ഫസൽ വധക്കേസ്: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ  നടപടി വേണമെന്ന് സി.ബി.ഐ 

തലശ്ശേരി- തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ട കേസിൽ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ റിപ്പോർട്ട്. പോലീസ് ഡിവൈ.എസ്.പിമാരായ പി.പി. സദാനന്ദൻ, പ്രിൻസ് എബ്രഹാം, സി.ഐ കെ.പി. സുരേഷ് ബാബു എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാണ് സി.ബി.ഐയുടെ നിർദേശം. ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത.് കേസ് വഴി തിരിച്ച് വിടാൻ ഈ ഉദ്യോഗസ്ഥർ ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ വാദം. കേസിലെ പ്രതിസ്ഥാനത്ത് ആർ.എസ്.എസ് ആണെന്ന് ഈ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഫസൽ വധക്കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം പാതിരിയാട് ലോക്കൽ കമ്മിറ്റിയംഗമായ കെ. മോഹനൻ വധ കേസ്  പ്രതിയായ കുപ്പി സുബീഷ് മൊഴി നൽകിയെന്നു ഈ പോലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഫസലിന്റെ സഹോദരൻ നൽകിയ ഹരജിയെ തുടർന്ന് ഹൈക്കോടതി ഇതിലിടപെടുകയും തുടരന്വേഷണം നിർദേശിക്കുകയും ചെയ്തിരുന്നു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ആർ.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളുകയും സി.പി.എം തന്നെയാണ് പ്രതിസ്ഥാനത്തെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തുടരന്വേഷണ റിപ്പോർട്ടിലാണ് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിനെക്കൊണ്ട് കള്ളമൊഴി രേഖപ്പെടുത്തിയ പേരിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
മോഹനൻ വധക്കേസിൽ പാറാൽ ചെമ്പ്രയിലെ കുപ്പി സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് ഈ മൊഴി രേഖപ്പെടുത്തി എന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സി.ബി.ഐ വ്യക്തമാക്കുന്നു. ഫസലിനെ കൊലപ്പെടുത്താൻ ഒരു ബൈക്കിൽ നാലുപേർ പോയി എന്നതാണ് സുബീഷിന്റെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരിക്കലും സാധ്യമാകില്ലെന്ന് സി.ബി.ഐ നൽകിയ റിപ്പോർട്ടിൽ എടുത്തു പറയുന്നു
സുബീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് തന്നെ സി.പി.എം അനുകൂല സാമൂഹിക മാധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന പ്രചാരണമുണ്ടായെന്നും ഇതിന് ശേഷമാണ് വാളാങ്കിച്ചാലിലെ സി.പി.എം പ്രാദേശിക നേതാവ് മോഹനൻ വധക്കേസിൽ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. ഫസൽ വധക്കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലെ പ്രതികൾ തന്നെയാണ് പ്രതിസ്ഥാനത്തെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിനിടെ സുബീഷ് കുറ്റസമ്മതം നടത്തിയെന്ന ശബ്ദ രേഖയുടെ സാമ്പിൾ പരിശോധിക്കാൻ കൂത്തുപറമ്പ് കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മോഹനൻ വധക്കേസിലെ അന്വേഷണ സംഘം സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.

Latest News