സ്വന്തമായി ഉംറക്ക് അനുമതി ലഭിക്കുന്ന സേവനത്തിന് തുടക്കം

മക്ക - വിദേശങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകർക്കും സ്വന്തം നിലക്ക് ഉംറ, സിയാറത്ത് പെർമിറ്റുകൾ നേടാൻ അവസരമൊരുക്കുന്ന സേവനം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ചാണ് പുതിയ സേവനം ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. സ്വദേശങ്ങളിൽ വെച്ച് വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്ത് സൗദിയിലെത്തിയ ശേഷം വിദേശ തീർഥാടകർക്ക് സ്വന്തം നിലക്ക് ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും ആവശ്യമായ പെർമിറ്റുകൾ നേടാൻ സാധിക്കും. 
ഇതുവരെ വിദേശ തീർഥാടകർക്ക് ഉംറ സർവീസ് കമ്പനികളും ഹോട്ടലുകളും വഴിയാണ് ഇഅ്തമർനാ, തവക്കൽനാ ആപ്പുകളിലൂടെ ഉംറ, സിയാറത്ത് പെർമിറ്റുകൾ ലഭ്യമാക്കിയിരുന്നത്. പുതിയ സേവനം നിലവിൽവന്നതോടെ വിദേശ തീർഥാടകർക്ക് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം നിലക്ക് ഉംറ, സിയാറത്ത് പെർമിറ്റുകളും വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനുള്ള പെർമിറ്റുകളും ഇഷ്ടാനുസരണം നേടാൻ സാധിക്കും. ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ ഉപയോഗിക്കുന്നവർ ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ, ആപ്പ് ഗ്യാലറി, ഗാലക്‌സി സ്റ്റോർ എന്നീ സ്റ്റോറുകൾ വഴി ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രാലയവും സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആവശ്യപ്പെട്ടു.
 

Latest News