ന്യൂദല്‍ഹി-പെണ്‍കുട്ടിയുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിച്ചാലേ പോക്‌സോ നിയമപ്രകാരം പീഡനമാകൂ എന്ന വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കുറ്റാരോപിതനും ഇരയും തമ്മില്‍ നേരിട്ട് സ്പര്‍ശിച്ചില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമമാകില്ലെന്ന് ബോംബെ ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ലൈംഗികാതിക്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ലൈംഗിക ഉദ്ദേശമാണെന്നും അല്ലാതെ കുട്ടിയുടെ ചര്‍മ്മത്തില്‍ തൊടുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
വ്യക്തമായ ഉദ്ദേശത്തോടെയാണ് നിയമനിര്‍മാണം. നിയമങ്ങളില്‍ കോടതികള്‍ അവ്യക്തത സൃഷ്ടിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ അമിതാവേശം പാടില്ലെന്നും ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ടും ബേല എം.ത്രിവേദിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
അറ്റോര്‍ണി ജനറലിന്റെയും ദേശീയ വനിതാ കമ്മീഷന്റെയും (എന്‍.സി,ഡബ്ല്യു) വെവ്വേറെ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന (പോക്‌സോ) നിയമപ്രകാരം പ്രതി ചേര്‍ത്ത ഒരാളെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ജനുവരി 27 ന് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ചര്‍മത്തില്‍ സ്പര്‍ശിക്കാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചത് പോക്‌സോ പ്രകാരമുള്ള ലൈംഗികാതിക്രമമായി കാണാനാവില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നത്.
പോക്‌സോ നിയമപ്രകാരവും ഐപിസി സെക്്ഷന്‍ 354 പ്രകാരവും പ്രതിക്ക് സെഷന്‍സ് കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഐപിസി സെക്്ഷന്‍ 354 പ്രകാരമുള്ള ശിക്ഷ ശരിവച്ചുകൊണ്ട് പോക്‌സോ നിയമപ്രകാരം ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു.
ഹൈക്കോടതി വിധി അതിരുകടന്നതാണെന്നും റദ്ദാക്കണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറഞ്ഞിരുന്നത്. പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന 43,000 പോക്‌സോ കേസുകളില്‍ ഹൈക്കോടതി വിധി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എ.ജി വാദിച്ചിരുന്നു.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഉത്തരവിനെതിരെ അറ്റോര്‍ണി ജനറല്‍ അപ്പീല്‍ നല്‍കുന്നത്. 1985ല്‍ രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരെയാണ് രാജ്യത്തെ അറ്റോര്‍ണി ജനറല്‍ ആദ്യമായി അപ്പീല്‍ നല്‍കിയത് പരസ്യമായി തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നല്‍കിയിരുന്ന ഉത്തരവിലായിരുന്നു അത്.






