ഹരിഹരന്റെ സർഗസഞ്ചാരം

കെ.എസ്. ഹരിഹരൻ

കലക്ക് സമൂഹത്തിൽ ചില മാനവിക ധർമങ്ങളുണ്ടെന്ന് കരുതുന്ന, അധ്യാപന മേഖലയിലും ചലച്ചിത്ര സാംസ്‌കാരിക രംഗത്തും ജീവസ്സുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന ബഹുമുഖ വ്യക്തിത്വത്തിനു ഉടമയാണ് മലപ്പുറം കടുങ്ങപുരം കുട്ടശ്ശേരി കളത്തിൽ വേലായുധൻ നായരുടെയും ശാന്തകുമാരിയുടെയും മകൻ കെ.എസ്. ഹരിഹരൻ. കേവലമൊരു സാംസ്‌കാരിക പ്രവർത്തകനോ അധ്യാപകനോ ഗ്രന്ഥകാരനോ അല്ല, കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സമന്വയത്തിന്റെ കസവു മുദ്ര ചാർത്തി ബഹുസ്വര തന്ത്രികൾ തൊട്ടുണർത്തുന്ന ഒരു സർഗാത്മക സഞ്ചാരമാണ് അദ്ദേഹത്തിന്റേത്. സാധാരണക്കാരിൽ സാധാരണക്കാരനായ ഈ നാട്ടുമനുഷ്യൻ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ സംഘാടകനും പ്രചാരകനുമാണ്.
കവി, നോവലിസ്റ്റ്, കഥാകാരൻ എന്നീ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.എസ്.ഹരിഹരൻ സംവിധാനം ചെയ്ത 'കാളച്ചേകോൻ' മണ്ണിന്റെയും മനുഷ്യന്റെയും കഥ പറയുന്നതോടൊപ്പം മലബാറിന്റെ സമുദായിക ഊഷ്മളത കൂടി തനിമയോടെ ഈ സിനിമയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.


നമ്മുടെ നാട് എങ്ങനെയാവണമെന്നുള്ള വ്യക്തമായ സൂചനകൾ, കാളച്ചേകോൻ എന്ന സിനിമയിലുണ്ട്.
വർത്തമാന കാലം ആസുരമായി കറുത്തിരുണ്ടു പോകുമ്പോഴും സൗമനസ്യത്തിന്റെയും മാതാതീത മാനവികതയുടെയും ചില ചവിട്ടടിപ്പാതകൾ നമുക്ക് ചുറ്റും മായാതെ കിടക്കുന്നുണ്ട്. ആ ശാന്തി തീരങ്ങളിലേക്ക് വഴി നടത്തുകയാണ് ഹരിഹരൻ എന്ന സംവിധായകൻ. 
ഒരു സാഹിത്യകാരൻ കൂടിയായ ഹരിഹരൻ സിനിമയ്ക്കുള്ള കഥ, തിരക്കഥ, ഗാനങ്ങൾ എന്നിവ സ്വതന്ത്രമായി തന്നെ നിർവഹിച്ചിരിക്കുന്നു. ജാതിമത വർഗഭേദങ്ങൾ, മറ്റു വിഭാഗീയ വകതിരിവുകൾ, വിദ്വേഷങ്ങൾ ആധുനിക മനഃസാക്ഷിയിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുമ്പോൾ ഈ സിനിമ നവ്യമായൊരു സന്ദേശ ചിത്രമായി മാറുന്നുണ്ട്.


