Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധിയിൽ മാറുന്ന ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ മാറ്റങ്ങളുടെ സൂചനയായി ദുബായിലെ ഹൈടെക് എക്‌സ്‌പോ വേദിക്കു ചുറ്റും കറങ്ങുന്ന റോബോട്ടുകളെ കാണാം. നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) കേന്ദ്രീകൃതമായി ഗൾഫിൽ പുതിയ നഗരങ്ങൾ ഉയർന്നു വരികയാണ്. ഭാവിയിലെ നഗരമായും സാങ്കേതിക വ്യവസായ കേന്ദ്രമായും ഫൈവ് ജി ശേഷിയോടെ ആരംഭിച്ച ദുബായ് എക്‌സ്‌പോ നിലനിൽക്കുമെന്ന് എക്‌സ്‌പോയുടെ മേധാവി ഉദ്ഘാടനത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു. 
സന്ദർശകരെ സ്വാഗതം ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും ഉപയോഗിക്കാവുന്ന റോബോട്ടുകൾ പ്രദർശിപ്പിച്ച  700 കോടി  ഡോളറിന്റെ ഈ പദ്ധതി മാത്രമല്ല, എണ്ണയ്ക്ക് ശേഷമുള്ള ഭാവി ലക്ഷ്യമിട്ട് കോടിക്കണക്കിനു ഡോളറാണ് പുതിയ സാങ്കേതിക പദ്ധതികളിൽ ഗൾഫ് രാജ്യങ്ങൾ മുതൽമുടക്കുന്നത്.  


ചെങ്കടൽ തീരത്ത് ഉയർന്നുവരുന്ന സാങ്കേതിക കേന്ദ്രം കൂടിയായ നിയോം സിറ്റിയിൽ സൗദി അറേബ്യ നിക്ഷേപിക്കുന്നത് 5000 കോടി ഡോളറാണ്. ഇവിടെ പ്രതീക്ഷിക്കുന്ന പത്ത് ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് അൾട്രാ കണക്റ്റിവിറ്റിയും ആകാശക്കാറുകളുമാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.
പാരിസ്ഥിതിക ആഘാതങ്ങളും സന്ദർശകരുടെ ചലനങ്ങളും നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുന്ന പുതിയ വിനോദ സഞ്ചാര മേഖലയായ ചെങ്കടൽ പദ്ധതി ഉൾപ്പെടെ സൗദിയുടെ മറ്റ് വികസന സംരംഭങ്ങളുടെയും കേന്ദ്ര ബിന്ദുവായി മാറുകയാണ് നിർമിത ബുദ്ധി.


ഫോസിൽ ഇന്ധന വ്യവസായങ്ങളെ ആശ്രയിക്കുന്നതിൽനിന്ന് മാറി സാങ്കേതികതയിലും ടൂറിസത്തിലും മറ്റ് മേഖലകളിലും കൂടുതൽ സജീവമാകാനാള്ള തയാറെടുപ്പിലും കുതിച്ചുചാട്ടത്തിലുമാണ് ഗൾഫ് രാഷ്ട്രങ്ങൾ. മാറ്റത്തിന്റെ അനിവാര്യത മനസ്സിലാക്കി ദീർഘവീക്ഷണത്തോടെ തീരുമാനങ്ങളെടുക്കുന്ന നേതൃത്വമാണ് ഗൾഫിലെ പരിവർത്തനത്തിന്റെ ചാലക ശക്തികളെന്ന് കൺസൾട്ടൻസി സ്ഥാപനമായ പി.ഡബ്ല്യൂ.സി മിഡിൽ ഈസ്റ്റിലെ പങ്കാളി കാവേ വെസ്സാലി പറയുന്നു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാണുന്നതിന് തികച്ചും വിപരീതമായ കാഴ്ചയാണ് ഗൾഫിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.  
ബഹ്‌റൈൻ പ്രൈമറി സ്‌കൂളുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകൾ, ഓട്ടോമേറ്റഡ് ഡെലിവറി ഡ്രോണുകൾക്കായുള്ള യു.എ.ഇയുടെ പദ്ധതികൾ, 2030 ഓടെ ഗതാഗതത്തിന്റെ 25 ശതമാനവും ഓട്ടോമേറ്റഡ് ആകാനുള്ള ദുബായിയുടെ തയാറെടുപ്പ് എന്നിവ ഗൾഫിന്റെ സാങ്കേതിക മുന്നേറ്റങ്ങൾക്ക്  കൂടുതൽ തെളിവുകൾ നൽകുന്നു.


