തിരുവനന്തപുരം- ഒരു വർഷത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുന്നു. നാളെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി കോടിയേരി ചുമതലയേൽക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 2020 നവംബർ 13-നാണ് അനാരോഗ്യം കാരണം സംസ്ഥാന സെക്രട്ടറി പദവിയിൽനിന്ന് കോടിയേരി മാറിയത്. ആരോഗ്യകാരണങ്ങൾക്ക് പുറമെ മകൻ ബിനീഷ് കോടിയേരി കള്ളപ്പണ കേസിൽ അറസ്റ്റിലായതും സമ്മർദ്ദമുണ്ടാക്കി. തുടർന്നാണ് എ.വിജയരാഘവന് താൽക്കാലിക ചുമതല നൽകിയത്. ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടായതും ബിനീഷ് കോടിയേരി ജയിൽ മോചിതനായതും വീണ്ടും സെക്രട്ടറി പദവിയിലേക്ക് എത്താൻ അനുകൂല ഘടകമായി. വീണ്ടും സംസ്ഥാന സെക്രട്ടറിയാകാമെന്നുള്ള സന്നദ്ധത കോടിയേരി അറിയിക്കുകയും ചെയ്തു. 2015-ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായത്. 2018-ൽ വീണ്ടും സെക്രട്ടറിയായി.






