Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൗമാര കാലം

പ്രവാസികളെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യങ്ങളിലൊന്നാണ് കൗമാരക്കാരായ മക്കളുടെ സംരക്ഷണം. പൊട്ടിത്തെറിക്കാൻ പാകമായ പ്രായത്തിൽ അവരുടെ സംരക്ഷണം ദൂരെനിന്ന് ക്രമീകരിക്കേണ്ടി വരുന്നതിലെ അസ്വസ്ഥത. കൗമാരക്കാരായ മക്കളെ തനിച്ച് നാട്ടിൽ നിർത്താനാകില്ല. ഒരു നിയന്ത്രണവുമില്ലാത്ത ജീവിതമായിരിക്കും. ഇവിടെ ഞങ്ങളോടൊപ്പം നിർത്തിയാൽ നാല് ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടുന്നുവെന്ന് സങ്കടം. ചങ്ങാതിമാർക്കൊപ്പം ആഗ്രഹിക്കുന്നതുപോലെ കളിക്കാനോ പുറത്തിറങ്ങി നടക്കാനോ എവിടെയെങ്കിലുമിരുന്ന് വർത്തമാനം പറയാനോ അവസരമില്ല. 
കൗമാരക്കാരുടെ പ്രശ്‌നങ്ങൾ ഏറെ സങ്കീർണ്ണമാണ്. സ്‌കൂളിൽവെച്ച് മാത്രം ചങ്ങാതിമാരെ കാണുന്ന, മറ്റ് നേരങ്ങളിലെല്ലാം അവരവരുടെ ലോകത്ത് കഴിയുന്ന ഗൾഫിലെ കൗമാരക്കാരുടെ സ്ഥിതി അനുഭാവത്തോടെ വിശകലനം ചെയ്യുമ്പോഴേ പ്രശ്‌നത്തിന്റെ ആഴമറിയാനാവൂ. ഏത് നാട്ടിലായാലും കൗമാരം മാറ്റങ്ങളുടേയും സംഘർഷങ്ങളുടേയും കാലമാണ്. മറ്റ് ഘട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കുട്ടിക്കാലവുമായോ യുവത്വവുമായോ മദ്ധ്യവയസ്സുകാലവുമായോ ചേർത്തുനോക്കുമ്പോൾ, കൗമാരം ഹ്രസ്വകാലമാണ്. ചെറിയൊരു കാലഘട്ടമാണെങ്കിലും പൊടുന്നനെയുള്ള മാറ്റങ്ങൾക്കൊണ്ടും, ഈ നാളുകളിലനുഭവിക്കുന്ന സംഘർഷങ്ങൾകൊണ്ടും സവിശേഷ പ്രാധാന്യമുള്ളതാണ്. പെട്ടെന്നാണവർ ശരീരംകൊണ്ടും മനസ്സുകൊണ്ടും മാറുന്നത്. ഇന്നലെവരെയുള്ള എന്റെ തുടർച്ചയാണോ ഇക്കാണുന്ന ഞാനെന്ന് കൗമാരക്കാർ സംശയിക്കുന്നു. മാറ്റങ്ങളുടെ മറിമായത്താൽ 'ഞാൻ ഞാൻതന്നെയോ?' എന്ന് സംശയിക്കുന്നു. അവരവരെത്തന്നെ അപരിചിതമായി തോന്നുന്ന മനോതലം അസ്വസ്ഥപ്പെടുത്തുന്നു. ശാരീരികമായ മാറ്റങ്ങൾ ചിലർക്ക് അറിയായ്കയാലും തെറ്റിദ്ധാരണകളാലും സുഖകരമായ ഒരനുഭവമായിരിക്കില്ല. ശാരീരിക വളർച്ച, ലൈംഗികാവയവങ്ങളിലെ മാറ്റം, തന്റെ ചുറ്റുവട്ടമുള്ളവരുടെ പ്രതീക്ഷകളിൽ പെട്ടെന്നുണ്ടായ വ്യതിയാനം വരുത്തുന്നതറിയുന്നു. പെൺകുട്ടികളിൽ ചിലർ അനുഭവിക്കുന്ന പീഡനങ്ങൾ, ലൈംഗിക ചൂഷണങ്ങൾ കൂടുതൽ അസ്വസ്ഥതയ്ക്ക് കാരണമായിത്തീരുന്നു. 
