കൊച്ചി- കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹമാണ് ഹരജി സമർപ്പിച്ചത്.
വിദേശത്ത് മരിച്ചവർക്ക് 50,000 രൂപയുടെ ധനസഹായത്തിന് അർഹതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നു ഹരജിയിൽ ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദ്ദേശ പ്രകാരം 50,000 രൂപ വീതം കോവിഡ് ബാധിച്ചു മരിച്ച രോഗിയുടെ കുടുംബത്തിനു സംസ്ഥാനങ്ങൾക്കാണ് ചുമതലയെന്നു ഹരജിഭാഗം വാദമുന്നയിച്ചു. വിദേശത്ത് വെച്ച് കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകുന്നതിനു കേന്ദ്ര സർക്കാരിനു നിർദേശം നൽകണണെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. കോവിഡിനെ തുടർന്നു മരിച്ച പ്രവാസികളുടെ കുടുംബങ്ങൾ ധനസാഹയമാവശ്യപ്പെട്ടു നൽകിയ അപേക്ഷകൾ നിരസിച്ചുവെന്നും ഹരജിക്കാരൻ വ്യക്തമാക്കി. ഹരജി വീണ്ടും നവംബർ 24 ന് പരിഗണിക്കും.