തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ ബി.ജെ.പി ഉന്നത സമിതി ചേരുന്നു

ന്യൂദല്‍ഹി- അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച  ചെയ്യാന്‍ ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗം നാളെ ചേരും. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള തയാറെടുപ്പുകള്‍ തന്നെയാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. പശ്ചിമബംഗാളിലും ഹിമാചല്‍പ്രദേശിലും ഉപതെരഞ്ഞെപ്പുകളിലേറ്റ തിരിച്ചടികളും ദേശീയ എക്‌സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്യും.
ബി.ജെ.പിയിലെ ഉന്നതാധികാര സമിതിയാണ് ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി. കോവിഡ് പ്രതിസന്ധിക്കിടെ നേതാക്കള്‍ നേരിട്ടു കൂടിച്ചേരുന്ന ദേശീയ എക്‌സിക്യുട്ടീവ് രണ്ട് വര്‍ഷത്തിന് ശേഷമാണ്  ചേരുന്നത്. രാജ്യത്തെ സാമ്പത്തിക, ദേശീയ വിഷയങ്ങളെ സംബന്ധിക്കുന്ന പ്രമേയങ്ങള്‍ യോഗത്തില്‍ പാസാക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗത്തെ അഭിസംബോധന ചെയ്യും.

 

Latest News