- മെറ്റവേഴ്സ്: ഇന്റർനെറ്റിലെ പുതിയ പ്രപഞ്ചം
- സ്വന്തം ഡിജിറ്റൽ അവതാറുകൾ വഴി ജനങ്ങളുമായി ആശയവിനിമയം നടത്താൻ സാധിക്കുന്ന വെർച്വൽ ലോകമാണ് മെറ്റവേഴ്സ് ഒരുക്കുന്നത്.
ഭാവി ഇന്റർനെറ്റ് മെറ്റവേഴ്സായിരിക്കുമെന്ന തരത്തിലാണ് പ്രചാരണം കൊഴുക്കുന്നത്. ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഉള്ളതു പോലെ വരുംകാലത്ത് പ്രതീതി യാഥാർഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി-എ.ആർ) ഗ്ലാസുകൾ ജനങ്ങളുടെ കൈകളിൽ നിറയുമെന്നാണ് ഫെയ്സ് ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് പ്രതീക്ഷിക്കുന്നത്. അതിനർഥം എ.ആർ ഹാർഡ് വെയർ വിൽപനക്ക് വലിയ വിപണി തുറക്കപ്പെടുമെന്നാണ്.
ത്രിമാന വെർച്വൽ കാഴ്ചകൾ സമ്മാനിക്കുന്ന അമ്യൂസ്മെന്റ് പാർക്കുകളോ ഷോപ്പിംഗ് മാളുകളോ സന്ദർശിച്ചവർക്കും ഡിജിറ്റൽ അവതാറുകളിലൂടെ വീഡിയോ ഗെയിം കളിച്ചവർക്കും മെറ്റവേഴ്സ് സങ്കൽപം എളുപ്പം മനസ്സിലാകും. ഇവിടങ്ങളിൽ കാണുന്ന പ്രതീതി യാഥാർഥ്യ പ്ലാറ്റ്ഫോമുകൾ വ്യക്തിതലത്തിലുള്ള അവതാറുകൾ കൂടി ചേർത്താണ് മെറ്റവേഴ്സ് വികസിക്കുന്നത്.
ജിദ്ദയിലുള്ള നിങ്ങൾക്ക് തിരുവനന്തപുരത്തുള്ള കുടുംബത്തോടൊപ്പം കൊച്ചിയിലെ റെസ്റ്റോറന്റിലിരുന്ന് ഡിന്നർ കഴിക്കാം. സ്വന്തം ഡിജിറ്റൽ അവതാറുകൾ വഴി ജനങ്ങളുമായി ആശയവിനിമയം നടത്താൻ സാധിക്കുന്ന വെർച്വൽ ലോകമാണ് മെറ്റവേഴ്സ് ഒരുക്കുന്നത്. പ്രതീതി ലോകത്ത് ഷോപ്പിംഗ് നടത്താനും മീറ്റിംഗുകളിൽ പങ്കെടുക്കാനും കൂട്ടുകാരുമൊത്ത് ഗെയിം കളിക്കാനുമൊക്കെ സാധിക്കും. സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുകളും വഴി പ്രതീതി ലോകമെന്ന വെർചൽ പ്രപഞ്ചത്തിലെത്താം. ഈ അനുഭവം പൂർണമാകാൻ വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളും ഓഗ് മെന്റഡ് റിയാലിറ്റി ഗ്ലാസുകളും ഗെയിമിംഗ് കൺസോളുകളും സഹായിക്കും.
മെറ്റയും യൂനിവേഴ്സും ചേർന്നതാണ് മെറ്റവേഴ്സ്. മെറ്റ എന്നാൽ അപ്പുറം (ബിയോണ്ട്) എന്നാണർഥം. നമ്മൾ അറിയുന്ന ലോകത്തിനും അപ്പുറത്തുള്ള യൂനിവേഴ്സാണ് മെറ്റവേഴ്സ് എന്നു പറയാം. വെർച്വൽ ലോകത്ത് നിലകൊള്ളുന്ന അത് യഥാർഥ ലോകത്തുള്ളതായി നമുക്ക് അനുഭവപ്പെടും.
നീൽ സ്റ്റീഫൻസന്റെ 1992 ലെ ശാസ്ത്ര നോവലായ സ്നോ ക്രാഷിലാണ് ആദ്യമായി മെറ്റവേഴ്സ് ഉപയോഗിച്ചത്. സ്വകാര്യ കോർപറേഷനുകൾക്ക് സർക്കാരുകൾ അധികാരം അടിയറ വെക്കുന്നതാണ് നോവലിലെ പ്രമേയം. മറ്റു പല സിനിമകളിലും മെറ്റവേഴ്സ് ആശയം ഉപയോഗിച്ചിട്ടുണ്ട്.
