ന്യൂദല്‍ഹി- ഉപഹാര്‍ തിയേറ്റര്‍ തീപ്പിടിത്ത ദുരന്തത്തില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. 1997 ലാണ് 59 പേര്‍ വെന്തു മരിച്ചത്. കേസില്‍ തിയേറ്റര്‍ ഉടമകളായ സുശീല്‍ അന്‍സലിനും ഗോപാല്‍ അന്‍സലിനും ഏഴ് വര്‍ഷം വീതം തടവ് ശിക്ഷയാണ് ലഭിച്ചത്. ഇരുവര്‍ക്കും രണ്ടര കോടി വീതം അഞ്ച് കോടി രൂപ പിഴയും ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പങ്കജ് ശര്‍മ വിധിച്ചു.
തെളിവ് നശിപ്പിക്കല്‍, ഗുഡാലോചന, വ്യാജരേഖ ചമയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വീധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസില്‍ ഉള്‍പ്പട്ടെ ദിനേശ് ചന്ദ്ര ശര്‍മ, പ്രേം പ്രകാശ് ഭത്ര, അനൂപ് സിംഗ് എന്നിവര്‍ക്ക് മൂന്ന് ലക്ഷം വീതം പിഴ ചുമത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പുനപരിശോധന ഹരജിയിലാണ് തീരുമാനം.
1997 ജൂണ്‍ 13നാണ് ഉപഹാര്‍ തിയേറ്ററില്‍ ബോര്‍ഡര്‍ സിനിമ പ്രദര്‍ശിപ്പിക്കവേ തീപ്പിടിത്തമുണ്ടായി 59 പേര്‍ മരിച്ചത്. പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ കേടായ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീ പടരുകയായിരുന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
ദൈര്‍ഘ്യമേറിയ വിചാരണക്കൊടുവില്‍ 2007ല്‍ അന്‍സല്‍ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ദല്‍ഹി വിചാരണ കോടതി ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെ കഠിന തടവ് വിധിച്ചു. എന്നാല്‍ അടുത്ത വര്‍ഷം ദല്‍ഹി ഹൈകോടതി ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും 2009 ജനുവരി 30ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി പ്രതികളുടെ ശിക്ഷ ശരിവച്ചു. എന്നാല്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് കേസ് മൂന്നംഗ ബഞ്ചിന് വിട്ടു. ജസ്റ്റീസ് അനില്‍ ആര്‍. ദാവെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് 2015 വിധിച്ചു. എന്നാല്‍, ഇരുവരും 60 കോടി രൂപ പിഴ അടക്കാന്‍ കോടതി നിര്‍ദേശിച്ചു. ശേഷമുള്ള റിവ്യൂ ഹരജിയില്‍ 2017ല്‍ ഗോപാല്‍ അന്‍സലിന് ഒരുവര്‍ഷം തടവുശിക്ഷ സുപ്രീം കോടതി വിധിച്ചു.