കൗമാരം മാനസികതലങ്ങളിലും ചില മാറ്റങ്ങളുണ്ടാക്കുന്നു. അടക്കാനാവാത്ത ആഹ്ലാദത്തിന്റെയും, അറിയാതെ വന്നെത്തുന്ന ദുഃഖകാലത്തിന്റെയും, നിയന്ത്രിക്കാനാവാത്ത ആവേശത്തിന്റെയും, ചിലപ്പോൾ പേടിപ്പെടുത്തുന്ന ഏകാന്തതയുടെയും കാലമാണ് കൗമാരം. എതിർലിംഗത്തിൽപെടുന്നയാളിനോട് തോന്നുന്ന ആകർഷണം ചിലപ്പോൾ വിലക്കുകളാൽ കുറ്റബോധത്തിന് കാരണമായിത്തീരുന്നു. ഇഷ്ടം തോന്നുന്ന ഒരാളോട് വർത്തമാനം പറയാനാവാതെ പോവുന്നതും, രക്ഷിതാക്കളുടെ പ്രതികരണം ഭയന്ന് സ്വകാര്യമായി ആശയവിനിമയം നടത്തുന്നതും ആന്തരിക സംഘർഷത്തിന് കാരണമായിത്തീരുന്നു. രക്ഷിതാക്കളുടെ ഇടപെടലുകൾ അസഹ്യമാകുന്നതും അന്നേരമാണ്. മുതിർന്നവർക്ക് സ്വീകാര്യമല്ലാത്ത പല സ്വഭാവങ്ങളും ഇക്കൂട്ടർ കൂടെകൊണ്ടുനടക്കുന്നു. എന്ത് ചെയ്താലും പഴി കേൾക്കേണ്ടിവരുന്നവരാണ് പല കൗമാരക്കാരും. ഓരോ അനക്കങ്ങളിലും രക്ഷിതാക്കളുടെ നിയന്ത്രണങ്ങളും, രഹസ്യ ചാരന്മാരെപ്പോലെയുള്ള പിന്തുടരലുകളും അസുഖകരമായ അനുഭവങ്ങൾക്ക് കാരണമാക്കുന്നു. തുറന്നുപറയാനോ പൊട്ടിക്കരയാനോ കൂടെയാരുമില്ലാത്തവരാണ് ചിലർ. 
ബാല്യകാലത്തിന്റെ കൗതുകങ്ങളിൽനിന്നവർ വിട്ടുമാറിയിട്ടില്ല. എന്നാൽ പക്വതയുടെ പെരുമാറ്റം ചുറ്റുവട്ടം അവരിൽനിന്ന് പ്രതീക്ഷിക്കുന്ന കുട്ടിയുടെ കൊച്ചുമോഹങ്ങളൊഴിവാക്കാത്ത കൗമാരക്കാർ മുതിർന്നവരുടെ കടുത്ത നിഷ്‌കർഷകളും ചിട്ടകളും കൽപ്പനകളും വെറുക്കാൻ തുടങ്ങുന്നു. ഉപദേശങ്ങളുടെ മലവെള്ളപ്പാച്ചിൽ ലോകത്തെതന്നെ വെറുക്കാൻ കാരണമാക്കുന്നു. സദാചാരത്തിന്റെയും അച്ചടക്കത്തിന്റെയും കൽപ്പനകൾ പട്ടാളച്ചിട്ടയിൽ വന്ന് പൊതിയുമ്പോൾ, അവ ലംഘിക്കാനുള്ള മനോഭാവം ഉടലെടുക്കുന്നു, പലതിലും. ചില കൗമാരക്കാർക്ക് എല്ലാം ലഭിക്കുന്നുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ടവർ തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നു തോന്നുന്നു. തന്നെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആരുമില്ലെന്ന് ചിലരറിയുന്നു.
