കെ.എസ്.ആർ.ടി.സിയുടെ ഭാരം ജനം ചുമക്കണോ?

കണ്ടക്ടർ കം ഡ്രൈവർ സംവിധാനം നിർബന്ധമാക്കണം. ഇത്തരമൊരു നീക്കത്തിനു തുടക്കമിടാൻ കഴിവുള്ള എം.ഡിയെ ചുരുങ്ങിയത് അഞ്ചുവർഷത്തെ കാലാവധിയോടെയെങ്കിലും നിയമിക്കണം. ഇത്തരമൊരു നീക്കത്തിനു ഇനിയും വൈകരുത്. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ സ്വകാര്യവൽക്കരണം പോലും ആലോചിക്കാവുന്നതാണ്. തുറമുഖവും വിമാനത്താവളവും സ്വകാര്യ മേഖലയിൽ നടക്കുന്ന നാട്ടിൽ അതിലെന്താണ് തെറ്റ് എന്നു ചോദിക്കുന്നവരെ കുറ്റപ്പെടുത്താൻ എങ്ങനെയാണ് കഴിയുക? 

ഈ ദുരന്ത കാലത്തും ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ രണ്ടു ദിവസം നടത്തിയ സമരം വൻ വിജയം തന്നെ. സംഘടിത തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളൊക്കെ വിജയിക്കുന്ന ചരിത്രം തന്നെയാണല്ലോ കേരളത്തിന്റേത്. സമരം വിജയിക്കുമെങ്കിലും സമരത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാറുണ്ടോ എന്നത് വേറെ കാര്യം. എന്തായാലും ഈ സമരത്തിൽ ആയിരക്കണക്കിനു കോടികളുടെ കടം ഇപ്പോൾ തന്നെയുള്ള സ്ഥാപനത്തിന്റെ നഷ്ടം കൂടിയെന്നതിൽ മാത്രം തർക്കമില്ല. എന്നാൽ സമരമില്ലാത്ത ദിവസത്തെ കടത്തേക്കാൾ കുറവാണ് സമര ദിവസത്തെ കടമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അതുതന്നെയായിരിക്കും ശരി.

മലയാളികൾക്ക് ഒുരുപാട് ആധുനിക അന്ധവിശ്വാസങ്ങളുണ്ട്. അതിലൊന്നാണ് പൊതുമേഖല എന്നാൽ സോഷ്യലിസമാണെന്നും വിശുദ്ധ പശുവാണെന്നും എത്രമാത്രം ജീർണിച്ചാലും എത്ര നഷ്ടമായാലും എത്ര അഴിമതി നടന്നാലും  അവ നിലനിർത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നുമുള്ളത്. മറ്റൊന്ന് സംഘടിത തൊഴിലാളി വർഗം പറയുന്നതെന്തും ശരിയാണെന്നും തൊഴിലാളി നേതാക്കളാണ് ഏതു വിഷയത്തിലും അന്തിമ വിധികർത്താക്കളുമെന്നതാണ്. ഇവ രണ്ടുമാണ് കെ.എസ.്ആർ.ടി.സിയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും വിമർശനം പറയുന്നവരോടുള്ള മറുപടി  കെ.എസ്.ആർ.ടി.സി നടത്തുന്നത് സേവനമാണ്, അതിൽ ലാഭനഷ്ടങ്ങൾ നോക്കരുതെന്നാണ്. കുറവ് ചാർജ് വാങ്ങുന്ന സ്വകാര്യ ബസ് വ്യവസായം സാമാന്യം ലാഭത്തിൽ (കോവിഡിനു മുമ്പെങ്കിലും) നടക്കുമ്പോഴാണ്, ദേശീയപാത കുത്തകയായി വെച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ദിനംപ്രതി ശരാശരി 5 കോടിയുടെ നഷ്ടമുണ്ടാക്കുന്നത്. വരുമാനം കുറഞ്ഞ റൂട്ടുകളിൽ ഓടുന്നു, രാത്രിയിലും ഓടുന്നു എന്നൊക്കെയുള്ള അവകാശവാദങ്ങളും കേൾക്കാം. വരുമാനം കുറഞ്ഞ റൂട്ടുകളൊക്കെ എന്നേ നിർത്തലാക്കിയിരിക്കുന്നു. രാത്രിയോടുന്നത് പ്രധാനമായും ധാരാളം യാത്രക്കാരുള്ള ദേശീയ പാതയിലാണ്. എന്നിട്ടും എല്ലാ മാസത്തെ വേതനവും പെൻഷനും സർക്കാർ തന്നെ നൽകുകയാണ്. ശരാശരി 150 കോടിക്കടുത്ത്.

സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും പിടിപ്പുകേടും തൊഴിലാളി നേതാക്കളുടെയും തൊഴിലാളികളുടെയും തോന്നിവാസവും തന്നെയാണ് കെ.എസ്.ആർ.ടി.സിയുടെ തകർച്ചക്ക് കാരണം. ജീവനക്കാരുടെ എണ്ണം ഇരുപത്തയ്യായിരത്തിനു മീതെയാണ്. കടം ഓരോ ബസിനും രണ്ടു കോടിയോളവും. ആകെ പതിനായിരത്തോളം കോടി. കഴിഞ്ഞ പിണറായി സർക്കാർ 5 വർഷത്തിനിടയിൽ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചത് 5000 കോടി രൂപയായിരുന്നു. കടം അനുദിനം കൂടുന്നു. ദിനംപ്രതി ഒരു കോടിയോളം രൂപ, വേതനം വാങ്ങാനായി കടംവാങ്ങുന്ന തുകക്ക്  സർക്കാർ പലിശ അടയ്ക്കുന്നു. ഏതെങ്കിലും സ്വകാര്യ കമ്പനിയിൽ ഇതു നടക്കുമോ? എല്ലാം ജനങ്ങളുടെ തലയിൽ വെക്കാമെന്ന ചിന്തയിൽ നിന്നല്ലേ ഇതെല്ലാം സംഭവിക്കുന്നത്. കഴിഞ്ഞില്ല, ഏതെങ്കിലും സ്വകാര്യ കമ്പനിയാണെങ്കിൽ എന്തൊക്കെ നടപടിക്രമത്തിന് ശേഷമാണ് സി.ഇ.ഒയെ നിയമിക്കുക. അങ്ങനെ നിയമിക്കുന്നവർക്ക് തങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ആവശ്യമായ സമയവും കൊടുക്കും. എന്നാൽ കെ.എസ്.ആർ.ടി.സി എം.ഡിമാരെ നിയമിക്കുന്നതോ? എന്തെങ്കിലും മാനദണ്ഡം അതിനുണ്ടോ? മിക്കവാറും പേർ റിട്ടയർ ചെയ്യാറായ ഐ.എ.എസുകാർ. ഇത്തരം മേഖലകളിൽ ഒരു പരിചയവുമില്ലാത്തവർ. ശരാശരി കാലയളവ് ഏതാനും മാസങ്ങൾ. അതിനിടയിൽ എന്തെങ്കിലും ആശയങ്ങൾ മുന്നോട്ടുവെച്ചാൽ,  തൊഴിലാളി നേതാക്കൾ രംഗത്തിറങ്ങും. ഒരു മാറ്റവും അവരനുവദിക്കില്ല. അവരുടെ സമ്മർദത്തിനു വഴങ്ങി സർക്കാർ ആളെ മാറ്റും.  വീണ്ടും കോടികൾ അനുവദിക്കും. ഈ കൊള്ളയാണ് കാലങ്ങളായി നടക്കുന്നത്. മറ്റൊന്ന്. ഏതെങ്കിലും സ്വകാര്യ കമ്പനിയാണെങ്കിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും കാണുന്ന പോലെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ കോടികൾ ചെലവഴിച്ച് നിർമിക്കുമോ? പൊതുമേഖലയാണെങ്കിൽ എന്തുമാകാമെന്നാണോ? ഇപ്പോഴിതാ കോഴിക്കോട്ടെ കെട്ടിടനിർമാണത്തിൽ വൻ അഴിമതിയെന്നാണ് വാർത്ത. 
ജനങ്ങൾക്കു വേണ്ടിയല്ല, തങ്ങൾക്കു ജോലി നൽകാനുള്ള സ്ഥാപനം മാത്രമാണ് കെ.എസ്.ആർ.ടി.സി എന്നാണ് പൊതുവിൽ ജീവനക്കാരുടെ നിലപാട്. എന്നാൽ അതേ സ്ഥാപനത്തോട് ഒരുത്തരവാദിത്തവും ഇല്ലാത്തവരാണ് ഭൂരിഭാഗവും. 


