മരക്കാറിന്റെ വരവ് പ്രമാണിച്ച്  രാജ്യാന്തര  ചലച്ചിത്രമേള ഫെബ്രുവരിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം-മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ തിയറ്ററുകള്‍ ലഭ്യമല്ലാതായതുമൂലം ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേള മാറ്റിവെച്ചു. നേരത്തെ ഡിസംബര്‍ 10ന് മേള തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മരക്കാര്‍ ഡിസംബര്‍ രണ്ടിന് റിലീസ് പ്രഖ്യാപിച്ചതോടെ തിയറ്ററുകള്‍ വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറായില്ല. ഇതോടെയാണ് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ നടത്താന്‍ തീരുമാനിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 ാമത് രാജ്യാന്തര ചലച്ചിത്രമേളയും 13 ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും തിരുവനന്തപുരത്ത് തന്നെ നടക്കും.
രാജ്യാന്തര മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള 2021 ഡിസംബര്‍ ഒന്‍പത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പഌ്‌സ് എസ് എല്‍ തിയേറ്റര്‍ കോംപഌ്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏരീസ് പഌ്‌സ് എസ് എല്‍ തിയേറ്ററിലെ ഓഡി 1ല്‍ ഡിസംബര്‍ 9ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.


 

Latest News