എതിർലിംഗത്തിൽപെട്ട ഒരാളിനോട് തോന്നുന്ന അഭിനിവേശം പല കൗമാരക്കാർക്കും അസ്വസ്ഥകരമായ അനുഭവമാണ്. ഒറ്റപ്പെട്ട മനസ്സുമായി നടക്കുന്നയാൾ എല്ലാം തുറന്നുപറയാൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നു. കൂടുതലടുപ്പവും താൽപര്യവും പരിഗണനയും കാണിക്കുന്ന ബന്ധം സംഘർഷവേളകളിൽ ആശ്വാസമായി മാറുന്നു. ആത്മസുഹൃത്തായി കരുതിയിരുന്നവർ എപ്പോഴോ ഒരു നിമിഷം പരസ്പരം പ്രേമിക്കുന്നവരായിമാറുന്നു. ആരെങ്കിലുമൊരാൾ, പലപ്പോഴും ആൺകുട്ടി 'പ്രൊപ്പോസ്' ചെയ്യുന്നു. തുടക്കത്തിൽ അംഗീകരിക്കാനാവാത്ത പെൺകുട്ടി വൈകാതെ തന്റെകൂടി മോഹമാണ് അവൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുന്നു. 'ഞങ്ങളാ നിമിഷം വരെ നല്ല സുഹൃത്തുക്കളായിരുന്നു'വെന്ന് പ്രേമത്തിലകപ്പെടുന്നവർ പറയാറുണ്ട്. സൗഹൃദവും പ്രേമവും തിരിച്ചറിയാനാവാതെ കുഴമറിയുന്ന മനസ്സുമായി അസ്വസ്ഥതപ്പെടുന്നവരാണ് ചിലർ. ഇത്തരം ബന്ധങ്ങൾ മറ്റ് പല മുൻഗണനകളേയും തെറ്റിക്കുന്നു. ചിലരുടെ പഠനത്തെ ബാധിക്കുന്നു. രക്ഷിതാക്കളുമായുള്ള ബന്ധത്തിൽ അകലം കൂടുന്നു. മുതിർന്നവർക്ക് സ്വീകാര്യമാവില്ലെന്ന് ഉറപ്പുള്ള പലതും ഒളിപ്പിച്ചുവെക്കാൻ പാടുപെടുകയും പിടിക്കപ്പെടുകയും ചെയ്യുന്നു. പ്രശ്‌നങ്ങളുടെ വേലിയേറ്റകാലമാണ് പലർക്കും കൗമാരകാലം. 
പഠനകാര്യത്തിലുള്ള പ്രശ്‌നങ്ങളാണ് ചില കൗമാരക്കാരെ അലട്ടുന്നത്. പത്താംക്ലാസ് വരെ പഠിക്കുമ്പോൾ അറിയാതെപോയ ചില പ്രശ്‌നങ്ങൾ മുന്നിലെത്തുന്നു. പ്ലസ് വൺ/പ്ലസ് ടു പഠനഭാരം, എൻട്രൻസ്, പരീക്ഷ, അഭിരുചിയറിയാത്ത അവസ്ഥ, ഇഷ്ടപ്പെട്ട വിഷയങ്ങളല്ല പഠിക്കുന്നത് എന്ന വിചാരം, പഠനം സുഗമമായി നടക്കായ്ക, പരീക്ഷാ പരാജയങ്ങൾ, അദ്ധ്യാപകരുടെ കുറ്റപ്പെടുത്തലുകൾ എന്നിവയാൽ പലർക്കും രണ്ടുവർഷക്കാല പഠനം നരകതുല്യമായ അനുഭവമാണ്. ചിലർ പഠനത്തിൽനിന്ന് വിട്ടുമാറുന്നു. മറുവഴികൾ കണ്ടെത്തുന്നു. പലരുടേയും അദ്ധ്യാപക, രക്ഷാകർതൃബന്ധം തകരാറിലാവുന്നു.
