Sorry, you need to enable JavaScript to visit this website.

ഹൈദരാബാദ്: കൊതിപ്പിക്കുന്ന നഗരം 

എൻ.ടി.ആർ ഗാർഡൻ 
ബിർള മന്ദിർ 
ലേഖകനും കുടുംബവും 
ചൗ മഹല്ല പാലസ് 
ലേഖകനും കുടുംബവും 
സാലർ ജംഗ് മ്യൂസിയം 
ലാഡ് ബസാർ 

ഹൈദരാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ -2   

 

ഏത് തരം സന്ദർശകരെയും  കൊതിപ്പിക്കുന്ന നഗരമാണ് ഹൈദരാബാദ്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വൈവിധ്യങ്ങളുടെ ധന്യത ഈ നഗരത്തെ സവിശേഷമാക്കുന്നു. ചരിത്രവും സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതോടൊപ്പം പൗരാണികവും ആധുനികവുമായ വിഭവങ്ങളാണ് ഈ നഗരത്തെ അലങ്കരിക്കുന്നത്. ഹൃദ്യമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും നല്ല മനുഷ്യരും യാത്രയുടെ സൗന്ദര്യം കൂട്ടുന്നവയായിരുന്നു. 
ചരിത്രത്തിന്റെ അമൂല്യ നിധികൾ സൂക്ഷിക്കുന്ന മ്യൂസിയങ്ങളും സൗന്ദര്യത്തിന്റെ പരിമളവും കമനീയതയും കാത്തുസൂക്ഷിക്കുന്ന പൂന്തോപ്പുകളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ കേന്ദ്രങ്ങളുമൊക്കെ ഈ നഗരത്തെ മനോഹരമാക്കുമ്പോൾ കൃഷിയും നാടൻ ജോലികളുമെന്ന പോലെ ജീവിതത്തിന്റെ വൈവിധ്യ മേഖലകളിലാണ് നാട്ടുകാർ നൈപുണ്യം തെളിയിക്കുന്നത്. വിശാലമായ മാവിൻ തോട്ടങ്ങളും ഗോതമ്പ് പാടങ്ങളും മാത്രമല്ല, വിവിധയിനം പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി വളരുന്ന വിളനിലങ്ങളും ഈ നഗരത്തിന് മാറ്റുകൂട്ടുന്നു. 
ഹൈദരാബാദി മുത്തുകളെ പോലെ തന്നെ പേരുകേട്ടതാണ് ഹൈദരാബാദി ബിരിയാണിയും കബാബും. നാടൻ ആടുകളുടെ ലഭ്യതയും വിശാലമായ മേച്ചിൽപുറങ്ങളും മികച്ച മട്ടൻ ബിരിയാണിയും കബാബും കുറഞ്ഞ വിലക്ക് ലഭ്യമാകും. സസ്യ, സസ്യേതര ഭക്ഷണ പ്രിയരെ തൃപ്തിപ്പെടുത്തുന്ന നിരവധി ഭക്ഷണശാലകളാണ് ഇവിടെയുള്ളത്. നിസാമുകളുടെ ചരിത്രവും പാരമ്പര്യവുമൊക്കെയാണ് ഹൈദരാബാദിൽ എവിടെയും കാണാനാവുക.  1719 മുതൽ ഹൈദരാബാദ് രാജ്യം ഭരിച്ചിരുന്ന അസഫ് ജാ രാജവംശത്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരാണ് നിസാം.  നിസാം-ഉൽ-മുൽക് എന്നതിന്റെ ചുരുക്ക രൂപമാണ് നിസാം എന്നത്. മുഗൾ സാമ്രാജ്യത്തിനു കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന മിർ ഖമർ-ഉദ്-ദീൻ സിദ്ദീഖിയാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ. 1724 ൽ ഇദ്ദേഹം അസഫ് ജാ എന്ന സ്ഥാനപ്പേര് വംശപ്പേരായി സ്വീകരിച്ചു. ആദ്യമൊക്കെ മുഗൾ സാമ്രാട്ടിന്റെ പ്രതിനിധിയായി നിലകൊണ്ടെങ്കിലും മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി.
ദക്ഷിണേന്ത്യയിൽ ഏകദേശം പന്ത്രണ്ടര കോടി ഏക്കർ വിസ്തൃതമായ രാജ്യത്തിന്റെ അധിപരായിരുന്ന നിസാമുകൾ ലോകത്തിൽ തന്നെ എറ്റവും ധനികരായവരിൽ ഒരു കൂട്ടരായിരുന്നു. 1947 ൽ ഇന്ത്യ സ്വതന്ത്രമാകുന്നതു വരെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഏഴു നിസാമുകൾ ഹൈദരാബാദ് ഭരിച്ചു. 1948 ൽ ഹൈദരാബാദ്, ഇന്ത്യൻ യൂനിയനിൽ ചേർക്കുന്നതു വരെ നിസാം ഭരണമാണ് ഹൈദരാബാദിൽ  നിലനിന്നത്.