എന്തായാലും ഈ അവസ്ഥയിൽ മുന്നോട്ടു പോകുകയാണെങ്കിൽ കേരളത്തെ കുട്ടിച്ചോറാക്കുന്ന സ്ഥാപനമായി കെ.എസ്.ആർ.ടി.സി മാറും. ഇന്ധന നികുതി കുറക്കാതിരിക്കാൻ ധനമന്ത്രി പറഞ്ഞ കാരണങ്ങളിൽ ഒരെണ്ണം കെ.എസ്.ആർ.ടി.സിയുടെ ബാധ്യതയാണല്ലോ. ആതെിർത്താലും ശക്തമായ ഇടപെടലാണ് സർക്കാർ നടത്തേണ്ടത്. സ്ഥാപനത്തിനു ഇപ്പോൾ ഇരുപത്തയ്യായിരം കോടിയുടെ ആസ്തിയുണ്ടെന്ന് ഒരു യൂനിയൻ നേതാവ് ചാനലിൽ പറയുന്നതു കേട്ടു. 'ഞങ്ങൾക്ക്' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാലത് ജനങ്ങളുടേതാണ്. സർക്കാർ ഉടനെ ചെയ്യേണ്ടത് വെറുതെ കിടക്കുന്ന ആസ്തികളിലൊരു ഭാഗം വിറ്റ് നിലവിലെ കടം വീട്ടലാണ്. തുടർന്ന് തികഞ്ഞ ആസൂത്രണത്തോടെ ക്ലീൻ സ്ലേറ്റിൽ ആരംഭിക്കണം. വളണ്ടറി റിട്ടയർമെന്റിനു പ്രേരിപ്പിച്ച് ജീവനക്കാരുടെ എണ്ണം കുറക്കണം. മുകളിൽ സൂചിപ്പിച്ച പലപ്പോഴായി ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിച്ച് ഗുണകരമായവ നടപ്പാക്കണം. സ്ഥാപനം വികേന്ദ്രീകരിക്കണം. ഒപ്പം  ആധുനീകരിക്കുകയും ആകർഷകവുമാക്കണം. സ്ഥലങ്ങളും പഴയ ബസുകളും മറ്റാവശ്യങ്ങൾക്ക് വാടകക്കു കൊടുത്തും പരസ്യങ്ങൾ പ്രദർശിപ്പിച്ചും വരുമാനം കൂട്ടണം. കണ്ടക്ടർ കം ഡ്രൈവർ സംവിധാനം നിർബന്ധമാക്കണം. ഇത്തരമൊരു നീക്കത്തിനു തുടക്കമിടാൻ കഴിവുള്ള എം.ഡിയെ ചുരുങ്ങിയത് അഞ്ചു വർഷത്തെ കാലാവധിയോടെയെങ്കിലും നിയമിക്കണം. ഇത്തരമൊരു നീക്കത്തിനു ഇനിയും വൈകരുത്. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ സ്വകാര്യവൽക്കരണം പോലും ആലോചിക്കാവുന്നതാണ്. തുറമുഖവും വിമാനത്താവളവും സ്വകാര്യ മേഖലയിൽ നടക്കുന്ന നാട്ടിൽ അതിലെന്താണ് തെറ്റ് എന്നു ചോദിക്കുന്നവരെ കുറ്റപ്പെടുത്താൻ എങ്ങനെയാണ് കഴിയുക? എന്തായാലും ഇനിയെങ്കിലും ജനങ്ങളുടെ തലയിൽ നിന്ന് ഈ ഭാരം ഇറക്കിവെക്കാൻ സർക്കാർ തയാറാകുക തന്നെ വേണം. അതല്ല, കെ.എസ്.ആർ.ടി.സി സേവനമാണെങ്കിൽ യാത്ര സൗജന്യമാക്കണം.

Latest News