മറ്റുള്ളവരോട് ഇടപഴകാൻ സാധിക്കായ്ക, ആകർഷകമായവിധം പെരുമാറാൻ പറ്റായ്ക, മനസ്സിലുള്ളത് പറയാൻ കഴിയായ്ക തുടങ്ങിയവ ചിലരെ അസ്വസ്ഥതപ്പെടുത്തുന്നു. രക്ഷിതാക്കൾ ഇക്കാര്യങ്ങൾക്ക് കൗമാരക്കാരെ സദാ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചിലർ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിലെത്തിച്ചേരുന്നു. ഈ സാഹചര്യങ്ങളൊക്കെയും കൗമാരക്കാരും രക്ഷാകർത്താക്കളും തമ്മിലുള്ള സംഘർഷമേറ്റാനാണ് വഴിവെക്കുക. കൗമാരം പിന്നിട്ട മുതിർന്നവർക്ക് കൗമാരക്കാരെ മനസ്സിലാക്കാനാവാതെ പോകുന്നു എന്ന് മാത്രമല്ല, അവരുടെ പെരുമാറ്റം പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നു. മുൻവിധികൾ വെച്ചുപുലർത്തി ഇടപെടലുകൾ നടത്തുന്ന രക്ഷിതാക്കളും തങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന് പരിതപിക്കുന്ന കൗമാരക്കാരും ഒരേ കൂരയ്ക്കുകീഴെ വ്യത്യസ്ത ലോകങ്ങളിൽ ചെന്നുചേരുന്നു.
ഗൾഫുകാരുടെ കൂടെ താമസിക്കുന്നവരോ നാട്ടിൽ മാതാവിനോടൊപ്പമോ മറ്റാരുടേയെങ്കിലും കൂടെയോ ഹോസ്റ്റലിലോ കഴിയുന്നവരോ ആയ കൗമാരക്കാരെല്ലാം പഠനത്തിൽ പിന്നാക്കക്കാരാണെന്ന് കരുതേണ്ടതില്ല. വ്യവഹാരപരമായ തകരാറുള്ളവരാണെന്നും വിചാരിക്കേണ്ടതില്ല. കാര്യമായ പ്രശ്‌നങ്ങളേതുമില്ലാതെയും മെച്ചപ്പെട്ട പഠനനിലവാരം പ്രകടിപ്പിച്ചു കഴിയുന്ന കൗമാരക്കാർ ഗൾഫിലോ നാട്ടിലോ ഉണ്ടാവും. ഇത്തരക്കാരുടെ മാതാപിതാക്കൾക്ക് കൂടെയിരുന്നോ ദൂരെയിരുന്നോ ഫലവത്തായ രക്ഷാകർതൃത്വം സാധിക്കുന്നു. 
എന്നാൽ, അത് സാധ്യമാവാതെ വരുമ്പോൾ ഗൾഫുകാരായ രക്ഷാകർത്താക്കൾ ഏറെ അസ്വസ്ഥരാവുന്നുണ്ട്. കൗമാരക്കാരുടെ പ്രശ്‌നങ്ങൾ ഗൾഫിൽ കൂടെയുള്ള രക്ഷാകർത്താക്കളെ വിഷമിപ്പിക്കുന്നതുപോലെ, വേർപിരിഞ്ഞിരിക്കുന്ന രക്ഷാകർത്താവിനേയും തളർത്തുന്നുണ്ട്. ഗൾഫിലുള്ള അച്ഛനമ്മമാർക്ക് കൂടെ താമസിച്ചിട്ടും സുഖസൗകര്യങ്ങളൊക്കെ നൽകിയിട്ടും പ്രശ്‌നങ്ങൾ ഉണ്ടാവുന്നുണ്ടല്ലോ എന്നതാവും വിഷമകാരണം. ഗൾഫ് രാജ്യങ്ങളിൽ പലേടങ്ങളിലും കൗമാരക്കാരുടെ പഠന-വ്യവഹാര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ലല്ലോ എന്ന വേവലാതിയവർക്കുണ്ട്. ഗൾഫിലെ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് കൗമാരക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനാവുന്നില്ല. ഒട്ടുമുക്കാലും സ്‌കൂളുകളിൽ ഫലപ്രദമായ കൗൺസലിങ്ങ് സംവിധാനങ്ങളുമില്ല. പലപ്പോഴും ആരോടുമറിയിക്കാതെ, പരിഹാരമേതും കാണാനാവാതെ, ചിലപ്പോൾ വീടിനകത്ത് പരസ്പരം ശത്രുക്കളെപ്പോലെ രക്ഷിതാക്കളും കൗമാരക്കാരും കഴിയുന്നു. വേർപിരിഞ്ഞിരിക്കുന്ന രക്ഷാകർത്താക്കളാവട്ടെ, ഭാര്യയെയോ അദ്ധ്യാപകരെയോ പഴിചാരി രക്ഷപ്പെടുകയോ, ഒന്നും ചെയ്യാതെ നിസ്സഹായരായി കഴിയുകയോ ചെയ്യുന്നു. നാട്ടിൽചെന്ന് പരീക്ഷാകാലത്തുപോലും ഭാര്യയ്‌ക്കൊപ്പം നിൽക്കാനാവാത്ത, മക്കളുടെയും ഭാര്യയുടെയും കാര്യമോർത്ത് സങ്കടപ്പെടുന്നവരാണിവരിൽ പലരും. നിസ്സഹായരിൽ നിസ്സഹായരാണിവർ.
