കൽപറ്റ-കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവരടക്കം കേരളത്തിൽനിന്നുള്ളവരുടെ പ്രവേശനത്തിനു ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചില്ല. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കർഷകരുടെ സംഘടനകൾ കേരള സർക്കാർ മുഖേന ഇതിനകം ചലുത്തിയ സമ്മർദം വൃഥാവിലായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ ടി.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനു ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വിഷയത്തിൽ കർണാടക ചീഫ് സെക്രട്ടറി പി.രവികുമാർ ഒക്ടോബർ മൂന്നാംവാരം ഉറപ്പും വെറുതെയായി. ഉത്തരവ് പിൻവലിക്കുന്നതിൽ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രതിനിധികളും അടങ്ങുന്ന നിവേദക സംഘത്തെ ബംഗളൂരുവിൽ ചീഫ് സെക്രട്ടറി അറിയിച്ചത്.
കർണാടക ഉത്തരവിന്റെ തിക്തഫലം കൂടുതൽ അനുഭവിക്കുന്നതു കർഷകരാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൂവായിരത്തിലധികം കൃഷിക്കാരാണ് കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിയും വാഴയും അടക്കം കൃഷികൾ നടത്തുന്നത്. കൃഷിയിടങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ടിവരുന്ന ഇവർക്കു കർണാടക ഉത്തരവ് പ്രഹരമായി. കൃഷി പരിപാലനം സമയബന്ധിതമായി നടത്താൻ കഴിയാത്ത സാഹചര്യം സംജാതമായി.
കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസ് എടുത്തവരെ ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിബന്ധനയിൽനിന്നു ഒഴിവാക്കുക, ചരക്കുവാഹന ഡ്രൈവർമാർക്കു ബാധകമാക്കിയതുപോലെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് കാലാവധി 15 ദിവസമാക്കുക എന്നീ ആവശ്യങ്ങളാണ് കർഷകർ പ്രധാനമായും ഉന്നയിക്കുന്നത്. കൃഷിയടത്തിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾക്കായി നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ കേരള, കർണാടക മുഖ്യമന്ത്രിമാർക്കടക്കം ഇതിനകം മൂന്നു നിവേദനങ്ങളാണ് നൽകിയത്. ഉത്തരവ് പിൻവലിക്കാനോ മയപ്പെടുത്താനോ ഇതു ഉതകിയില്ല. ഏറ്റവും ഒടുവിൽ ഇന്നലെയും നിവേദനം സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എൽ.എമാരായ ടി.സിദ്ദീഖ്, ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ, ജില്ലാ കലക്ടർ എ.ഗീത എന്നിവർക്കാണ് നിവേദനം നൽകിയത്. ഇതും ഫലവത്തായില്ലെങ്കിൽ വിവിധ കർഷക സംഘടനകളുടെ പിന്തുണ ഉറപ്പുവരുത്തി ബാവലി, മുത്തങ്ങ, തോൽപ്പെട്ടി അതിർത്തി ചെക്‌പോസ്റ്റ് ഉപരോധം അടക്കം ശക്തമായ സമരം സംഘടിപ്പിക്കാനാണ് ഓർഗനൈസേഷൻ തീരുമാനമെന്നു ചെയർമാൻ ഫിലിപ്പ് ജോർജ്, കൺവീനർ എസ്.എം.റസാഖ്, മറ്റു ഭാരവാഹികളായ ബിനേഷ് ഡൊമനിക്, ബാബു ചേകാടി, ജോയി ഇരട്ടമുണ്ടയ്ക്കൽ എന്നിവർ പറഞ്ഞു.