Sorry, you need to enable JavaScript to visit this website.

അബുദാബി കിരീടാവകാശിയുടെ പേരില്‍ വ്യാജ വീഡിയോ;  ഇന്ത്യന്‍ മാധ്യമങ്ങള്‍ വെട്ടിലായി (video)

ദുബായ്- അബുദാബി കിരീടാവകാശി ജയ് ശ്രീറാം വിളിച്ചുവെന്ന വ്യാജ വാര്‍ത്തയും വീഡിയോയും പ്രചരിപ്പിച്ച ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വെട്ടിലായി. 
ഹിന്ദു സംഘടന നടത്തിയ പരിപാടിയില്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജയ് ശ്രീറാം എന്ന ആശംസയോടെ സദസ്സിനെ അഭിസംബോധന ചെയ്യുന്നു എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എ.ഇയില്‍ പര്യടനം നടത്തുന്നതിനിടയിലാണ് ഇന്ത്യന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

മോഡി പങ്കെടുത്ത ചടങ്ങിലാണ് ഇതെന്നു വ്യാഖ്യാനിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. രണ്ട് വര്‍ഷം മുമ്പ് അബുദാബിയില്‍ മുരാരി ബാപ്പു സംഘടിപ്പിച്ച ആത്മീയ പരിപാടിയില്‍ ചിത്രീകരിച്ച വീഡിയോ ആണിത്. അബുദാബി കിരീടാവകാശി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. യു.എ.ഇ.യിലെ അറിയപ്പെടുന്ന എഴുത്തുകാരനായ സുല്‍ത്താന്‍ സൂദ് അല്‍ ഖാസിമിയാണ് വിഡിയോയില്‍ കാണുന്ന വ്യക്തി. ഇദ്ദേഹത്തെയാണ് അബുദാബി കിരീടാവകാശിയെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.  ടൈംസ് നൗവിന്റെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നീട് സീ ന്യൂസ്, എ.ബി.പി. ആനന്ദ, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ ചാനലുകള്‍ സംപ്രേഷണം ചെയ്തു. ട്വിറ്ററില്‍ തിരുത്ത് വന്ന ശേഷം അബദാബി ശൈഖ് ജയ് ശ്രീറാം വിളിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് പ്രചരിച്ചത്. 
അബുദാബിയില്‍ ആദ്യ ഇന്ത്യന്‍ ക്ഷേത്രത്തിന് യു.എ.ഇ അനുമതി നല്‍കിയ പശ്ചാത്തലം കൂടി മുതലെടുത്താണ് വ്യാജ വീഡിയോ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ വൈറാലാക്കിയത്. 
 

Latest News