കാര്‍ ഒട്ടകത്തിലിടിച്ച് മലയാളി മരിച്ച അപകടം;മൂന്ന് പേരുടെ പരിക്ക് ഗുരുതരം

അപകടത്തില്‍ മരിച്ച റിഷാദ് അലി

ജിദ്ദ- മദീനാ സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന രണ്ടു മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) ആണ് മരിച്ചത്. റിഷാദിന്റെ ഭാര്യ ഫര്‍സീന ചേരുംകുഴിയില്‍, മകള്‍ അയ്മിന്‍ റോഹ (മൂന്നര), ജിദ്ദയില്‍ ജോലി ചെയ്യുന്ന തുവ്വൂര്‍ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിന്‍സില, ഇവരുടെ മാതാവ് വട്ടിപ്പറമ്പത്ത് റംലത്ത്, സഹോദരന്‍ മുഹമ്മദ് ബിന്‍സ് (16), െ്രെഡവര്‍ അബ്ദുല്‍ റഊഫ് കൊളക്കാടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരില്‍ അബ്ദുല്‍ റഊഫ്, ഫര്‍സീന, റംലത്ത് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ജിദ്ദ അബ്ഹൂര്‍ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച റിഷാദ് അലിയുടെ മകള്‍ അയ്മിന്‍ റോഹ, റിന്‍സില, മുഹമ്മദ് ബിന്‍സ് എന്നിവര്‍ റാബിഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച റിഷാദ് അലി ജിസാനില്‍ ബഖാല ജീവനക്കാരനായിരുന്നു. സന്ദര്‍ശക വിസയിലുള്ള ഇദ്ദേഹത്തിന്റെ കുടുംബം ജിദ്ദയിലെത്തി നാട്ടുകാരനായ നൗഫലിന്റെ കുടുംബവുമായി ഇന്നോവ കാറില്‍ മദീന സന്ദര്‍ശനം കഴിഞ്ഞ് ബദര്‍ വഴി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

റാബിഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന റിഷാദ് അലിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

Latest News