Sorry, you need to enable JavaScript to visit this website.

ബുക്കിഷ് - ബുക്ക്‌ഫെസ്റ്റിനൊരു 'ബൂസ്റ്റർ ഡോസ്'

എഴുത്തുകാരൻ സുറാബ്, മാധ്യമ പ്രവർത്തകൻ റോയ് റാഫഓലിനു കോപ്പി നൽകി ബുക്കിഷ് വിതരണോദ്ഘാടനം നിർവഹിക്കുന്നു. സീ4 പബ്ലിക്കേഷൻസ് എം.ഡി ഷക്കീം ചേക്കുപ്പ, മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, ബുക്കിഷ് ടീമംഗങ്ങളായ സലീം അയ്യനേത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, സാദിഖ് കാവിൽ എന്നിവർ സമീപം 


സാധാരണ വലിയ എഴുത്തുകൾ വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വളരെ അയത്‌ന ലളിതമായി വായിച്ചുപോകാം എന്നതിനാൽ ബുക്കിഷ് ലഭിക്കാൻ വേണ്ടി മാത്രം ദൂരദിക്കുകളിൽ നിന്ന് പോലും പുസ്തകമേള സന്ദർശിക്കുന്നവരുമുണ്ട്. യു.എ.ഇയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സാഹിത്യ കുതുകികളുടെ വാർഷിക കൂടിച്ചേരൽ കൂടിയായ ഷാർജ പുസ്തക മേളയിൽ ഇത്തവണയും  ഇരുന്നൂറ്റമ്പതിലേറെ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ ലക്കം ബുക്കിഷിന്റെ പ്രകാശനം ഇന്നലെ നിർവഹിക്കപ്പെട്ടു. 


ഏതൊരുത്സവത്തിന്റെയും പ്രധാന ആകർഷണം ആനയെഴുന്നള്ളത്താണെന്ന്  പറയുന്നതു പോലെ കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകമേളയിലൊന്നായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ പ്രധാന കൗതുകം ബുക്കിഷ് എന്ന സാഹിത്യ ബുള്ളറ്റിൻ തന്നെയാണ്. എക്സ്പോ സെന്ററിലെ മലയാളം പവിലിയനിൽ പുസ്തകങ്ങൾ തേടിയെത്തുന്നവരുടെ കൈകളിലേക്ക് ഇരട്ടിമധുരം പോലെ ബുക്കിഷ്   തികച്ചും സൗജന്യമായാണ് ലഭ്യമാകുന്നത്.
നുറുങ്ങു കഥകളും കവിതകളും ഓർമക്കുറിപ്പുകളും പുതിയ പുസ്തകങ്ങളുടെ കവർ ചിത്രങ്ങളുമൊക്കെയായി ഏറെ വർണശബളിമയോടെ അണിയിച്ചൊരുക്കുന്ന ബുക്കിഷിൽ ചെറുതും വലുതും പ്രശസ്തരും അപ്രശസ്തരുമായ ഇരുന്നൂറിലേറെ എഴുത്തുകാരെ അവരുടെ ചിത്രം സഹിതം ഒരേ പ്രതലത്തിൽ അണിനിരത്താൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പുസ്തകോത്സവത്തിന്റെ ഭാഗമായി തങ്ങളുടെ ഒരു രചന വെളിച്ചം കാണുമ്പോൾ അത് എഴുത്തുകാർക്ക് നൽകുന്ന ചാരിതാർഥ്യവും ചെറുതല്ല.


എഴുത്തുകാരനും പത്രപ്രവർത്തകനുമായ സാദിഖ് കാവിലിന്റെ ധിഷണയിൽ  വർഷങ്ങൾക്ക് മുൻപ് ഉദിച്ച ഒരാശയം സുഹൃത്തുക്കളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, ഉണ്ണി കുലുക്കല്ലൂർ തുടങ്ങിയവരുമായി ചേർന്ന് നടപ്പിലാക്കുകയായിരുന്നു. സലീം ആണ് ബുക്കിഷ് എന്ന പേര് നിർദേശിച്ചത്. വായനയ്ക്കും എഴുത്തിനും ഉള്ള സമർപ്പണം എന്ന നിലയിൽ അത് എല്ലാവർക്കും സ്വീകാര്യമാവുകയും വായനയ്ക്കും പഠനത്തിനുമുള്ളത്  എന്ന ടാഗ് ലൈനിൽ അതിന് പ്രചാരം നൽകുകയും ചെയ്തു. യു.എ.ഇയിലെ എഴുത്തുകാരെയും നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരെയും മാത്രം ഉൾപ്പെടുത്തി നാല് പേജുകളിലായി, അറിയപ്പെടുന്ന കവയിത്രി ആനന്ദി രാമചന്ദ്രന്റെ ഏഷ്യാറ്റിക് പ്രിന്റിംഗ് പ്രസിലാണ് ആദ്യ എഡിഷൻ അവരുടെ താൽപര്യപ്രകാരം ഗ്ലോസി പേപ്പറിൽ തന്നെ പ്രിന്റ് ചെയ്ത്   ഇറക്കുന്നത്. 2015 ൽ ഇറങ്ങിയ ആദ്യ എഡിഷന് ലഭിച്ച സ്വീകാര്യതയും ജനപിന്തുണയും ഒപ്പം യു.എ.ഇ എക്സ്ചേഞ്ച്, ഫില്ലി കഫെ പോലെയുള്ള സ്ഥാപനങ്ങൾ പരസ്യങ്ങൾ തരാൻ മുന്നോട്ട് വന്നതുമാണ് പേജുകളുടെ എണ്ണം കൂട്ടി കൂടുതൽ എഴുത്തുകാരെ പങ്കെടുപ്പിച്ച് ബുക്കിഷ് പൂർവാധികം ഭംഗിയാക്കാൻ അണിയറ ശിൽപികളെ പ്രേരിപ്പിച്ചത്.


