ആലപ്പുഴ- ആലപ്പുഴയില്‍ അയല്‍വാസിയുടെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരതരമായ പരിക്ക്. പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അയല്‍വാസി ശാര്‍ങ്ങധരനെതിരെയാണ് പരാതി.
ശാര്‍ങ്ങധരന്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെ ശാരങ്ങധരന്‍ സ്ഥലത്തെത്തി കൊച്ചുമക്കളെ പൊതിരെ തല്ലുകയായിരുന്നു. കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്തുമാറ്റിയതിനെ ചോദ്യം ചെയ്തതിനാണ് അരുണിനെ തല്ലിയതെന്ന് പറയുന്നു.
മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും അരുണിന്റെ അച്ഛന്‍ പറഞ്ഞു.
കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