 

ലാഡ് ബസാർ 

കുറഞ്ഞ വിലക്ക് പല സാധനങ്ങളും വാങ്ങാൻ കഴിയുന്ന പ്രധാനപ്പെട്ടൊരു മാർക്കറ്റാണ് ലാഡ് ബസാർ. ചരിത്ര പ്രസിദ്ധമായ ചാർമിനാറിന് ചുറ്റും പരന്നുകിടക്കുന്ന  ഈ മാർക്കറ്റ് രാവിലെ മുതൽ തന്നെ സജീവമാകുമെങ്കിലും വൈകുന്നേരങ്ങളിൽ ജനസാഗരമാകും. സുൽത്താൻ മുഹമ്മദ് ഖുലി ഖുതുബ് ഷാ തന്റെ മകളുടെ കല്യാണ ഷോപ്പിംഗിനായി പണിത ബസാറാണിതെന്നാണ് പറയപ്പെടുന്നത്. ആഭരണങ്ങളും മുത്തുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളുമെന്നു വേണ്ട എല്ലാതരം സാധനങ്ങളും മിതമായ വിലയിൽ ലഭ്യമാകുന്ന  ഷോപ്പിംഗ് കേന്ദ്രമാണിത്. എന്നാൽ ഈ ബസാറിൽ നിന്നും മികച്ച സാധനങ്ങൾ സ്വന്തമാക്കണമെങ്കിൽ നന്നായി വില പേശാനറിയുന്നതോടൊപ്പം സാധനങ്ങളുടെ ഗുണനിലവാരം  സംബന്ധിച്ച ഏകദേശ ധാരണയും വേണം. ഒറിജിനലുകളെ വെല്ലുന്ന വ്യാജന്മാർ അരങ്ങ് വാഴുന്ന ബസാറായതിനാൽ ഏറെ ജാഗ്രതയോടെ വേണം സാധനങ്ങൾ തെരഞ്ഞെടുക്കുവാൻ. സന്ദർശകരെ ആകർഷിക്കുന്ന നിരവധി സാധനങ്ങളാൽ ധന്യമായ ഈ വാണിജ്യ കേന്ദ്രത്തിൽ വഴിവാണിഭക്കാരും സഞ്ചാരികളും സമൃദ്ധമായി സംഗമിക്കുമ്പോൾ എന്നും ഉൽസവ പ്രതീതിയാണ്. 

