ബസ് ചാർജ് കൂട്ടുന്നു

  • മിനിമം നിരക്ക് എട്ട് രൂപയാകും
  • വിദ്യാർഥികളുടെ നിരക്കിലും വർധന
  • ദീർഘദൂര യാത്രക്ക് ചെലവേറും 

തിരുവനന്തപുരം- ജനങ്ങൾക്ക് സാമ്പത്തിക ഭാരം അടിച്ചേൽപിച്ച് സംസ്ഥാനത്തെ ബസ് യാത്ര നിരക്കുകൾ വർധിപ്പിക്കാൻ എൽ.ഡി.എഫ് അനുമതി നൽകി. മിനിമം ചാർജ് ഏഴ് രൂപയിൽനിന്ന് എട്ടു രൂപയാകും. മറ്റു നിരക്കുകളിലും വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും ആനുപാതിക വർധനയുണ്ടാകും. 
സ്ഥിരം യാത്രക്കാരുടെയും ദീർഘദൂര യാത്രക്കാരുടെയും പോക്കറ്റാകും കാര്യമായി കാലിയാകുക. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം  ബസ് ചാർജ് വർധനക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ബസ് നിരക്ക് വർധിപ്പിക്കാനിടയുണ്ടെന്ന് മുഖ്യമന്ത്രി സൂചന നൽകിയിരുന്നു. ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം വർധന ഉണ്ടാകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കുകയായിരുന്നു. എന്നാൽ സ്വകാര്യ ബസുടമകൾ വീണ്ടും സമര രംഗത്തേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ഇന്നലെ അടിയന്തര എൽ.ഡി.എഫ് യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 
ഓർഡിനറി ബസുകളിൽ മിനിമം നിരക്ക് നിലവിൽ ഏഴു രൂപയെന്നത് എട്ട് രൂപയാക്കും. ഫാസ്റ്റ് പാസഞ്ചറിൽ മിനിമം നിരക്ക് പതിനൊന്ന് രൂപയാകും. വോൾവോ ബസുകളിൽ മിനിമം നിരക്ക് 45 രൂപയായി മാറും. നിലവിൽ 40 രൂപയാണ്. സൂപ്പർ ഡീലക്‌സ് സെമി സ്ലീപ്പർ നിരക്കും ഉയരും. ഇപ്പോഴുള്ള 20 രൂപയിൽനിന്ന് രണ്ടു രൂപ വർധിച്ച് 22 ആകുമെന്നാണ് കരുതുന്നത്. എക്‌സിക്യൂട്ടീവ് സൂപ്പർ ക്‌സ്പ്രസിലും യാത്രാ നിരക്ക് കുത്തനെ ഉയരും. ഹൈ ലക്ഷുറി, എയർ കണ്ടീഷൻ ബസുകളിൽ 44 രൂപ മിനിമം നിരക്കായി നിശ്ചയിക്കാനാണ് തീരുമാനം. നിലവിൽ ഇത് 40 രൂപയാണ്.
ബസ് ചാർജ് കൂട്ടണമെന്ന തീരുമാനം ഇടതുമുന്നണി എടുത്തിട്ടില്ലെന്നാണ് യോഗത്തിന് ശേഷം പുറത്തു വന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. യാത്രാ നിരക്ക് സംബന്ധിച്ച് നിലവിലുള്ള സാഹചര്യം പരിശോധിച്ച് ശരിയായ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് നിർദേശിക്കുകയാണ് മുന്നണി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഇക്കാര്യം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർധന, സ്‌പെയർ പാർട്‌സ് വാങ്ങുന്നതിൽ ഉണ്ടായ ചെലവുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ നിരക്കു വർധന ആവശ്യപ്പെട്ടത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെ പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
ജനങ്ങൾക്ക് അമിത ഭാരമാകാത്ത രീതിയിൽ ബസ് ചാർജ് വർധിപ്പിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ നിർദേശം. ഇക്കാര്യം ഗതാഗത മന്ത്രിയടക്കമുള്ളവരെ അറിയിക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.  

 


 

Latest News