ഡിസൈൻ പഠനരംഗത്ത് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിന്റെ അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലെ കാമ്പസുകളിൽ നടത്തുന്ന നാലു വർഷ ബി.ഡിസ് പ്രോഗ്രാമിന് നവംബർ 30 വരെ അപേക്ഷിക്കാം.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ പദവിയുള്ള മേൽ സ്ഥാപനങ്ങൾ ഡിസൈൻ പഠന രംഗത്ത് മികച്ച നിലവാരം പുലർത്തുന്നവയാണ്. പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൻട്രൻസ് പരീക്ഷക്കായി നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഇതേ വിഷയമെടുത്ത് വിജയിച്ചവരോ 2022 ൽ പരീക്ഷ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. പത്ത് കഴിഞ്ഞതിന് ശേഷം മൂന്ന് വർഷ ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം.
പൊതു വിഭാഗത്തിലുള്ളവർ 2002 ജൂലൈ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരും സംവരണ വിഭാഗത്തിലുള്ളവർ 1999 ജൂലൈ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരുമായിരിക്കണം. അഹമ്മദാബാദ് കാമ്പസിൽ 125 സീറ്റുകളും മറ്റു കാമ്പസുകളിൽ 75 സീറ്റുകളും വീതമാണുള്ളത്.
പട്ടിക ജാതി, പട്ടിക വർഗം, പിന്നോക്ക വിഭാഗക്കാർ (നോൺ ക്രീമിലെയർ), സാമ്പത്തിക പിന്നോക്ക വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് നിശ്ചിത സംവരണമുണ്ട്. സംവരണ സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, എക്സിബിഷൻ ഡിസൈൻ, അനിമേഷൻ ഫിലിം ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ എന്നിങ്ങനെയുള്ള മേഖലയിൽ സെപ്ഷ്യലൈസ് ചെയ്യാൻ അവസരങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കാനും മറ്റു വിശദ വിവരങ്ങൾക്കും https://admissions.nid.edu/ എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. 3000 രൂപയാണ് അപേക്ഷാ ഫീസ്.
പ്രവേശനത്തിനായുള്ള പ്രാഥമിക പരീക്ഷ 2022 ജനുവരി രണ്ടിനാണ് നടക്കുക. പേനയും പേപ്പറും അടിസ്ഥാനത്തിലുള്ള ഈ പരീക്ഷയിൽ മികവ് തെളിയിക്കുന്നവരെയാണ് മുഖ്യ പരീക്ഷക്ക് തെരഞ്ഞടുക്കുന്നത്. മുഖ്യ പരീക്ഷയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കും. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു എന്നിവ അടക്കം 23 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പ്രാഥമിക പരീക്ഷയിലും മെയിൻ പരീക്ഷയിലും ലഭിക്കുന്ന മാർക്ക് പരിഗണിച്ചായിരിക്കും അന്തിമ ഫലം പ്രസിദ്ധീകരിക്കുക. പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ 07926623462 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
എൻ.ഐ.ഡി അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധി നഗർ എന്നിവിടങ്ങളിലെ എക്സ്റ്റൻഷൻ കാമ്പസുകളിൽ നടത്തപ്പെടുന്ന എം.ഡിസ് എന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയും നവംബർ 30 ആണ്