ശ്രീനാരായണ ഗുരുദേവന്റ മാനവ മൂല്യങ്ങളും ഗാന്ധിജിയുടെ നന്മയുള്ള ഗ്രാമീണതയും മാർക്‌സിയൻ പുരോഗമനാശയങ്ങളും സർവോപരി മണ്ണും മനുഷ്യനും ജന്തുജാലവും ഏകതയിൽ വർത്തിക്കുന്ന ഒരു നവലോക സങ്കൽപവും ഹരിഹരൻ സിനിമയിൽ ആവിഷ്‌കരിക്കുന്നു. തന്റെ സിനിമ മലബാറിൽ നടന്ന ഒരു സംഭവമാണ്. അത് കാണാതെ പോയത് ഒരു തലമുറയുടെ ശാപമായി മാറി. ജന്മിയും കുടിയാനും ഏകോദരങ്ങളായി മനുഷ്യനും കാളകളും കൂടപ്പിറപ്പുകളായി, ജീവിച്ചിരുന്ന ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു. ആ ഒരു മഹാജീവിത സംസ്‌കാരത്തെ സമൂഹത്തിൽ വ്യാപകമാക്കാൻ ദേവദത്തനും മൗലവിയും തോളോടുതോൾ ചേർന്ന് പരിശ്രമിച്ചിരുന്നു. മറ്റു ഗ്രാമങ്ങളിൽ പടർന്നുപിടിച്ച, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അയിത്തങ്ങളും, ജൻമി കുടിയാൻ വർഗ സംസ്‌കാരത്തിനെതിരെയായിരുന്നു ഈ കൂട്ടായ്മ എന്നോർക്കണം. ഇതിൽ അവതരിപ്പിക്കുന്ന അരമനപ്പോക്കർ, മരയ്ക്കാരെപ്പോലെ, ജീവിച്ചിരുന്നതായുള്ള ചരിത്ര രേഖകളുണ്ട്. ലോഗന്റെ ഹോർത്തൂസ് മലബാറിക്കൂസ് അതിനു തെളിവാണ്. അതു മാത്രമല്ല അരമന പോക്കരുടെ ഒരനന്തരാവകാശി ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ടുതാനും. കെ.എസ്. ഹരിഹരൻ റിസർച്ച് ചെയ്ത് എഴുതിയ ഒരു നോവൽ കൂടിയാണ് കാളച്ചേകോൻ. ഏറനാടും വള്ളുവനാടും ഒരുക്കുന്ന കാളോൽസവങ്ങൾ നിരവധി സാഹസിക രംഗങ്ങളെല്ലാം സിനിമയിലെ നിറക്കൂട്ടാണ്. തമിഴർക്ക് ജെല്ലിക്കെട്ട് പോലെയാണ് മലയാളികൾക്ക് കാളപൂട്ടും. അതുകൊണ്ടു തന്നെ ഈ ചിത്രം ദേശീയ, അന്തർദേശീയ പ്രാധാന്യം കൈവരിക്കും.
ഏറനാട്ടിലെ നിഷ്‌കളങ്ക ഗ്രാമീണർ പകർന്നേകിയ സ്നേഹവും നിസ്വാർത്ഥ സേവനവുമാണ് ഹരിഹരന്റെ ജീവിതാനുഭവവും അനുഭൂതിയും. അച്ഛന്റെ സ്‌നേഹവും ഗുരുനാഥൻമാരുടെ പ്രോത്സാഹനവുമാണ് എഴുത്തിന്റെ വഴിയിൽ താങ്ങായി നിന്നത്.  


കുട്ടിക്കാലത്തു തന്നെ, വായനയിലും എഴുത്തിലും തൽപരനായിരുന്ന ഹരിഹരന് ഒരു ഇടത്തരം കർഷകനായിരുന്ന അച്ഛൻ, പുറത്തു പോയി വരുമ്പോഴൊക്കെ പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുമായിരുന്നു. എട്ടാം കഌസിൽ പഠിക്കുമ്പോഴാണ്, തകഴിയുടെ ചെമ്മീൻ എന്ന നോവൽ അച്ഛൻ കൊണ്ടുവന്നു കൊടുത്തത്. ഒരൊറ്റയിരിപ്പിന് വായിച്ച തീർത്ത ചെമ്മീൻ നോവലിന്റെ അവസാന ഭാഗത്ത്, കറുത്തമ്മയുടെ അനിയത്തി പഞ്ചമിയോടൊപ്പം നിൽക്കുന്ന മകന്റെ അനാഥത്വം, ഹരിഹരനിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. പിൽക്കാലത്ത് ചെമ്മീൻ എന്ന നോവലിന്റെ രണ്ടാം ഭാഗമായി ഉത്തര ചെമ്മീൻ എഴുതാനിടയായതും, അതേ പേരിൽ ഉത്തര ചെമ്മീൻ സിനിമയാക്കിയതും ഹരിഹരന്റെ ആർജിതമായൊരു പരിശ്രമത്തിന്റെ പൂർത്തീകരണമായി. 
പട്ടാമ്പി സംസ്‌കൃത കോളേജിൽ നിന്ന് ബി.എയും എം.എയും പൂർത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിൽ മലപ്പുറത്തുനിന്ന് ബി.എഡും നേടി പെരിന്തൽമണ്ണയിൽ അധ്യാപകനായി ചേർന്നു. ചരിത്രത്തിൽ എം.എയും എം.ഫിലും എൽ.എൽ.ബിയും നേടിയിട്ടുണ്ട്. അധ്യാപനത്തോടൊപ്പം നടത്തിയ സാഹിത്യ, സാംസ്‌കാരിക പ്രവർത്തനങ്ങളും ജീവചരിത്ര രചനകളും  ആശയ പ്രകാശനത്തിന്റെയും ആത്മ പ്രഖ്യാപനത്തിന്റെയും പുതിയ ഭൂമിക സൃഷ്ടിക്കുന്നതായി. ഗാനരചനയും വിദ്യാരംഗവും യുവജനോൽസവ വേദികളിലേയ്ക്കുള്ള ലളിതഗാനങ്ങളും കവിതകളും മാപ്പിളപ്പാട്ടും  നാടകങ്ങളുംസ്‌കിറ്റുകളും സർഗാവിഷ്‌കാരത്തിന്റെ വേറിട്ടൊരു കരുത്താണ് പകർന്നത്.


