Sorry, you need to enable JavaScript to visit this website.

നെയ്മാറിന് എന്തു പറ്റി?

ഫ്രഞ്ച് ലീഗിൽ ആദ്യ നാലു സീസണിലെ 70 മത്സരങ്ങളിൽ 56 ഗോളടിച്ചിട്ടുണ്ട് പത്താം നമ്പറുകാരൻ. ഗോളും അസിസ്റ്റുമായി 86 ഗോളുകളിൽ നെയ്മാറിന്റെ നേരിട്ടുള്ള പങ്കുണ്ട്. എന്നാൽ ഈ സീസൺ പാതിവഴിയിലെത്തി നിൽക്കുമ്പോൾ നിരാശപ്പെടുത്തുന്നതാണ് കണക്ക്. 

കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോവുകയാണ് നെയ്മാർ. പി.എസ്.ജി ആരാധകരിൽ നിന്ന് കടുത്ത വിമർശനമാണ് ബ്രസീലുകാരൻ നേരിടുന്നത്. ഫ്രഞ്ച് ലീഗിൽ ആദ്യ നാലു സീസണിലെ 70 മത്സരങ്ങളിൽ 56 ഗോളടിച്ചിട്ടുണ്ട് പത്താം നമ്പറുകാരൻ. ഗോളും അസിസ്റ്റുമായി 86 ഗോളുകളിൽ നെയ്മാറിന്റെ നേരിട്ടുള്ള പങ്കുണ്ട്. എന്നാൽ ഈ സീസൺ പാതി വഴിയിലെത്തി നിൽക്കുമ്പോൾ നിരാശപ്പെടുത്തുന്നതാണ് കണക്ക്. ആറ് ലീഗ് മത്സരങ്ങളിൽ ഒരു ഗോളിലാണ് നെയ്മാർ പങ്കുവഹിക്കുന്നത്. 495 മിനിറ്റ് കളിക്കുമ്പോഴാണ് ഒരു ഗോളടിക്കാൻ സാധിക്കുന്നത്. 
വലിയ ആഘോഷത്തോടെയാണ് 2017 ൽ നെയ്മാർ പി.എസ്.ജിയിലെത്തിയത്. തുടർന്നുള്ള ഓരോ സീസണിലും പരിക്കു കാരണം പകുതിയോളം മത്സരങ്ങൾ നഷ്ടപ്പെട്ടു. പക്ഷേ ജീനിയസിന്റെ പ്രതിഭാ സ്പർശമുള്ള നിമിഷങ്ങൾ സൃഷ്ടിച്ച് അതിന് പ്രായശ്ചിത്തം ചെയ്തു. ആദ്യ സീസണിൽ 19 ഗോളടിച്ച നെയ്മാറിന് പിന്നീട് ആ ഉയരങ്ങളിലെത്താനായില്ല. ഓരോ സീസണിലും ഗോളുകൾ കുറഞ്ഞു വന്നു. 
2017-18 സീസണിൽ ഒരു കളിയിൽ നാലരയെന്ന കണക്കിൽ പോസ്റ്റിലേക്ക് ഷോട്ട് പായിച്ചിരുന്നു. അതിൽ അറുപത് ശതമാനവും ലക്ഷ്യത്തിലേക്ക് പോവുകയും ചെയ്തിരുന്നു. ഈ സീസണിൽ 1.8 ആണ് ശരാശരി. ലക്ഷ്യത്തിലേക്ക് പോയത് 27 ശതമാനവും. ഒരു കളിയിൽ 12 ഡ്രബഌംഗ് നടത്തിയ സ്ഥലത്ത് ഇപ്പോൾ 6.8 ആണ്. വിജയം 60 ശതമാനത്തിൽനിന്ന് 49 ശതമാനമായി കുറഞ്ഞു. 
പഴയ ആവേശമോ ഊർജസ്വലതയോ ഒന്നും ഇപ്പോൾ പ്രകടമല്ല. പന്ത് നിയന്ത്രണത്തിലാക്കാൻ കൂടുതൽ ടച്ചുകൾ വേണ്ടിവരുന്നു. ലിയണൽ മെസ്സി എത്തുകയും കീലിയൻ എംബാപ്പെയുടെ പ്രാധാന്യം വർധിക്കുകയും ചെയ്തതോടെ നെയ്മാർ അവശ്യ സാന്നിധ്യമല്ലാതായി. കളിക്കളത്തിലെവിടെയായാലും മറ്റു കളിക്കാർ മുമ്പ് നെയ്മാറിന് പന്തെത്തിച്ചിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ഈ സീസണിൽ ഒരിക്കൽ പോലും ടീമിന്റെ വിജയശിൽപിയാവാൻ സാധിച്ചിട്ടില്ല. ഫ്രഞ്ച് പത്രങ്ങൾ ഓരോ മത്സരങ്ങൾക്കും ശേഷം കളിക്കാർക്ക് മാർക്കിടാറുണ്ട്. ഒരു കളിയിൽ പത്തിൽ രണ്ടു മാർക്കാണ് നെയ്മാറിന് കിട്ടിയത്. ശരാശരി മാർക്ക് 4.3 ആണ്. 
നെയ്മാറിന് അനുകൂലമായ ഒരു ഘടകമുണ്ട്. പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുവെന്നതാണ് അത്. എന്നാൽ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് നേടണമെങ്കിൽ നെയ്മാർ ആക്രമണത്തിൽ പഴയ ഫോമിലേക്കുയരണം. 

Latest News