Sorry, you need to enable JavaScript to visit this website.

സൈബർ ആക്രമണം;  വീണ്ടുമൊരു ഇസ്രായിൽ സ്ഥാപനം വിവാദത്തിൽ 

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രധാന വെബ് സൈറ്റുകൾക്കു നേരെ നടന്ന സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രായിലി സ്‌പൈവെയർ കമ്പനിയായ കാൻഡിരു വിറ്റഴിച്ച സാങ്കേതികവിദ്യ. സൈബർ സുരക്ഷാ സ്ഥാപനമായ ഇസെറ്റാണ് ഇക്കാര്യം തങ്ങളുടെ സൈബർ ആക്രമണത്തെ കുറിച്ചുള്ള വിശകലനത്തിൽ വ്യക്തമാക്കിയത്. 
കാൻഡിരുവിന്റെ ഒരു ഉപയോക്താവാണ് ആക്രമണങ്ങൾ നടത്തിയതെന്ന്  കരുതുന്നുവെന്ന് എസെറ്റ് ഇൻവെസ്റ്റിഗേറ്റർ മാത്യു ഫൗ വാർത്താ ഏജൻസിയോട് പറഞ്ഞു.
സൈബർ ആക്രമണം നടത്തിയതാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 


തെൽഅവീവ് ആസ്ഥാനമായ കാൻഡിരു അത്യാധുനിക സ്‌പൈവെയർ സർക്കാരുകൾക്ക് വിൽക്കുന്നുണ്ട്. ഈ മാസം ആദ്യം കാൻഡിരുവിനെ യു.എസ് സർക്കാർ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു.
വാട്ടറിംഗ് ഹോൾ  ആക്രമണങ്ങളാണ് നടത്തിയതെന്ന് എസെറ്റ് പറയുന്നു. ലക്ഷ്യമിടുന്ന ഉപയോക്താവ് സന്ദർശിക്കാൻ സാധ്യതയുള്ള  വെബ്‌സൈറ്റുകളിലേക്ക് ക്ഷുദ്ര കോഡ് ചേർക്കുന്നതാണ് ഈ ആക്രമണ രീതി.
വ്യക്തി സൈറ്റ് സന്ദർശിച്ചു കഴിഞ്ഞാൽ കോഡ് കംപ്യൂട്ടറിൽനിന്നുള്ള രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിക്കുന്നു. ചാരപ്പണി സാധ്യമായില്ലെങ്കിൽ മറ്റ് വഴികളിൽ ഉപദ്രവിക്കാൻ കഴിയുമെന്നും എസെറ്റ് പറയുന്നു.  
ജർമനിയിലെ ഒരു മെഡിക്കൽ ട്രേഡ് ഫെയറിനെ അനുകരിക്കുന്ന വെബ്‌സൈറ്റ് സൈബർ ആക്രമണത്തിനായി സൃഷ്ടിച്ചിരുന്നു. 2020 ജൂലൈക്കും ഈ വർഷം ഓഗസ്റ്റിനും ഇടയിലാണ് നുഴഞ്ഞുകയറ്റങ്ങൾ രേഖപ്പെടുത്തിയത്. 


രാഷ്ട്രീയക്കാരുടേയും ബിസിനസ് എക്‌സിക്യൂട്ടീവുകളുടേയും മാധ്യമ പ്രവർത്തകരുടേയും രഹസ്യങ്ങൾ ചോർത്താൻ  ഇന്ത്യാ ഗവൺമെന്റടക്കമുള്ള ഭരണകൂടങ്ങൾ പെഗാസസ് സാങ്കേതികവിദ്യ ഉപയോഗിച്ചതിനോടാണ് കാൻഡിരുവിനെ താരതമ്യം ചെയ്യുന്നത്.  പെഗാസസ് സാങ്കേതിക വിദ്യയുടെ പേരിൽ ഇസ്രായിൽ കമ്പനിയായ എൻ.എസ്.ഒയാണ് വിവാദത്തിലായിരുന്നത്. 
ഇസ്രായിൽ സ്ഥാപനത്തിൽനിന്ന് പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നു വെളിപ്പെടുത്താത്ത മോഡി സർക്കാരിനെ സുപ്രീം കോടതി ഈയിടെ വിമർശിച്ചിരുന്നു.
അമേരിക്കൻ സ്ഥാപനങ്ങളിൽ നിന്നുള്ള കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് യു.എസ് സർക്കാർ ഈ മാസം ആദ്യം എൻ.എസ്.ഒയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
കാൻഡിരു കാമ്പയിനിലൂടെ വൻതോതിലുള്ള ഡാറ്റ ശേഖരണം നടന്നതായി കരുതുന്നില്ലെന്നും വളരെ കുറച്ച് ആളുകളെ ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണമാണ് നടന്നതെന്നും  മാത്യു ഫൗ പറഞ്ഞു. 

Latest News