പാറക്കോട്ടിൽ ഉണ്ണിയേട്ടന്റെ ആത്മകഥാപരമായ ജീവചരിത്ര രചന 'ഒരു ജനകീയന്റെ ചവിട്ടിപ്പാത' പുതുതലമുറക്ക് പ്രചോദനമാണ്.
മഹാകവി ഒളപ്പമണ്ണയുടെ അവതാരികയോടു കൂടി 'പീലിയെവിടെ' എന്ന പ്രഥമ കവിതാസമാഹരം പുറത്തിറക്കി. പാപ്പിയോൺ പ്രസിദ്ധീകരിച്ച ഓണത്തുമ്പി എന്ന കവിതാ സമാഹാരത്തിനു പുറമെ, മഹാഭാരത കഥയിലെ ഗാന്ധാരി മാതാവിന്റെ കാഴ്ചയിലൂടെ 'യഥോ ധർമ്മോ സ്തതോ ജയ', തിരുവിതാംകൂർ ചരിത്ര സത്യമാക്കിയെഴുതിയ 'പപ്പു തമ്പി' ചന്തുമേനോന്റെ ഇന്ദുലേഖയിലെ ചിന്നന്റെയും പാഥേർ പാഞ്ചാലിയിലെ അപ്പുവിന്റെയും വിപ്ലവ കഥ പറയുന്ന ശ്രീലക്ഷ്മി ( സിനിമയാവുന്നതിന്റെ പേര്' റെവല്യൂഷൻ കെ.ബി 1900) തുടങ്ങി ഒട്ടേറെ എഴുത്തും ആവിഷ്‌കാരവും വർത്തമാനത്തിന്റെ  പുതിയ രൂപഭാവങ്ങളാണ്. ധർമസാർത്ഥകം എന്ന ടെലിഫിലിം സംവിധാനം ചെയ്തു.
ബ്രഹ്മാസ്ത്രം, ദൈവത്തിന്റെ കൈയൊപ്പ്, ഉത്തര ചെമ്മീൻ എന്നീ സിനിമകളിൽ പാട്ടെഴുതി. ജീവിതം ഒരു യാത്ര എന്ന ടെലിഫിലിമിന് തിരക്കഥയൊരുക്കി.
പത്താമത് അടൂർ ഭാസി അവാർഡ് ലഭിച്ചത് ഇതിനാണ്. സംസ്ഥാന അയ്യപ്പ സമാജത്തിന്റെ ശ്രീശബരീശ പുരസ്‌കാരം, സക്‌സസ് കേരളയുടെ സാഹിത്യ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ. ശിഹാബ് തങ്ങൾ പ്രഥമ പുരസ്‌കാരവും ഹരിഹരനെ തേടിയെത്തി. അധ്യാപക അവാർഡ് കിട്ടിയതിന്റെ തുക നിർധന വിദ്യാർത്ഥികളുടെ പഠനച്ചെലവുകൾക്കു വിനിയോഗിച്ചു.  


 

Latest News