സൈനികന്‍ ചമഞ്ഞ് സ്ത്രീകളില്‍നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍

ഇടുക്കി-സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും  ട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ശൂരനാട് രഞ്ജിത്ത്.ആര്‍.പിള്ള (29) ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പോലീസ് പറയുന്നത്:  ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അജയ്.ആര്‍ എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് രഞ്ജിത്ത് തട്ടിപ്പ് നടത്തിയത്. ഉന്നത സൈനിക  ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം ധരിച്ച യുവാക്കളുടെ ആകര്‍ഷക  ചിത്രങ്ങള്‍ കൃത്രിമമായി പ്രൊഫൈല്‍ ചിത്രമാക്കിയാണ് തട്ടിപ്പ്.

നെടുങ്കണ്ടം സ്വദേശിനിയായ 17കാരിയുടെ പരാതിയില്‍ നെടുങ്കണ്ടം സിഐ ബി.എസ്.ബിനു, എസ്‌ഐ ജി.അജയകുമാര്‍, ഉദ്യോഗസ്ഥരായ സുനില്‍ മാത്യൂ, എന്‍.എ.മുജിബ്, ആര്‍.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്.
2018ല്‍  രഞ്ജിത്ത് പൂനെയില്‍ പട്ടാളക്കാരുടെ കാന്റീനില്‍ ജോലി ചെയ്തിരുന്നു. പ്രതിയുടെ ഭാര്യാ സഹോദരന്‍ പട്ടാളത്തിലാണ്. ഇതിന് ശേഷം കോയമ്പത്തൂരില്‍ എത്തി പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും തട്ടിപ്പിനിരയാക്കിയത്. 500 മുതല്‍ 10000 രൂപ വരെ രഞ്ജിത്ത് പലരില്‍ നിന്നായി തട്ടിയെടുത്തു. തട്ടിപ്പിന് മാത്രമായി ഒരു ഫോണും ഇയാള്‍ക്കുണ്ടായിരുന്നു.

നവ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റുകള്‍ അയച്ച് വീട്ടമ്മമാരായും വിദ്യാര്‍ഥിനികളെയും സൗഹൃദത്തിലാക്കും. ഇതിന് ശേഷം സൗഹൃദത്തിലായവരുടെ ചിത്രങ്ങള്‍ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും. എന്നാല്‍ പ്രതി ഒരു തവണ പോലും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്നും തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.
ഇത്തരത്തില്‍ നിരവധിപേര്‍ക്ക്  പണം നഷ്ടപ്പെട്ടു. 17 വയസുകാരി ഇക്കഴിഞ്ഞ മൂന്നി നാണ് നെടുങ്കണ്ടം സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നെടുങ്കണ്ടം  പോലീസും ജില്ല സൈബര്‍ സെല്ലും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കോയമ്പത്തൂരിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്തി പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടുത്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News