കുവൈത്ത് സിറ്റി- പാർലമെന്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കുവൈത്ത് മന്ത്രിസഭ ഇക്കൊല്ലം രണ്ടാമതും രാജിവച്ചു. എം.പിമാർക്ക് കൂടുതൽ എതിർപ്പുള്ള മന്ത്രിമാരെ മാറ്റാനാണ് നീക്കം. ഇക്കഴിഞ്ഞ ജനുവരിയിലും സമാന സഹചര്യത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചിരുന്നു. തുടർന്ന് സബാഹ് ഖാലിദിന്റെ തന്നെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. മാർച്ചിലായിരുന്നു പുതിയ മന്ത്രിസഭ വന്നത്. എം.പി മാരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ പ്രഖ്യാപിക്കുന്നനിരവധി പദ്ധതികൾ മുടങ്ങിയിരുന്നു. തുടർന്ന് അമീറിന്റെ നിർദ്ദേശ പ്രകാരം ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച നടത്തിയാണ് മന്ത്രിസഭ വീണ്ടും രാജിവച്ചത്. അഞ്ചു നിയോജക മണ്ഡലങ്ങളിൽനിന്നും പത്തു പേർ വീതം 50 പേരാണ് പാർലമെന്റിലേക്ക് വോട്ടെടുപ്പിലൂടെ എത്തുന്നത്. ഇവരിൽനിന്നും ഒരാൾ മതി മന്ത്രിസഭയിൽ എന്നാണ് ചട്ടം.