മാനസിക വിഭ്രാന്തിയുള്ള അമ്മായിഅമ്മയെ കൊലപ്പെടുത്തിയ അറുപതുകാരി അറസ്റ്റില്‍

കൊല്ലം- മാനസികവിഭ്രാന്തിയുള്ള എണ്‍പത്താറുകാരിയായ അമ്മായിഅമ്മയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടക്കുപുറം ചാപ്രായില്‍ വീട്ടില്‍ നളിനാക്ഷി(86)യെ ആണ് മരുകള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. പ്രതിയായ രാധാമണിയെ (60) കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടിലെ കിടപ്പു മുറിയില്‍ പുലര്‍ച്ചെ ഒരു മണിക്ക് ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച ശേഷം ഉലക്ക കൊണ്ട് തലയ്ക്കടിച്ച് മുറിപ്പെടുത്തിയശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള നളിനാക്ഷി തന്റെ സൈ്വര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാലാണ്  കൊലപ്പെടുത്തിയത്.

നളിനാക്ഷി പൊള്ളലേറ്റ് വീട്ടില്‍ കിടക്കുന്നതായി കരുനാഗപ്പള്ളി പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയാണുണ്ടായത്.

നളിനാക്ഷി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതാണെനന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ സമയത്ത് പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ അതേ അഭിപ്രായമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് വേളയില്‍ നളിനാക്ഷിയുടെ തലയിലെ മുറിവ് പോലീസിന് സംശയം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു.

പരിസരവാസികളില്‍നിന്നും മറ്റും വിവരം ശേഖരിക്കുന്നതിനായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐ ധന്യ, ഗ്രേഡ് എസ്.ഐ സിദ്ദിഖ് എന്നിവര്‍ അന്വേഷണം ആരംഭിച്ചു. നാട്ടുകാരില്‍നിന്നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട നളിനാക്ഷിയും രാധാമണിയും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പലപ്പോഴും ദേഹോപദ്രവം ഏല്‍പിക്കാറുണ്ടെന്നും വിവരം ലഭിച്ചു.  നളിനാക്ഷിയുടെ തലക്കേറ്റ മുറിവ് മണ്ണെണ്ണ ഒഴിച്ച് കത്തിയ സമയത്ത് തല ഭിത്തിയില്‍ കൊണ്ടിടിച്ചതില്‍ വച്ചാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരുന്നത്.

ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണെന്ന് മനസ്സിലാക്കിയ പോലീസ്  ഒരാഴ്ചയായി ശാസ്ത്രീയമായ രീതിയില്‍ തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയതോടെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

 

Latest News