എല്ലാ കൗമാരക്കാരും പ്രശ്‌നക്കാരല്ല. രക്ഷിതാക്കളുടെ സങ്കടമോ തലവേദനയോ അല്ല. ചിലർക്കിങ്ങനെയുള്ള സാഹചര്യം വന്നെത്താനുള്ള സാധ്യതയേറെയാണെന്ന് മാത്രം. മറ്റാരേക്കാളുമേറെ കൗമാരക്കാരെ ഇത്തരം പ്രശ്‌നങ്ങളിൽ ചെന്നെത്തിക്കാതിരിക്കാൻ സഹായിക്കാനാവുക രക്ഷിതാക്കൾക്കാണ്. 
ടീനേജുകാരുടെ മനസ്സ് തിരിച്ചറിയാനുള്ള മനസ്സ് അവർക്കുണ്ടാവണം. തങ്ങളുടെ മോഹങ്ങളും മുൻവിധികളുംവെച്ച് കൗമാരക്കാരെ കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാവുന്നത്. കൂടെക്കഴിയുകയാണെങ്കിലും വേർപിരിഞ്ഞിരിക്കുകയാണെങ്കിലും കൗമാര മനസ്സറിയാനുള്ള മനോഭാവം രക്ഷിതാക്കൾക്കുണ്ടാവണം. പ്രധാനമായും ഗൾഫിലെ രക്ഷിതാക്കൾ കൂടെ കഴിയുന്ന കൗമാരക്കാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. അവർക്ക് പറയാനുള്ളത് കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യാതെ ശ്രദ്ധയോടെ കേൾക്കാൻ രക്ഷിതാക്കൾ തയ്യാറാവണം. 
ശ്രദ്ധയോടെ കേൾക്കാനനുവദിക്കുന്നവരോടേ കൗമാരക്കാർ മനസ്സ് തുറക്കുകയുള്ളൂ. ആധിപത്യം കൊണ്ടോ കൽപ്പനകൊണ്ടോ കൗമാരക്കാരെ കീഴടക്കാനാവില്ല. ചെയ്യുന്നതിനെയെല്ലാം വിമർശിക്കുക, കൂട്ടുകാരെ പഴിചാരുക, അനുവദിക്കപ്പെടാവുന്ന സ്വാതന്ത്ര്യങ്ങൾ നൽകാതിരിക്കുക, ശിക്ഷകൾ നൽകുക, ഇഷ്ടാനിഷ്ടങ്ങളെ പാടെ അവഗണിക്കുക തുടങ്ങിയവ കൗമാരക്കാരിൽ ഒരു മാറ്റവുമുണ്ടാക്കാനിടയില്ല. കൗമാരക്കാരെ ഉപദേശിച്ച് ശരിയാക്കാനാവും എന്നതും ഇന്ന് വ്യാമോഹമാണ്. ഒരിക്കലും ശരിയാവില്ലെന്ന് കരുതി പാടെ കയ്യൊഴിയുന്നതും ഒരു ഫലവും ഉണ്ടാക്കുന്നില്ല. സ്‌നേഹ-സൗഹാർദങ്ങൾകൊണ്ട് കൗമാരപ്രായക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനേ രക്ഷിതാക്കൾക്ക് സംഘർഷത്തിന് പകരം സ്വസ്ഥത നേടിയെടുക്കാനാവൂ.
 

Latest News