എൻ.ടി.ആർ ഗാർഡൻ

പ്രശസ്തമായ  ഹുസൈൻ സാഗർ തടാകത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന എൻ.ടി.ആർ ഗാർഡൻ പ്രകൃതി സൗന്ദര്യവും വിനോദ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. ആന്ധ്രയിലെ മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ ഓർമക്കായി 40 കോടി മുതൽമുടക്കിൽ 2002 ൽ  ആണ് ഈ കേന്ദ്രം പൊതുജനങ്ങൾക്കായി  തുറന്നുകൊടുത്തത്. ടോയ് ട്രെയിൻ, കാർ കഫേകൾ, ജാപ്പനീസ് ഗാർഡൻ, ഫ്രൂട്ട് റസ്റ്റോറന്റ്, റോറിംഗ് കസ്‌കെഡ്, ഫൗണ്ടൻ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഈ ഗാർഡനെ സവിശേഷമാക്കുന്നത്.   34 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന എൻ.ടി.ആർ ഗാർഡൻ പൂച്ചെടികളുടെയും അലങ്കാര ചെടികളുടെയും വിശാലമായ ഒരു ശേഖരം തന്നെയാണ്. എൻ.ടി.ആർ ഗാർഡൻസിൽ 'ഡെസേർട്ട് ഗാർഡൻ' എന്ന വിഭാഗത്തിൽ തന്നെ ഏറ്റവും പുതിയതും ആകർഷണീയവുമായ 150 തരം സസ്യങ്ങൾ ഉണ്ട്. ഏകദേശം 1000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രദേശത്ത് വികസിപ്പിച്ചെടുത്തിട്ടുള്ള വിഭാഗത്തിൽ ഹെർബൽ കോസ്‌മെറ്റിക്‌സ്, കുഷ്ഠരോഗം, രക്തസമ്മർദം എന്നിവക്കുള്ള ഔഷധ സസ്യങ്ങളും വളർത്തുന്നു. കൊൽക്കത്ത, ഷിർദ്ദി എന്നിവിടങ്ങളിലെ ചില നഴ്‌സറികളിൽ നിന്നാണ് ഈ ചെടികൾ കൊണ്ടുവരുന്നത്. കൂടാതെ ഇവിടെ എടുത്തു പറയേണ്ട ഒരു ഭക്ഷണശാല കൂടിയുണ്ട്. മച്ചാൻ റെസ്റ്റോറന്റ് എന്നറിയപ്പെടുന്ന ഈ ഭക്ഷണശാല ഒരു മരത്തിന്റെ ഉള്ളിൽ മുറികൾ പണിതാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നിതീഷ് റോയി ആണ് മനോഹരമായ ഈ ഗാർഡൻ രൂപകൽപന ചെയ്ത പ്രശസ്ത കലാകാരൻ. പ്രദേശ വാസികളും സന്ദർശകരും ഒഴിവുവേളകൾ ധന്യമാക്കുവാൻ പ്രയോജനപ്പെടുത്തുന്ന സുപ്രധാനമായൊരു കേന്ദ്രമാണിത്. 

 

ചൗ മഹല്ല പാലസ് 

ഹൈദരാബാദ് ഭരണാധികാരികളായിരുന്ന നൈസാമുമാരുടെ ഔദ്യോഗിക വസതിയാണ് ചൗ മഹല്ല പാലസ്. നാലു കൊട്ടാരങ്ങൾ എന്നർഥം വരുന്ന ചാർ മഹല്ലത്ത് എന്ന ഉറുദു പദത്തിൽ നിന്നാണ് ചൗ മഹല്ല പാലസ് എന്ന പേരുണ്ടായതെന്നാണ് പറയപ്പെടുന്നത്. കരകൗശല വിദ്യയുടെ മികച്ച നിർമിതിയായി വിശേഷിപ്പിക്കപ്പെടുന്ന അഫ്താബ് മഹൽ, മെഹ്താബ് മഹൽ, തഹ്‌നിയത് മഹൽ, അഫ്‌സൽ മഹൽ എന്നിവയാണ് നാലു കൊട്ടാരങ്ങൾ. നൈസാമുമാരുടെ ജീവിത രീതികളും ശീലങ്ങളുമൊക്കെ വ്യക്തമാക്കുന്ന സംവിധാനങ്ങളാണ് ഓരോ കൊട്ടാരങ്ങളേയും കമനീയമാക്കുന്നത്. വിശാലമായ മുറ്റവും മനോഹരമായ അകത്തളങ്ങളും കൊത്തുപണികളുമൊക്കെ കൊട്ടാരങ്ങളുടെ ഗാംഭീര്യം വർധിപ്പിക്കുന്നു. ധന്യമായ ചരിത്രത്തിന്റെ ഓർമക്കുറിപ്പായി മികച്ച പെയിന്റിംഗുകളും സ്മാരക ശിലകളുമൊക്കെ ഈ കൊട്ടാരങ്ങളെ അലങ്കരിക്കുന്നു. 
വാഹന പ്രേമികളായിരുന്ന നൈസാമുമാരുടെ കാർ കമ്പം വെളിവാക്കുന്ന വാഹന ശേഖരമാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരാകർഷണം. 1912 ലെ റോൾസ് റോയ്‌സ് കാർ, 1934 ലെ ഫോർഡ് ടൂറർ തുടങ്ങി നിവധി ആഡംബര കാറുകളാണ് ഈ ശേഖരത്തിലുള്ളത്. 

