തൃശൂര്‍- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു . അമ്പിളി മഹേഷിന്റെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഒക്ടോബര്‍ 24 നായിരുന്നു വിവാഹ ചടങ്ങ് നടന്നത്. മന്ത്രി പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസില്‍ ഇയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്. ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണമിട്ടിരുന്ന നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.