ഭഗവാന്‍ രാമന്‍ ദശരഥപുത്രനല്ല, നിഷാദ് കുടുംബക്കാരന്‍; വിവാദവുമായി ബി.ജെ.പി സഖ്യകക്ഷി

ലഖ്‌നൗ- ഭഗവാന്‍ രാമന്‍ ദശരഥന്റെ മകനല്ലെന്നും നിഷാദ് കുടുംബത്തിലാണ് രാമന്റെ ജനനമെന്നും അവകാശപ്പെട്ട് ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ നേതാവ് സഞ്ജയ് നിഷാദ്.
വാര്‍ത്താ സമ്മേളനത്തിലാണ് രാമന്‍ ജനിച്ചത് ഒരു നിഷാദ് കുടുംബത്തിലാണെന്നും വിശ്വസിക്കുന്നതു പോലെ ദശരഥന്റെ മകനല്ലെന്നും പറഞ്ഞത്.
നിഷാദ് പാര്‍ട്ടി നേതാവിന്റെ പരാമര്‍ശത്തില്‍ ഡി.എന്‍.എ വിദഗ്ധനായ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്ത് പ്രതികരിക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പ്രമുഖ നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കണം.
ഒ.ബി.സി മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെടുന്ന നിഷാദുകളുടെ പാര്‍ട്ടിയേയും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിന്റെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. സീറ്റ് പങ്കാളിത്തം വെളിപ്പെടുത്തിയിട്ടില്ല.
2017 ലെ തെരഞ്ഞെടുപ്പില്‍ നിഷാദ് ഒരു സീറ്റ് മാത്രമാണ് നേടിയതെങ്കിലും മത്സരിച്ച 72 സീറ്റുകളില്‍ 5.40 ലക്ഷം വോട്ട് നേടിയിരുന്നു.
രാമന്റെ പേരില്‍ സംസാരിക്കുന്ന നിഷാദ് പാര്‍ട്ടി നേതാവ് ബി.ജെ.പി നടത്തുന്ന ദ്രോഹങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അന്‍ശു അശ്വതി പ്രതികരിച്ചു. അലഹബാദില്‍ നിഷദുകാരുടെ ബോട്ട് ബി.ജെ.പി തകര്‍ത്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. ബി.ജെ.പി അജണ്ട പ്രചരിപ്പിക്കുന്ന സഞ്ജയ് നിഷാദ് സമുദായത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. ഭഗവാന്‍ രാമനെ കുറിച്ച് സംസാരിക്കാന്‍ സനാതന ധര്‍മത്തില്‍ മഠാധിപിതികള്‍ക്ക് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News