ബില്‍ ഗേറ്റ്‌സിന് വിവാഹ വാഗ്ദാനം; വിശദീകരണവുമായി കുവൈത്തി ഗായിക

കുവൈത്ത് സിറ്റി- മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിനെ വിവാഹം ചെയ്യാന്‍ സന്നദ്ധയാണെന്ന കുവൈത്തി നടിയും ഗായികയുമായ ശംസിന്റെ ട്വീറ്റ് വിവാദമായി.

ഡിജിറ്റല്‍ കാലത്തെ പ്രതിഭയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബില്‍ ഗേറ്റ്‌സിനോടുള്ള ആരാധനയും വിവാഹ വാഗ്ദാനവും ഗായിക അറിയിച്ചത്.

ഇദ്ദേഹം സ്മാര്‍ട്ടാണ്. നിലവിലെ ഡിജിറ്റല്‍ യുഗത്തലെ ജ്യോതിസ്സാണ്. നാളെ എന്തു സംഭവിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ അറിവും ദീര്‍ഘവീക്ഷണവും ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിനു വിവാഹം ചെയ്യാന്‍ സമ്മതമാണ്. അദ്ദേഹം സ്വീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ- ഇതായിരുന്നു ഗായികയുടെ ട്വീറ്റ്.

വിവദമായതോടെ തന്റെ ട്വീറ്റ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും സീരിയസായല്ല വിവാഹ വാഗ്ദാനം നല്‍കിയതെന്നും ഗായിക വിശദീകരിച്ചു. ഇതൊരു പരിഹാസം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

ഭാവിയില്‍ വസൂരിയും മറ്റു മാഹാമാരികളും തടയുന്നതിന് ഗവേഷണത്തിലും വികസനത്തിലും സര്‍ക്കാരുകള്‍ ഇപ്പോള്‍ കോടികള്‍ ചെലവഴിക്കണമെന്ന ബില്‍ ഗേറ്റ്‌സിന്റെ പ്രസ്താവനക്കു പിന്നാലെ ആയിരുന്നു ശംസിന്റെ ട്വീറ്റ്.
ഹെല്‍ത്ത് സെലക്ട് കമ്മിറ്റി അധ്യക്ഷന്‍ ജെറമി ഹണ്ടുമായി നടത്തിയ സംഭാഷണത്തിലാണ് ബില്‍ഗേറ്റസ് ഇക്കാര്യം പറഞ്ഞത്.

 

Latest News