റിയാദ്- ലോകത്തെ ആദ്യത്തെ ലാഭേഛയില്ലാത്ത (നോണ്‍ പ്രോഫിറ്റ്) നഗരം സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇര്‍ഖ ഡിസ്ട്രിക്ടിലാണ് നിര്‍ദിഷ്ട നഗരം നിലവില്‍വരികയെന്നും കിരീടാവകാശി പ്രഖ്യാപിച്ചു.
ആഗോളതലത്തില്‍ തന്നെ ലാഭേതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഗരത്തിന്റെ മാതൃക ആയിരിക്കും ഇത്. പ്രാദേശിക- അന്തര്‍ദേശീയ തലങ്ങളില്‍ ജീവകാരുണ്യ, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധസേവകരെ വളര്‍ത്തിയെടുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നൂതനമായ കണ്ടെത്തലുകളെ പരിപോഷിപ്പിക്കാനുള്ള മിസ്‌ക് ഫൗണ്ടേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ് നോണ്‍ പ്രോഫിറ്റ് നഗരം- കിരീടാവകാശി വ്യക്തമാക്കി.
എല്ലാ ഉപയോക്താക്കള്‍ക്കും ആകര്‍ഷണീയമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടും. റിയാദ് നഗരത്തിന് പുറത്ത്, വാദി ഹനീഫക്ക് സമീപം 3.4 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് നോണ്‍ പ്രോഫിറ്റ് സിറ്റി നിര്‍മിക്കുന്നത്. നൂതനമായ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഈ മേഖലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക. പുതിയ നഗരം സുസ്ഥിര വികസനവും കാല്‍നടയാത്രയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായിരിക്കും. ഇതിന്റെ ഭാഗമായി നോണ്‍ പ്രോഫിറ്റ് സിറ്റിയുടെ 44 ശതമാനവും ഹരിതാഭമായ തുറന്ന സ്ഥലങ്ങളാണ് വിഭാവന ചെയ്തിരിക്കുന്നത്.
വിവിധ തലങ്ങളിലെ സ്ഥാപനങ്ങള്‍, കോളേജുകള്‍, മിസ്‌ക് സ്‌കൂളുകള്‍, കോണ്‍ഫറന്‍സ് സെന്റര്‍, സയന്‍സ് മ്യൂസിയം, റോബോട്ടിക്‌സും നിര്‍മിതബുദ്ധിയും പ്രയോജനപ്പെടുത്തിയുള്ള ക്രിയേറ്റീവ് സെന്റര്‍ എന്നീ സംവിധാനങ്ങള്‍ പുതിയ നഗരത്തിലുണ്ടാകുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രസ്താവിച്ചു.
ഇതിന് പുറമെ, ആര്‍ട്‌സ് അക്കാദമിയും ആര്‍ട്‌സ് ഗ്യാലറിയും ആര്‍ട്‌സ് തിയേറ്ററും നിര്‍ദിഷ്ട നഗരത്തിന്റെ ഭാഗമാണ്. പ്ലേ ഏരിയ, കുക്കിംഗ് അക്കാദമി, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് എന്നിവയും നഗരത്തില്‍ സ്ഥാപിതമാകും. കൂടാതെ, സമൂഹത്തെ സഹായിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വ്യത്യസ്ത സ്ഥാപനങ്ങളെയും നിക്ഷേപങ്ങളെയും പുതിയ നഗരം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.