ഇടുക്കി- ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി അണക്കെട്ട് തുറന്നു. ഉച്ചക്ക് രണ്ടോടെയാണ് അണക്കെട്ടിന്റെ മൂന്നാമത് ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 40,000 ലിറ്റര്‍ വെളളമാണ് ഒഴുക്കിവിടുന്നത്. 2398.90 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇത് 2399.03 അടിയായാല്‍ റെഡ് അലര്‍ട്ടാകും.ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് എത്താതെ ക്രമീകരിക്കാനാണ് ഇപ്പോള്‍ ജലം തുറന്നുവിട്ടത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്നേക്കും. ഇങ്ങനെ വരുന്ന ജലം ക്രമീകരിക്കാനാണ് ഇപ്പോള്‍ ഇടുക്കി ഡാം തുറന്നത്. ഈ വര്‍ഷത്തില്‍ രണ്ടാം തവണയാണ് ഡാം തുറക്കുന്നത്. ഒക്ടോബര്‍ 16നാണ് ഇതിനുമുന്‍പ് ഡാം തുറന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.






