Sorry, you need to enable JavaScript to visit this website.

സുന്ദരിമാരെ പിന്തുടര്‍ന്നത് ഒന്നല്ല,  രണ്ടു കാറുകള്‍, ദുരൂഹതകള്‍ ഏറുന്നു 

കൊച്ചി- എറണാകുളത്ത് മോഡലുകളുടെ അപകട മരണത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി അന്വേഷണസംഘം. ഡിജെ പാര്‍ട്ടി നടന്ന ഹാളിലും, പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പോലീസ് നിഗമനം. മാത്രമല്ല, ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്‍ന്നുവെന്നും പോലീസ് പറയുന്നു. അപകടം നടന്ന സ്ഥലത്തേക്ക് കാറിനെ പിന്തുടര്‍ന്ന് ഹോട്ടലുടമ എത്തിയതായും പോലീസ് സംശയിക്കുന്നു. എന്നാല്‍, സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പൊലീസ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങളാണ് വേണ്ടത്.
അതേസമയം, മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച കേസില്‍ കാര്‍ െ്രെഡവര്‍ അബ്ദുറഹ്മാനെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി വീണ്ടും നോട്ടീസ് അയക്കാനും പോലീസ് തീരുമാനിച്ചു. നേരത്തെ, അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടെയും അപകടമരണത്തിന് കാരണം മത്സരയോട്ടമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാര്‍ െ്രെഡവര്‍ ഷൈജു മത്സരയോട്ടം നടന്നതായി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ അബ്ദുറഹ്മാന്റെ പ്രാഥമിക മൊഴിയും സമാനമാണ്. ചികിത്സയിലായിരുന്ന അബ്ദുറഹ്മാന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മൊഴിയില്‍ വൈരുധ്യമുണ്ടോയെന്നും പോലീസ് പരിശോധിക്കും.
അബ്ദുറഹ്മാന്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഔഡി കാറോടിച്ച ഷൈജുവിനെതിരെയുള്ള നിയമ നടപടി. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും, റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. രണ്ടാഴ്ചയായിട്ടും കേസിന് തുമ്പ് ലഭിക്കാത്തത് പല തരം ഊഹങ്ങള്‍ക്കും വഴിയൊരുക്കുന്നു. 
 

Latest News