Sorry, you need to enable JavaScript to visit this website.

പെരുകുന്ന അക്ഷരത്തെറ്റുകൾ

സഹപാഠിയായിരുന്ന ടീച്ചർ എജ്യുക്കേഷൻ കോളേജ് അധ്യാപികയോട് ഏതാനും ദിവസങ്ങൾക്കു മുമ്പ് ലോക്ഡൗണിന് ശേഷം കോളേജ് തുറക്കുമ്പോഴുള്ള വെല്ലുവിളികളും പ്രതീക്ഷകളും ചർച്ച ചെയ്യുന്നതിനിടയിൽ കയറിവന്ന ഒരു വിഷയം ബിരുദവും ബിരുദാനന്തര ബിരുദവും നേടി അധ്യാപക പരിശീലനത്തിനെത്തുന്ന യോഗ്യരായ ചെറുപ്പക്കാരുടെ എഴുത്തിലെ അക്ഷരപ്പിശകുകളായിരുന്നു.
നിത്യേന ഉപയോഗിക്കുന്ന ലളിതമായ പദങ്ങൾ പോലും തെറ്റില്ലാതെ എഴുതാൻ കഴിയുന്നവരുടെ എണ്ണം വിസ്മയപ്പിക്കുന്ന തരത്തിൽ കുറഞ്ഞു വരുന്നു എന്നതാണ് അവരുടെ പൊതുവേയുള്ള നിരീക്ഷണം. അതിനാൽ ബി.എഡ് ക്ലാസിൽ പ്രാഥമിക വിദ്യാലയത്തിലെ രീതിയായ കേട്ടെഴുത്ത് പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ഗൗരവമായി തന്നെ ആലോചിക്കുന്നുവെന്ന് അവർ പറഞ്ഞത് വെറുമൊരു തമാശയായി തള്ളിക്കളയാനാവില്ല.


പുത്തൻ സാങ്കേതിക വിദ്യകൾ കൈയെഴുത്തിന്റെ പ്രാധാന്യത്തെ അവഗണിക്കാൻ പലരെയും പരോക്ഷമായി പ്രേരിപ്പിക്കുന്നുണ്ടാവണം. പുതിയ പാഠ്യപദ്ധതികളും ഭാഷാബോധന സിന്താദ്ധങ്ങളും സമ്പ്രദായങ്ങളും കൈയക്ഷരങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് വാദിക്കുന്നവരുമില്ലാതില്ല. അതിനാൽ തന്നെ അക്ഷരത്തെറ്റുകളുടെ പൂരമാണ് ഉന്നത ബിരുദങ്ങൾ നേടിയവരുടെ അസൈൻമെന്റ് വർക്ക്ഷീറ്റുകളിലും
ഉത്തരക്കടലാസുകളിലും നിറയെ. സ്‌കൂൾ അധ്യാപകരുടേയും രക്ഷിതാക്കളുടേയും അധികാരികളുടേയും കണ്ണ് തുറപ്പിക്കേണ്ട ഒരു യാഥാർത്ഥ്യം തന്നെയാണിത്. വായിക്കാൻ പാകത്തിൽ കൈയക്ഷരങ്ങൾ ചെറിയ ക്ലാസുകളിൽ തന്നെ വ്യക്തമായി എഴുതി ശീലിക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ ഉത്തരാധുനിക വിദ്യാഭ്യാസ വിചക്ഷണർക്ക് പോലും എതിരഭിപ്രായമുണ്ടാവാനിടയില്ല.
അക്ഷരത്തെറ്റില്ലാതെ എഴുതാനും പരമാവധി അക്ഷര ശുദ്ധിയോടെ വായിക്കാനും കുട്ടികളെ സഹായിക്കേണ്ടത് പ്രത്യേകിച്ച് പ്രാഥമിക വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും അത്യന്തം അനിവാര്യമായ ബാധ്യതയാണ്.


ഭിന്നശേഷിക്കാരായ ചില കുട്ടികൾക്ക് ചില അക്ഷരങ്ങൾ എഴുത്തിനും വായനയ്ക്കും വഴങ്ങണമെന്നില്ല. അത്തരം കുട്ടികളെ നേരത്തേ തന്നെ തിരിച്ചറിഞ്ഞ് അവർക്ക് സവിശേഷമായ പഠന സഹായങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അത്തരക്കാരുടെ വേറിട്ട പഠന മികവിനെ കണ്ടെത്തുകയോ വേണ്ട പിന്തുണ നൽകുകയോ ചെയ്യാതെ അവരെ മണ്ടൻമാരും മണ്ടികളുമായി ചിത്രീകരിച്ചും പരിഹസിച്ചും വൈകല്യമുള്ളവരായി മുദ്ര കുത്തുകയോ അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപിക്കുകയോ ചെയ്യരുത്. പുതിയ കാലത്ത് സവിശേഷമായ പരിശീലന പദ്ധതികൾ വിദ്യാലയങ്ങളിൽ അവർക്കായി നടപ്പാക്കുന്ന കാര്യം അധിക രക്ഷിതാക്കളും അറിയുന്നത് കുട്ടികൾ ഉയർന്ന ക്ലാസിലെത്തുമ്പോഴാണ്. പല അധ്യാപകരും രക്ഷിതാക്കളും കുട്ടിയിലെ ഭിന്നശേഷിയെ കണ്ടെത്താനും ആവശ്യമായ മാനസിക പിന്തുണ നൽകാനും
ഏറെ വൈകിപ്പോവാറുണ്ട്. 

 

സോഷ്യൽ മീഡിയയുടെ കാലത്ത് ടൈപ്പിംഗ് ആപ്പുകളുടെ മലവെള്ളപ്പാച്ചിലിൽ അക്ഷരങ്ങൾക്കല്ല ആശയ വിനിമയത്തിനാണ് പ്രധാന്യം എന്ന് കരുതുന്നവർ ഉണ്ടായിരിക്കാം. എന്നാൽ മികച്ച വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് അക്ഷരത്തെറ്റില്ലാതെ ഭംഗിയായി എഴുതാൻ കഴിയുക എന്നുള്ളത് കൂടിയാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചെഴുതുമ്പോൾ സംഭവിച്ചേക്കാവുന്ന സ്വാഭാവികമായുള്ള പരിചയക്കുറവ് കൊണ്ടോ അശ്രദ്ധ കൊണ്ടോ സംഭവിക്കുന്ന പിശകുകളെ കുറിച്ചല്ല ഈ കുറിപ്പെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


 

Latest News