ന്യൂദല്‍ഹി- ബലാത്സംഗത്തിനിരയായ 17 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്കി. പ്രായപൂര്‍ത്തിയായില്ല, ഗര്‍ഭം വഹിക്കാന്‍ ശേഷിയില്ല, കുട്ടിയുടെ ഉത്തരവാദിത്തം വഹിക്കാനാവില്ല തുടങ്ങിയ കാരണങ്ങളാണ് 17 കാരി ഹരജിയില്‍ ഉന്നയിച്ചിരുന്നത്. 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കിയ കോടതി ഡി.എന്‍.എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചുവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗര്‍ഭഛിദ്രം നടത്താമെന്ന് മെഡിക്കല്‍ ബോര്‍ഡും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് മാതാവ് എഫ്.ഐ.ആര് ഫയല്‍ ചെയ്തിരുന്നത്. മെയ് 23 ന് രാവിലെ പത്ത് മണിയോടെ ആരോടും പറയാതെ പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. മൂന്ന് ദിവസത്തിനുശേഷം വീട്ടില്‍ മടങ്ങി എത്തിയ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചതായി ആര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ലൈംഗിക അതിക്രമം നേരിട്ടതായും ഗര്‍ഭിണി ആയതായും അറിയിക്കുകയായിരുന്നു.
ഹരജിക്കാരിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്ന് ഒക്ടബോര്‍ 28ന് ദല്‍ഹി എയിംസിന് കോടതി നിര്‍ദേശം നല്കി. ഗര്‍ഭഛിദ്രത്തിന്റെ എല്ലാ കാര്യങ്ങളും പെണ്‍കുട്ടിയേയും കുടുംബത്തേയും ബോധ്യപ്പെടുത്തിയതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ തീരുമാനം.