 

ബിർള മന്ദിർ 
     
ഹിൽഫോർട്ട് റോഡിലെ ബിർള മന്ദിർ മാർബിളിൽ കൊത്തിയുണ്ടാക്കിയ വിസ്മയമാണ്  കുന്നിൻ മുകളിലായി സ്ഥാപിച്ച ലോർഡ് ബാലാജിയുടെ ക്ഷേത്രമാണിത്. തിരുപ്പതി ക്ഷേത്രത്തിലെ ദേവതയുടെ പകർപ്പാണ് ഇവിടെയുള്ളത് എന്നാണ് പറയപ്പെടുന്നത്. നിർമാണ വൈഭവത്തിലും ചാരുതയിലും വേറിട്ട് നിൽക്കുന്ന ഈ ക്ഷേത്രം ബിർളമാരാണ് നിർമിച്ചത്. 
1966 ൽ ആരംഭിച്ച ക്ഷേത്രനിർമാണം പത്ത് വർഷം കൊണ്ടാണ് പൂർത്തിയായത്. രാജസ്ഥാനിൽ നിന്നും പ്രത്യേകമായി കൊണ്ടുവന്ന വെള്ള മാർബിൾ കൊണ്ടാണ് ഈ ക്ഷേത്രം നിർമിച്ചത്. മതജാതി ഭേദമെന്യേ സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് നിത്യവും ഇവിടെയെത്തുന്നത്.   
 ബി.എം. ബിർള സയൻസ് മ്യൂസിയവും പഌനട്ടോറിയവും വിദ്യാർഥികളെ ഏറെ ആകർഷിക്കുന്നതാണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന നിരവധി കാഴ്ചകളാണ് അവിടെയുള്ളത്. ഇന്ത്യൻ ബഹിരാകാശ സഞ്ചാര ചരിത്രത്തിന്റെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന മ്യൂസിയത്തിലെ പല ചിത്രങ്ങളും സ്വയം സംസാരിക്കുന്നവയാണ്. 
പി.എം. ശിംഗാര വേലു എന്ന സിവിൽ എൻജിനീയറാണ് ഈ മ്യൂസിയത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയത്. പഌനറ്റോറിയം, മ്യൂസിയം, സയൻസ് സെന്റർ, ആർട്ടട് ഗാലറി, ഡിനോസോറിയം തുടങ്ങിവയൊക്കെ ഈ സമുച്ചയത്തിന്റെ ഭാഗമാണ്.   
മാനവ ചരിത്രത്തിന്റെ പൗരാണിക ദൃശ്യങ്ങളുടെ കലവറയാണ് മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകത. കോടാനുകോടി വർഷങ്ങൾക്ക് മുമ്പുളള ദിനോസറുകളും ചരിത്രവുമൊക്കെ ഏറെ കൗതുകകരമാകും. ഇന്ത്യയുടെ പ്രഥമ സ്വകാര്യ സ്‌പേസ് മ്യൂസിയവും ഇവിടെയുണ്ട്. 
 