ഫെയ്സ് ബുക്ക് ഈയിടെ പേര് മെറ്റയിലേക്ക് മാറ്റിയതിനു ശേഷം വലിയ തോതിലാണ് മെറ്റവേഴ്സുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പ്രചാരം ലഭിക്കുന്നത്. മെറ്റവേഴ്സ് വികസിപ്പിക്കുന്നതിലേക്കും അതിലേക്കു മാറുന്നതിന്റേയും സൂചനയായാണ് ഫെയ്സ് ബുക്ക് പേരുമാറ്റത്തെ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ വെർച്വൽ റിയാലിറ്റി പരീക്ഷണങ്ങളുമായി മൈക്രോസോഫ്റ്റിന്റെ മെഷും രംഗത്തു വന്നു. സ്വന്തം വെർച്വൽ യൂനിവേഴ്സിനുള്ള ശ്രമങ്ങളിലാണ് എൻവിഡിയ. വീഡിയോ ഫോർട്നൈറ്റിനു പിറകിലെ കമ്പനിയായ എപിക് ഗെയിംസിനപ്പുറം ഡാൻസ് പാർട്ടികൾ, സംഗീതക്കച്ചേരികൾ തുടങ്ങിയ സാമൂഹിക അനുഭവങ്ങളിലേക്ക് മാറിയിട്ടുണ്ട്.
മെറ്റവേഴ്സ് ഇനിയും പൂർണമായും യാഥാർഥ്യമായിട്ടില്ല. അതിന്റെ പ്രവർത്തനങ്ങൾ പല കോണുകളിൽ വികസിക്കുമ്പോൾ ഇന്റർനെറ്റിലെ അടുത്ത വിപ്ലവമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്റർനെറ്റിനു പകരം തന്നെ ഈ പേര് ഉപയോഗിക്കപ്പെടുമെന്നും ധാരാളം പേർ വിലയിരുത്തുന്നു. നിലവിലെ ഇന്റർനെറ്റ് 2ഡി ആണെങ്കിൽ അടുത്ത മാറ്റം 3ഡിയിലേക്കാണ്. ഇപ്പോൾ ഫെയ്സ് ബുക്ക് ബ്രൗസ് ചെയ്യുമ്പോൾ 2ഡി സ്ക്രീനിലാണ് കാണുന്നതെങ്കിൽ മെറ്റവേഴ്സ് വരുന്നതോടെ അത് ത്രീഡിയിലേക്ക് മാറുകയും ഇന്റർനെറ്റിന് ജീവൻ വെക്കുകയും ചെയ്യും.
മെറ്റവേഴ്സിന്റെ അന്തിമരൂപം എന്തായിരിക്കുമെന്ന് ഇപ്പോൾ ആർക്കും ഉറപ്പില്ല. വെർച്വൽ അന്തരീക്ഷം ആരായിരിക്കും ഒടുവിൽ നിയന്ത്രിക്കുക എന്ന ചോദ്യത്തിനും ഉത്തരമില്ല. നിരവധി വെർച്വൽ റിയാലിറ്റികളുടെ മിശ്രിതമായിരിക്കും രൂപപ്പെടുന്ന പുതിയ വെർച്വൽ പ്രപഞ്ചം. പുതിയ ടെക്നോളജികളും അടിസ്ഥാനോപാധികളും ഇതിനായി വേണം.
നിലവിലെ സാങ്കേതിക വിദ്യകൾ തന്നെ അടിസ്ഥാനമാക്കിയുള്ള ആവേശം മാത്രമാണ് മെറ്റവേഴ്സെന്ന് വിമർശകർ അഭിപ്രായപ്പെടുന്നുണ്ട്. എ.ആർ, വി.ആർ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഇപ്പോൾ തന്നെ നിലവിലുണ്ടല്ലോ എന്നാണ് അവരുടെ ചോദ്യം. മെറ്റവേഴ്സ് എന്ന പദവും പുതിയതല്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. വി.ആർ ഡേറ്റകൾ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ളതായതിനാൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമെന്നും കൂടുതൽ ആളുകൾ ഇരകളാക്കപ്പെടുമെന്നും വിമർശകർ പറയുന്നു. വെർച്വൽ റിയാലിറ്റിയോട് അമിതമായ അഡിക്ഷനു കാരണമാകുമെന്നാണ് മറ്റൊരു വിമർശം.






