Sorry, you need to enable JavaScript to visit this website.

ശ്രീജേഷിന്റെ ഖേൽരത്‌ന

കേരളത്തിലെ സ്‌കൂളുകളിൽ ഹോക്കിക്ക് പ്രചാരം നേടിക്കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ തനിക്ക് കിട്ടിയ ഖേൽരത്‌ന കൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാവില്ലെന്ന് ശ്രീജേഷ്

അഭിമാന നിറവിലാണ് പി.ആർ ശ്രീജേഷ്. ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ പേരിലുള്ള പരമോന്നത കായിക ബഹുമതി മലയാളത്തിന്റെ ഹോക്കി ഒളിംപ്യൻ പി.ആർ. ശ്രീജേഷിനെ തേടിയെത്തിയിരിക്കുന്നു. ആദ്യമായാണ് കേരളത്തിൽ നിന്നൊരു പുരുഷ താരം ഖേൽരത്‌ന സ്വന്തമാക്കുന്നത്. നേരത്തെ അഞ്ജു ബോബി ജോർജും കെ.എം ബീനാമോളും ഈ ബഹുമതി നേടിയിരുന്നു. 
ഫുട്‌ബോൾ ഭ്രമത്തിന് പേരെടുത്ത നാടാണ് കേരളം. ട്രാക്ക് ആന്റ് ഫീൽഡാണ് കേരളത്തിന്റെ കരുത്ത്. ടി.സി യോഹന്നാനും പി.ടി ഉഷയും മുതൽ അഞ്ജു ബോബി ജോർജും പ്രീജാ ശ്രീധരനും പി.യു ചിത്രയും വരെ നീണ്ട ട്രാക്ക് ആന്റ് ഫീൽഡ് സൂപ്പർ സ്റ്റാറുകളുടെ നിരയുണ്ട് കേരളത്തിന്. ഹോക്കിയിൽ ഒരു സൂപ്പർ താരത്തെ നാടിന് ലഭിക്കുന്നത് ആദ്യമായാണ്. ടോക്കിയോയിൽ ഇന്ത്യൻ ഗോൾമുഖത്ത് ശ്രീജേഷ് കാഴ്ചവെച്ച ധീരതയാണ് 41 വർഷത്തിനു ശേഷം ഹോക്കി മെഡൽ വീണ്ടെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയത്. ജർമനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിൽ അവസാന സെക്കന്റിലടക്കം ഒമ്പത് സെയ്‌വുകളാണ് ശ്രീജേഷ് നടത്തിയത്.

മ്യൂണിക് ഒളിംപിക്‌സിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ മലയാളി മാന്വേൽ ഫ്രെഡറിക് ഗോൾമുഖത്തുണ്ടായിരുന്നു. എന്നാൽ ശ്രീജേഷിന് കിട്ടിയ അംഗീകാരം ഫ്രെഡറിക്കിന് ലഭിച്ചില്ല. 2006 മുതൽ ശ്രീജേഷ് ഇന്ത്യൻ ടീമിലുണ്ട്. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. 2016 ലെ റിയൊ ഒളിംപിക്‌സിലും 2014, 2018 ലോകകപ്പുകളിലും ഇന്ത്യയെ നയിച്ചു. 2012 ലെ ഒളിംപിക്‌സിലും ഇന്ത്യൻ വല കാത്തു. 


കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. രണ്ടു വർഷത്തിനു ശേഷം നടന്ന ജൂനിയർ ഏഷ്യാ കപ്പിൽ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീജേഷ് സീനിയർ ടീമിലെത്തുമ്പോൾ ഭരത് ഛേത്രിയും അഡ്രിയൻ ഡിസൂസയുമായിരുന്നു സീനിയർ ഗോൾകീപ്പർമാർ. അപൂർവമായേ അവസരം ലഭിച്ചിരുന്നുള്ളൂ. 2011 ൽ ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ രണ്ട് പെനാൽട്ടി സ്‌ട്രോക്കുകൾ തടഞ്ഞതോടെയാണ് ശ്രീജേഷ് ശ്രദ്ധിക്കപ്പെട്ടത്. അതോടെ ടീമിന്റെ ഒന്നാം നമ്പർ ഗോളിയെന്ന പദവി സ്വന്തമായി. 2013 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ ഗോളിയായി. 2014 ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയപ്പോഴും വലക്കു മുന്നിൽ അതികായനായി ശ്രീജേഷ് ഉണ്ടായിരുന്നു. 2012 ലെ ഒളിംപിക്‌സിലും 2014 ലെ ലോകകപ്പിലും തകർന്നടിഞ്ഞ ശേഷം ഇന്ത്യൻ ഹോക്കി തിരിച്ചുവന്നത് ശ്രീജേഷിന്റെ ക്യാപ്റ്റൻസിയിലാണ്. 2014 ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപിച്ച് ഇന്ത്യ ചാമ്പ്യന്മാരായി. 


2014 ൽ ശ്രീജേഷ് അർജുന അവാർഡ് നേടിയിരുന്നു. 2017 ൽ പത്മശ്രീ നൽകി രാജ്യം ഈ കളിക്കാരനെ ആദരിച്ചു. 
കേരളത്തിലെ സ്‌കൂളുകളിൽ ഹോക്കിക്ക് പ്രചാരം നേടിക്കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ തനിക്ക് കിട്ടിയ ഖേൽരത്‌ന കൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാവില്ലെന്ന് ശ്രീജേഷ് പറയുന്നു. ശ്രീജേഷിന് സാധിച്ചുവെങ്കിൽ തങ്ങൾക്കും സാധിക്കുമെന്ന് വിശ്വസിക്കാൻ അവർക്കു കഴിയണം -ഗോൾകീപ്പർ പറഞ്ഞു. ഈ മാസം 13 നാണ് രാഷ്ട്രപതി ഭവനിൽ വെച്ച് ശ്രീജേഷ് അവാർഡ് സ്വീകരിക്കുക. 
കേരളത്തിൽ കായിക സംസ്‌കാരത്തിന്റെ അഭാവമുണ്ടോയെന്ന് ചോദിക്കുമ്പോൾ മുപ്പത്തിമൂന്നുകാരന്റെ മറുപടി ഇങ്ങനെയാണ്. ഓരോ സ്‌പോർട്‌സ്മാന്റെയും കരിയറിൽ ഒരുപാട് വെല്ലുവിളികളുണ്ടാവും. റോൾ മോഡലുകളുടെ ആവശ്യം ഇവിടെയാണ്. ഖേൽരത്‌ന നേടിയ കായിക താരങ്ങളെല്ലാം അവരുടേതായ മേഖലകളിൽ പ്രചോദനമാണ്. ഒരാൾക്കെങ്കിലും പ്രചോദനം പകരാൻ നമുക്ക് സാധിക്കണം. അതാണ് ഈ നേട്ടത്തിന്റെ അന്തിമമായ അർഥം -ശ്രീജേഷ് പറഞ്ഞു. 

 

Latest News