 
സാലർ ജംഗ് മ്യൂസിയം 

ഹൈദരാബാദ് നഗരത്തിൽ മുസി നദിയുടെ തെക്കേ കരയിലുള്ള ദാർ-ഉൽ-ഷിഫയിൽ സ്ഥിതിചെയ്യുന്ന  സലാർ ജംഗ് മ്യൂസിയം ഹൈദരാബാദ് സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട ഒന്നാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ദേശീയ മ്യൂസിയങ്ങളിൽ ഒന്നാണിത്. സലാർ ജംഗ് കുടുംബത്തിന്റെ ഒരു സ്വകാര്യ കലാസമാഹാരമായിരുന്ന ഈ മ്യൂസിയം  സലാർ ജംഗ് മൂന്നാമന്റെ മരണ ശേഷം  രാജ്യത്തിന് നൽകുകയും  1951 ഡിസംബർ 16 ന് ഗവൺമെന്റ് അധീനതയിലുള്ള മ്യൂസിയമായി പ്രവർത്തനമാരംഭിക്കുകയുമാണ് ചെയ്തത്. 
ജപ്പാൻ, ചൈന, ബർമ, നേപ്പാൾ, ഇന്ത്യ, പേർഷ്യ, ഈജിപ്ത്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ശിൽപങ്ങൾ, പെയിന്റിംഗുകൾ, കൊത്തുപണികൾ, തുണിത്തരങ്ങൾ, കൈയെഴുത്തു പ്രതികൾ, സെറാമിക്‌സ്, മെറ്റാലിക് ആർട്ടിഫാക്റ്റുകൾ, പരവതാനികൾ, ഘടികാരങ്ങൾ, ഫർണിച്ചറുകൾ എന്നിവയുടെ മികച്ച ശേഖരം ഈ മ്യൂസിയത്തെ അലങ്കരിക്കുന്നു. നൈസാമിന്റെ പ്രധാന മന്ത്രിയായിരുന്ന മിർ യൂസുഫ് അലി ഖാൻ സലാർ ജംഗ് മൂന്നാമന്റെ പുരാവസ്തു ശേഖരങ്ങളാണ് ഈ മ്യൂസിയത്തെ കൂടുതൽ ധന്യമാക്കുന്നത്. 


 ലോകത്തിലെ തന്നെ  ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണിത്. പരസ്പരം ബന്ധിച്ച മൂന്നു കെട്ടിടങ്ങളിലായി രണ്ടു നിലകളിൽ 38 ആർട്ട് ഗാലറികളിലായാണ് കൊത്തുപണികളും ചിത്രങ്ങളുമൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈസ്റ്റേൺ ബ്ലോക്ക് (മിർ ലെയ്ക്ക് അലി ഖാൻ ഭവൻ), വെസ്റ്റേൺ ബ്ലോക്ക് (മിർ തുറാബ് അലി ഖാൻ ഭവൻ), ഇന്ത്യൻ ബ്ലോക്ക് എന്നിങ്ങനെയാണ് പേരു നൽകിയിരിക്കുന്നത്. ഗാലറികളിൽ ഭൂരിഭാഗവും  മ്യൂസിയത്തിന്റെ ഇന്ത്യൻ / സെൻട്രൽ ബ്ലോക്കിലാണ്. മ്യൂസിയത്തിന്റെ വെസ്റ്റേൺ ബ്ലോക്കിൽ 7 ഗാലറികളും ഈസ്റ്റേൺ ബ്ലോക്കിൽ 4 ഗാലറികളുമാണുള്ളത്. പ്രദർശന വസ്തുക്കൾക്കു പുറമെ സാലർ ജംഗ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ഇവിടുത്തെ ലൈബ്രറി. അപൂർവമായ ചില ശേഖരങ്ങൾ സാലർ ജംഗ് ലൈബ്രറിയിൽ ഉണ്ട്. 8,000 ത്തിൽ അധികം കൈയെഴുത്തു പ്രതികളും 60,000 ത്തിൽ അധികം അച്ചടിച്ച പുസ്തകങ്ങളുമുള്ള ലൈബ്രറി ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്നാണെന്ന് പറയപ്പെടുന്നു.  പുരാതന ചരിത്ര  സ്മൃതികളും രേഖകളുമൊക്കെ ഈ ലൈബ്രറിയുടെ സവിശേഷതകളാണ്. 

തുടരും

Latest News