തേളുകളെ ഭയന്ന് ഈജിപ്തുകാര്‍ക്ക് ഉറക്കമില്ല

കയ്‌റോ- കനത്ത മഴയോടൊപ്പം ഒഴുകിയെത്തുന്ന തേളുകള്‍ ഈജിപ്തുകാരുടെ ഉറക്കം കെടുത്തുന്നു. നൈല്‍ നദീതീരത്തിലെ നഗരമായ ആസ്വാനിലാണ് സംഭവം. കടുത്ത വിഷമുള്ള തേളുകളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 453 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. മഴയില്‍ മാളങ്ങള്‍ അടയുകയും വെള്ളം കുത്തിയൊലിക്കുകയും ചെയ്തതോടെ തേളുകള്‍ കൂട്ടത്തോടെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കൂട്ടത്തില്‍ പാമ്പുകളും ഒഴുകിയെത്തിയതായി നാട്ടുകാര്‍ പറയുന്നു. ഒഴുകിയെത്തിയ തേളുകള്‍ വീടുകളിലേക്ക് കടന്നതോടെ നിരവധി പേര്‍ക്ക് തേളിന്റെ കടിയേറ്റു. മൂന്ന് പേര്‍ മരിച്ചതോടെ പ്രദേശത്ത് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

തേളുകളുടെ ആക്രമണത്തെ ഭയന്ന് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ റദ്ദാക്കുകയും ഡോക്ടര്‍മാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും തേളിന്റെ കുത്തേറ്റാലുടന്‍ തന്നെ ചികിത്സ ലഭ്യമാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. ചികിത്സ്‌ക്കായി കൂടുതല്‍ മരുന്നുകളും ലഭ്യമാക്കി. ഈജിപ്തില്‍ കാണപ്പെടുന്ന കറുത്ത വാലുള്ള തേളിന്റെ കുത്തേറ്റാല്‍ ഒരു മണിക്കൂറിനകം ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണപ്പെടും.

 

Latest News