ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്കും രണ്ട് കൂട്ടാളികള്‍ക്കും കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ. മുന്‍മന്ത്രിക്കും കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവര്‍ക്കും രണ്ട് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുമുണ്ട്.
ബലാത്സംഗ കേസില്‍ പ്രജാപതി കുറ്റക്കാരനാണെന്ന് ലഖ്‌നൗവിലെ പ്രത്യേക കോടതി രണ്ട് ദിവസം മുമ്പ് കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 482/378/407 വകുപ്പുകള്‍ പ്രകാരമാണ് പ്രത്യേക കോടതിയിലെ ജഡ്ജി പവന്‍ കുമാര്‍ റായി വിധി പ്രസ്താവിച്ചത്. കേസില്‍ പ്രജാപതി ഉള്‍പ്പെടെ ഏഴുപേരായിരുന്നു പ്രതികള്‍.
മുന്‍മന്ത്രിയും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ചിത്രകൂട് സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകളേയും പ്രതി പീഡിപ്പിച്ചതായി യുവതി ആരോപിച്ചിരുന്നു.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 2017 ഫെബ്രുവരി 18ന് പ്രജാപതിക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴ് പേര്‍ക്കെതിരെയും കൂട്ടബലാത്സംഗം ജീവന് ഭീഷണിപ്പെടുത്തല്‍, പോക്‌സോ നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പരാതിയെ തുടര്‍ന്ന് 2017 മാര്‍ച്ച് 18നാണ് പ്രജാപതിയെ അറസ്റ്റ് ചെയ്തത്. വികാസ് വര്‍മ, അമരേന്ദ്ര സിംഗ്, ചന്ദ്രപാല്‍, രൂപേശ്വര്‍ എന്നിവരെ വാദത്തിനിടെ കോടതി വെറുതെവിട്ടിരുന്നു.






