ബർധമാൻ - നീണ്ട 34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച് പിന്നീട് അധികാരം നഷ്ടമായ സിപിഎമ്മിന് ദാരിദ്ര്യം മൂലം സ്വന്തം പാർട്ടി ഓഫീസ് സ്വകാര്യ സ്ഥാപനത്തിന് വാടകയ്ക്കു നൽകേണ്ടി വന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന പുർബ ബർധമാൻ ജില്ലയിലെ ലോഡ്ജ്പാറയിലെ സിപിഎം കമ്മിറ്റിയുടെ ആസ്ഥാനമായ രാബിൻ സെൻ ഭവൻ എന്ന മൂന്നു നില കെട്ടിടമാണ് പ്രതിമാസം 15,000 രൂപയ്ക്ക് സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിനു നൽകിയത്. രണ്ട് മീറ്റിങ് ഹാളുകൾ, മൂന്ന് മുറികൾ, ശുചിമുറികൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടെ 1999ൽ ഉൽഘാടനം ചെയ്ത പാർട്ടി ഓഫീസായിരുന്നു ഇത്.
'മാസം 15,000 രൂപ പാർട്ടിക്കു ലഭിക്കുമെന്നതിനാലാണ് കെട്ടിടം വാടകക്കു നൽകാൻ തീരുമാനിച്ചത്,-പാർട്ടി പ്രാദേശിക ഘടകം സെക്രട്ടറി നാരായൺ ചന്ദ്ര ഘോഷ് പി.ടി.ഐയോട് പറഞ്ഞു. 18 വർഷം മുമ്പ് ഈ കെട്ടിടം പണിയാൻ ഫണ്ട് സ്വരൂപിച്ച പാർട്ടിയുടെ 422 കമ്മിറ്റി അംഗങ്ങളും ഓഫീസ് വാടകയ്ക്ക് നൽകാനുള്ള തീരുമാനത്തെ ഐക്യകണ്‌ഠ്യേന പിന്തുണച്ചുവെന്നും ഘോഷ് പറയുന്നു. ഓഫീസ് നടത്തിപ്പിന് വലിയ പ്രയാസം നേരിടുന്നുണ്ട്. വൈദ്യുതി ബിൽ, പരിപാലന ചെലവ്, പാർട്ടി മുഴു സമയ പ്രവർത്തകർക്കുള്ള ശമ്പളം എല്ലാം കൂടി വഹിക്കാനുള്ള ശേഷി കമ്മിറ്റിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാടക ഇനത്തിൽ ലഭിക്കുന്ന പണം പാർട്ടി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ലോക്കൽ കമ്മിറ്റി ഓഫീസ് ഗുസ്‌കാരയിലെ ഏരിയാ കമ്മിറ്റി ഓഫീസിലായിരിക്കും ഇനി പ്രവർത്തിക്കുകയെന്നും സെക്രട്ടറി അറിയിച്ചു. സ്വപൻ പാൽ എന്ന വ്യക്തിയുമായുള്ള പാട്ടക്കരാർ ഒപ്പിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടം പാട്ടത്തിനെടുത്ത സ്വപൻ പാൽ ഇവിടെ ഒരു കോച്ചിംഗ് കേന്ദ്രം തുറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനു മുന്നോടിയായി ഓഫീസിനകത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടേയെല്ലാം ചിത്രങ്ങൾ നീക്കം ചെയ്തു. കെട്ടിടം മോടി കൂട്ടുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പാർട്ടി ഓഫീസ് വാടകയ്ക്ക് നൽകേണ്ടി വന്നത് സിപിഎമ്മിന്റെ ഗതികേടാണെന്ന പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾ രംഗത്തു വന്നു. പാർട്ടി ഓഫീസിൽ ഇരിക്കാൻ പോലും സിപിഎമ്മിനെ ആളെ കിട്ടാതായിരിക്കുകയാണെന്നും അവർ കളിയാക്കി. സിപിഎം ശക്തി കേന്ദ്രമായിരുന്ന പുർബ ബർധമാൻ ജില്ലയിലെ തൃണമൂലിന് 15 എംഎൽഎമാരുള്ളപ്പോൾ സിപിഎമ്മിന് ഒരു എംഎൽഎ മാത്രമെ ഉള്ളൂ.