2030 ആകുമ്പോഴേക്കും  15.7 ട്രില്യൺ ഡോളറിന്റെ ആഗോള നിർമിത ബുദ്ധി (എ.ഐ) സമ്പദ്‌വ്യവസ്ഥയുടെ രണ്ട് ശതമാനം മാത്രമേ മിഡിൽ ഈസ്റ്റിൽ ലഭിക്കൂ എന്നാണ് നേരത്തേ  പ്രവചിക്കപ്പെട്ടിരുന്നത്. 
എന്നാൽ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ ആഗോള തലത്തിൽ ഇപ്പോൾ നിർമിത ബുദ്ധി മേഖലയിൽ കുതിച്ചുചാട്ടം നടത്തുകയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.


മിഡിൽ ഈസ്റ്റ് എ.ഐ വിപണിയുടെ വാർഷിക വളർച്ചാ നിരക്ക് ഏകദേശം 20 മുതൽ 34 ശതമാനം വരെയാണ്. യു.എ.ഇയും  സൗദി അറേബ്യയുമാണ് മുൻനിരയിലുള്ളത്.  2030 ഓടെ രണ്ട് രാജ്യങ്ങളുടെയും ജി.ഡി.പിയുടെ 10 ശതമാനത്തിലധികം നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽനിന്നായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. മുപ്പതും അമ്പതും വർഷം ദൈർഘ്യമുള്ള പദ്ധതികൾ ആരംഭിക്കാനും ഗൾഫ് രാഷ്ട്രങ്ങൾ ധൈര്യം കാണിക്കുന്നു. സർക്കാർ അല്ലെങ്കിൽ അർധ സർക്കാർ മേഖലയിലായതിനാൽ ഗൾഫ് രാജ്യങ്ങളിലെ മിക്ക എ.ഐ കമ്പനികളും ഉടൻ വരുമാനം നേടണമെന്ന സമ്മർദം നേരിടുന്നില്ല.  
എണ്ണയും വാതകവും പോലുള്ള ചില പ്രധാന വ്യവസായങ്ങൾക്ക് പുറത്ത് പ്രത്യേകിച്ച് ലാഭകരമല്ലാത്ത കമ്പനികളിൽ നിക്ഷേപം നടത്തിയ ചരിത്രവും  ഈ മേഖലക്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. സാംസ്‌കാരികമായി യാഥാസ്ഥിതികമെന്ന് വിലയിരുത്തപ്പെടുമ്പോഴും  ഗൾഫ് രാഷ്ട്രങ്ങളുടെ ഐ.ഐ തന്ത്രങ്ങൾ ലിബറലും ഊർജിതവുമാണ്. 


2017 ൽ യു.എ.ഇ ഉമർബിൻ സുൽത്താൻ അൽ ഉലാമയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രിയായി നിയമിക്കുകയും അതേ വർഷം തന്നെ  പദ്ധതികൾ ആരംഭിക്കുകയും ചെയ്തു. 2031 ഓടെ എ.ഐയിലെ മുൻനിര രാജ്യങ്ങളിലൊന്നായി മാറാനും പുതിയ സാമ്പത്തിക, ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും 335 ബില്യൺ ദിർഹം വരെ അധിക വളർച്ച നേടാനും ലക്ഷ്യമിടുന്നതായി യു.എ.ഇ വ്യക്തമാക്കുന്നു. പുതിയ സാങ്കേതിക വിദ്യകളിൽ പിന്നിലാകുന്നത് മറ്റെന്തിനേക്കാളും വലിയ അപകടമായി ഈ മേഖല തിരിച്ചറിഞ്ഞിരിക്കയാണെന്ന് ഡാറ്റംകോൺ സിഇഒ സീസർ ലോപ്പസ് പറയുന്നു. മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾക്ക്  റിസ്‌ക് എടുത്തുകൊണ്ടാണ് ബിസിനസ് വളർത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest News