക്ക കേസുകളിലും അവരുടെ ഭാവി പരിപാടികളുടെ അവതാരകനായി അരുൺ മാറുകയാണ് പതിവ്. ചെറുതും വലുതുമായ ആയിരത്തിലധികം പരിപാടികളുടെ അവതാരകനായി മാറാൻ അവസരം നൽകിയതും വിശാലമായ സ്‌നേഹ സൗഹൃദങ്ങളാവാം.

 

 

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഖത്തറിലെ അരങ്ങിലും അണിയറയിലും മിന്നും താരമായി തിളങ്ങുന്ന കലാകാരനാണ് അരുൺ പിളള പ്രവീൺ. കൊല്ലം ജില്ലയിൽ നീണ്ടകരയിൽ ശശിധരൻ പിള്ളയുടെയും തങ്കച്ചിയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ അരുണിനെ ഖത്തറിലെ ജനപ്രിയനായ അവതാരകനായാണ് പലർക്കും പരിചയമുണ്ടാകുക. എന്നാൽ സിനിമയിലും നാടകത്തിലും മിമിക്രി, മോണോ ആക്ട് മേഖലകളിലുമൊക്കെ കഴിവ് തെളിയിച്ച കലാകാരനാണ് അരുൺ.

സ്്‌നേഹോഷ്മളമായ പെരുമാറ്റത്തിലൂടെ ആരെയും കൈയിലെടുക്കാൻ കഴിയുന്ന അരുൺ സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും കൂട്ടായ്മയുടേതോ കമ്പനിയുടേതോ ആയ പരിപാടി അവതരിപ്പിക്കാൻ ഒരിക്കൽ അവസരം ലഭിച്ചാൽ മിക്ക കേസുകളിലും അവരുടെ ഭാവി പരിപാടികളുടെ സ്ഥിരം അവതാരകനായി അരുൺ മാറുകയാണ് പതിവ്. ചെറുതും വലുതുമായ ആയിരത്തിലധികം പരിപാടികളുടെ അവതാരകനായി മാറാൻ അവസരം നൽകിയതും വിശാലമായ സ്‌നേഹ സൗഹൃദങ്ങളാവാം. കലയുടെ സാമൂഹ്യ ധർമവും മാനവികതയും അടയാളപ്പെടുത്തിയാണ് അരുൺ തന്റെ കലാസപര്യകളെ ധന്യമാക്കുന്നത്.

ശക്തികുളങ്ങരയിലെ സെന്റ് ജോസഫ്‌സ് സ്്കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസായ അരുൺ ഇലക്ട്രോണിക്‌സിൽ ഡിപ്‌ളോമയെടുത്തെങ്കിലും പ്രവാസിയാകാനായിരുന്നു നിയോഗം. അച്ഛൻ ദീർഘകാലം റാസൽ ഖൈമയിൽ പ്രവാസിയായിരുന്നു.

 

2006 ൽ ഖത്തറിന്റെ കായിക രംഗത്തെ കുതിച്ചുചാട്ടത്തിന്റെ മുന്നോടിയായി കർവ കമ്പനിയിൽ ടാക്‌സി െ്രെഡവറായാണ് അരുൺ ദോഹയിലെത്തിയത്. പതിനഞ്ചാമത് ഏഷ്യൻ ഗെയിംസിൽ സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുവാൻ ഭാഗ്യം ലഭിച്ച അരുൺ ഏതാനും ദിവസങ്ങൾ മാത്രമേ ഡ്രൈവറായി ജോലി ചെയ്യേണ്ടി വന്നുളളൂ. താമസിയാതെ കർവയുടെ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റിൽ ഇൻസ്ട്രക്ടറായി പ്രൊമോഷൻ ലഭിച്ചു. കർവയിലെ സഹപ്രവർത്തകനായ അൻഷാദ് തൃശൂരാണ് അരുണിന്റെ കലാപരമായ കഴിവുകൾ തിരിച്ചറിഞ്ഞ് അവതാരകനാവാനുളള ആദ്യ അവസരം നൽകിയത്.

വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ ഏത് സ്‌റ്റേജും കൈകാര്യം ചെയ്യാനാകുന്നുവെന്നതാകും അരുണിന്റെ ഏറ്റവും വലിയ പ്രത്യേകത. കലാകാരന്മാരുമായും ഓഡിയൻസുമായും ലയിച്ച് ചേർന്ന് പരിപാടി ഹൃദ്യമാക്കുന്നതിൽ മിടുക്കനായതുകൊണ്ടു തന്നെയാണ് മിക്ക സംഘാടകരും അവരുടെ സ്ഥിരം അവതാരകനായി അരുണിനെ സ്വീകരിക്കുന്നത്. അവതരണ കല മനം നിറയെ ആസ്വദിച്ച് എല്ലാവരുടെയും സ്‌നേഹവും സൗഹാർദവും ആഘോഷമാക്കിയാണ് അരുൺ പിള്ള പ്രവീൺ എന്ന കലാകാരൻ തന്റെ പ്രവാസ ജീവിതം മനോഹരമാക്കുന്നത്

ചെറുപ്പത്തിൽ മോണോ ആക്ട്, മിമിക്രി എന്നിവയോടായിരുന്നു കമ്പം. സ്‌കൂൾ തലത്തിൽ പല സമ്മാനങ്ങളും നേടിയ അരുൺ ജില്ലാതല മൽസരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. അമ്മയും സഹോദരന്മാരുമൊക്കെ നൽകിയ പ്രോൽസാഹനവും പിന്തുണയുമാണ് അരുണിലെ കലാകാരനെ വളർത്തിയത്.

 

ഖത്തറിലെ എല്ലാ സംഘടനകളുമായും സംഘാടകരുമായുമുളള അടുത്ത സൗഹൃദമാണ് അരുണിന്റെ ഏറ്റവും വലിയ കരുത്ത്. മാനവ സ്‌നേഹത്തിന്റെ സുന്ദര നിമിഷങ്ങളെ താൽപര്യത്തോടെ താലോലിക്കുന്ന അരുൺ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതും ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്.

ചന്ദ്രകല ആർട്‌സിന്റെ സാരഥി ചന്ദ്രമോഹൻ പിളള ഒരു ജ്യേഷ്ഠ സഹോദരന്റെ സ്‌നേഹത്തോടും കരുതലോടുമാണ് തന്നെ പ്രോൽസാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതെന്ന് അരുൺ നന്ദിയോടെ ഓർക്കുന്നു. അദ്ദേഹം നിർമിച്ച ബ്രഹ്മാണ്ഡ ചിത്രമായ വീരത്തിൽ ഉണ്ണിക്കോനാരായി വേഷമിടാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. രസം, കനൽ എന്നീ ചിത്രങ്ങളിലും അരുൺ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ഒരു ഡസനിലധികം ഹ്രസ്വ ചിത്രങ്ങളിലും മോശമല്ലാത്ത വേഷങ്ങൾ ചെയ്ത അരുൺ ക്യൂ മലയാള നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ എന്നീ മേഖലകളിൽ സജീവമായ അദ്ദേഹം ഏഷ്യാനെറ്റ് റേഡിയോ, വോയ്‌സ് ഓഫ് കേരള എന്നിവയുമായും സഹകരിച്ച് പ്രവർത്തിക്കാൻ സമയം കണ്ടെത്തിയിരുന്നു.

രസ്‌നിയാണ് പ്രിയതമ. പത്താം ക്‌ളാസ് വിദ്യാർഥിനിയായ അരുണിമ മകളാണ്. സംഗീത തൽപരയായ മകൾ സ്‌കൂൾ പഠനത്തോടൊപ്പം വയലിൻ പഠിക്കുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയും ദൈവാനുഗ്രഹവും വിശാലമായ സൗഹൃദവുമാണ് തന്റെ കലാപ്രവർത്തനങ്ങളുടെ ചാലക ശക്തിയെന്നാണ് അരുൺ കരുതുന്നത്.

Latest News