 ബുക്കിഷിന്റെ പേജ് വർക്ക് ആദ്യം ചെയ്തിരുന്നത് മിഡിൽ ഈസ്റ്റ് ചന്ദ്രികയിൽ ലേ ഔട്ട് ആർട്ടിസ്റ്റായിരുന്ന മധു റഹ്മാൻ ആണ്. പുസ്തകോത്സവത്തിന്റെ മാത്രം പ്രത്യേകതയായ ബുക്കിഷിന്റെ ജനപ്രിയത കണക്കിലെടുത്ത് ഡി.സി ബുക്‌സ് സ്വന്തം താൽപര്യപ്രകാരം അതിലെ രചനകൾ ഉൾപ്പെടുത്തി ഒരു പുസ്തകം തയാറാക്കിയിട്ടുണ്ട്.
എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, ബെന്യാമിൻ തുടങ്ങിയ പ്രമുഖരൊക്കെയാണ് ആദ്യകാലങ്ങളിൽ ബുക്കിഷിന്റെ പ്രകാശനം നിർവഹിച്ചിരുന്നതെങ്കിൽ, തുടർന്ന് ഇപ്പോൾ വളരെ ജനകീയമായി ബുക്കിഷ് ടീമും എഴുത്തുകാരും ചേർന്ന് ഒരേ വേദിയിൽ അണി നിരന്നാണ് പ്രകാശന കർമം നിർവഹിക്കാറ്.


കഴിഞ്ഞ ഏഴു വർഷങ്ങളായി ഇറങ്ങുന്ന ബുക്കിഷ് പരിശോധിച്ചാൽ കൂടുതലും വനിതകളാണ് എഴുതാൻ താൽപര്യം കാണിക്കുന്നതെന്ന് തിരിച്ചറിയാം. പണ്ടെങ്ങോ എഴുത്തിനെ ചങ്കോടു ചേർത്തവർ, പ്രാരാബ്ധങ്ങളുടെ തിരക്കുകൾക്ക് ശേഷം ജീവിത വഴികളിൽ വീണ്ടും എഴുത്തിലേക്ക് മടങ്ങാനുള്ള ഒരു മാർഗം കൂടിയായി ബുക്കിഷിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവരിൽ നിന്ന് ഉന്നത നിലവാരം പുലർത്തുന്ന പല രചനകളും ലഭിച്ചിട്ടുമുണ്ട്. യു.എ.ഇയിൽ നിന്ന് മാത്രമല്ല, മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നും യൂറോപ്പിൽ നിന്നുപോലും ഇപ്പോൾ എഴുത്തുകാർ വളരെ ആവേശത്തോടെ ബുക്കിഷിലേക്ക് രചനകൾ അയക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. എല്ലാവർക്കും അവസരം -അതാണ് ബുക്കിഷിന്റെ പോളിസി. സാധാരണ വലിയ എഴുത്തുകൾ വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വളരെ അയത്‌ന ലളിതമായി വായിച്ചുപോകാം എന്നതിനാൽ ബുക്കിഷ് ലഭിക്കാൻ വേണ്ടി മാത്രം ദൂരദിക്കുകളിൽ നിന്ന് പോലും പുസ്തകമേള സന്ദർശിക്കുന്നവരുമുണ്ട്. യു.എ.ഇയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സാഹിത്യ കുതുകികളുടെ വാർഷിക കൂടിച്ചേരൽ കൂടിയായ ഷാർജ പുസ്തക മേളയിൽ ഇത്തവണയും  ഇരുന്നൂറ്റമ്പതിലേറെ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ ലക്കം ബുക്കിഷിന്റെ പ്രകാശനം ഇന്നലെ നിർവഹിക്കപ്പെട്ടു. അതിനൊപ്പം ബുക്കിഷിന് സ്വന്തമായി ഒരു വെബ്സൈറ്റ് യാഥാർഥ്യമാക്കുന്നതിന്റെ ആലോചനയിലാണ് അണിയറ പ്രവർത്തകർ.

 

 

Latest News