Sorry, you need to enable JavaScript to visit this website.

ഫ്‌ളാറ്റില്‍വെച്ച് ഷുഗര്‍ നോക്കാറുണ്ടോ? ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്

ബ്ലഡ് ഷുഗര്‍ പരിശോധിച്ച് കൃത്യമായി നിയന്ത്രിക്കേണ്ടത് പ്രമേഹം ഗുരുതരമാകാതിരിക്കാന്‍ നിര്‍ബന്ധമാണ്. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും വീടുകളില്‍വെച്ച് ഷുഗര്‍ പരിശോധിക്കുന്നതിനുള്ള ഗ്ലൂക്കോമീറ്ററുകളും ആവശ്യമായ സ്ട്രിപ്പുകളും അനുവദിക്കുന്നുണ്ട്.


വീടുകളില്‍വെച്ച് ഷുഗര്‍ ലെവല്‍ പരിശോധിക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള അബദ്ധങ്ങളെ കുറിച്ച് ഡോക്ടര്‍മാരും വിദഗ്ധരും ചൂണ്ടിക്കാണിക്കാറുണ്ട്.


പരിശോധന ഇടക്കിടെ നടത്തണമെന്നതിനു പുറമെ പ്രക്രിയ ശരിയായ രീതിയില്‍ നടത്തേണ്ടതും പ്രധാനമാണ്. എല്ലാ ദിവസവും ലബോറട്ടറികളില്‍ പോയി ബ്ലഡ് ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കുക എന്നത് ചെലവേറിയതും സമയമെടുക്കുന്നതുമാണ്. ഇതു കൊണ്ടുതന്നെയാണ് ഡോക്ടര്‍മാര്‍ കുറിക്കുന്ന ഗ്ലൂക്കോ മീറ്ററുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉടന്‍ തന്നെ അഗീകരിക്കുന്നത്.


കൃത്യമായ ഷുഗര്‍ ലെവല്‍ തന്നെയാണ് രേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ ഹോം ടെസ്റ്റിംഗ് കിറ്റി ഉപയോഗിക്കുന്ന വിധത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.


പഴയ ടെസ്റ്റിംഗ് സ്ട്രിപ്പുകള്‍ ഉപയോഗിക്കുന്നത് പൊതുവെ കണ്ടുവരുന്ന അബദ്ധമാണ്. സ്ട്രിപ്പുകള്‍ക്ക് കാലാവധിയുണ്ടെന്ന കാര്യം പോലും പലരും മനസ്സിലാക്കുന്നില്ല. എക്‌സ്പയറായ സ്ട്രിപ്പുകള്‍ ഉപയോഗിച്ചാല്‍ കൃത്യമായ റീഡിംഗായിരിക്കില്ല നല്‍കുക. അതുകൊണ്ട് പുതിയ സ്ട്രിപ്പുകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം.


ഷുഗര്‍ ലെവല്‍ പരിശോധിക്കുന്ന സമയത്തിനും പ്രധാന്യമുണ്ട്. ദിവസം ഏതെങ്കിലും സമയത്ത് ടെസ്റ്റ് ചെയ്യുന്നതുകൊണ്ട് കൃത്യമായ ലെവല്‍ കിട്ടിക്കൊള്ളണമെന്നില്ല. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയത്തുതന്നെ പരിശോധന നടത്തണം. കൃത്യമായ ഫലം ലഭിക്കാന്‍ ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷം ഷുഗര്‍ ടെസ്റ്റ് നടത്തണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ശുപാര്‍ശ.


 എല്ലാ ദിവസവും ടെസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന്റെ സമയത്തിലും കൃത്യത പുലര്‍ത്തണം. രാവിലെ എട്ട് മണിക്കാണ് ഒരാള്‍ ടെസ്റ്റ് ചെയ്യുന്നതെങ്കില്‍ അതേ സമയം തന്നെ അടുത്ത ദിവസവും പാലിക്കണം. ഒരു ദിവസം രാവിലെ എട്ട് മണിക്കും അടുത്ത ദിവസം ഉച്ചക്ക് 12 മണിക്കും ടെസ്റ്റ് നടത്തിയാല്‍ ആരോഗ്യനില കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് തടസ്സമാണ്. ഷുഗര്‍ ടെസ്റ്റില്‍ കൃത്യത ലഭിക്കാന്‍ ജീവിത ശൈലിയിലും അച്ചടക്കം പാലിക്കേണ്ടി വരും.


ടെസ്റ്റ് ചെയ്യുമ്പോള്‍ പൊടിയും ഉപ്പും പഞ്ചാസരയുമൊക്കെ കൈകളിലുണ്ടെങ്കില്‍ റിസള്‍ട്ടിനെ ബാധിക്കും. കൈകള്‍ നന്നായി കഴുകു വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം.


വിപണിയില്‍ ലഭ്യമായതില്‍ നല്ല ടെസ്റ്റിംഗ് കിറ്റ് തന്നെ തെരഞ്ഞെടുക്കണം. പല കമ്പനികളും പലവിധ ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് കൊണ്ടുനടക്കാവുന്ന ചെറിയ കിറ്റായിരിക്കും നല്ലത്.

 

Latest News