Sorry, you need to enable JavaScript to visit this website.

മോഡലുകളുടെ അപകട മരണത്തിന് കാരണം മത്സരയോട്ടം,  ഹോട്ടലുടമ ഒളിവില്‍ 

കൊച്ചി- മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്നുപേര്‍ മരിക്കാനിടയായ വാഹനാപകടം മദ്യലഹരിയില്‍ നടത്തിയ മത്സരയോട്ടത്തില്‍ തന്നെയെന്ന് മൊഴി. മത്സരയോട്ടം നടത്തിയെന്ന് ഔഡി െ്രെഡവര്‍ ഷൈജുവാണ് പോലീസിനോട് സമ്മതിച്ചത്.
ഹോട്ടലില്‍ നിന്ന് തമാശയ്ക്കാണ് മത്സരയോട്ടം ആരംഭിച്ചത്. രണ്ടു തവണ അന്‍സിയും സംഘവും ഉള്‍പ്പെട്ട വാഹനമോടിച്ച അബ്ദുള്‍ റഹ്മാന്‍ തന്നെ ഓവര്‍ ടേക്ക് ചെയ്തു. ഒരു തവണ താനും അവരെ ഓവര്‍ ടേക്ക് ചെയ്‌തെന്ന് ഷൈജു പോലീസിന് മൊഴി നല്‍കി. ഇടപ്പള്ളി എത്തിയപ്പോള്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് തിരികെ വന്നപ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത് കണ്ടത്. ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നെന്നും ഷൈജു മൊഴി നല്‍കി.
അതേസമയം, പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ ഔഡി കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നാണ് അബ്ദുള്‍ റഹ്മാന്‍ പോലീസിന് മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഔഡി കാര്‍ ഓടിച്ച ഷൈജുവിനെ വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഏഴു മണിക്കൂറോളം നീണ്ടു നിന്നു. നേരത്തെ ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ച് വാഹനമോടിച്ചതിന് മുന്നറിയിപ്പ് നല്‍കാനാണ് പിന്നാലെ പോയതെന്നാണ് പോലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോഴും സൈജു ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അന്വേഷണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് മത്സരയോട്ടം നടന്ന വിവരം ഷൈജു സമ്മതിച്ചത്.
ഇതിനിടെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ ഒളിവില്‍ പോയതായാണ് സൂചന. ഉടമയുടെ നിര്‍ദേശപ്രകാരമാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ്ഡിസ്‌ക് ഒളിപ്പിച്ചതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. പാര്‍ട്ടി ദൃശ്യങ്ങള്‍ മാത്രം ഹാര്‍ഡ്ഡിസ്‌കില്‍ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടറിന്റെ പാസ്‌വേഡും ജീവനക്കാര്‍ പോലീസിന് കൈമാറിയിരുന്നില്ല.നവംബര്‍ ഒന്നിന് രാത്രി പന്ത്രണ്ടിനാണ് കാര്‍ മരത്തിലിടിച്ച് മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ് അഞ്ജന ഷാജന്‍, സുഹൃത്ത് കെ എ മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ചത്.
 

Latest News