ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന വണ്ടി റിവേഴ്‌സ് ഗിയറിലാണ് ഓടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാചക വാതക വില വര്‍ധനവിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം രാജ്യത്തെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ വിറകടുപ്പ് തന്നെ ഉപയോഗിക്കേണ്ട ഗതികേടിലാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
മോഡിയുടെ വികസന വണ്ടി റിവേഴ്‌സ് ഗിയറില്‍ ഓടുകയാണെന്നും ബ്രേക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ഗ്രാമീണ മേഖലകളില്‍ നടത്തിയ സര്‍വേയില്‍ 42% കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു എന്ന വാര്‍ത്തയോടൊപ്പമാണ് രാഹുല്‍, മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേയുള്ള വിമര്‍ശനം നടത്തിയത്. വിലവര്‍ധനവ് കാരണം പാചക വാതകം വാങ്ങാന്‍ കഴിയാത്ത ആളുകള്‍ വിറകുപയോഗിക്കാന്‍ തുടങ്ങിയെന്നാണ്് രാഹുല്‍ ചൂണ്ടിക്കാട്ടിയത്.